'നിങ്ങൾക്ക് സ്വന്തം ശൈലി ഉണ്ടാക്കികൂടെ'; സോനം കപൂർ അന്ന് ദീപികയോട് പറഞ്ഞത്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ ചാറ്റ് ഷോ ആണ് കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ. ബോളിവുഡിലെ ഒരുപാട് വിവാദങ്ങൾക്ക് തിരികൊളുത്തിയ ഷോ കൂടിയാണ് അത്. ഷോയുടെ അവതാരകനായ കരൺ ജോഹറിന്റെ അഭിപ്രായ പ്രകടനങ്ങൾ മുതൽ ഷോയിലെത്തിയ താരങ്ങളുടെ ചില അഭിപ്രായ പ്രകടനങ്ങൾ വരെ പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അത്തരത്തിൽ ഒന്നായിരുന്നു കോഫീ വിത്ത് കരൺ സീസൺ നാലിൽ ദീപിക പദുക്കോണിനെതിരെ സോനം കപൂർ നടത്തിയ ഒരു പരാമർശം. ഇന്ന് നല്ല സുഹൃത്തുക്കളായി കാണുന്ന ദീപികയും സോനവും പണ്ട് അത്രയും നല്ല സൗഹൃദത്തിൽ ആയിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് സംഭവം. കോഫി വിത്ത് കരണിൽ സോനം കപൂർ വീണ്ടും എത്തുമ്പോൾ ആ പഴയ സംഭവമാണ് ആരാധകർ വീണ്ടും ഓർത്തെടുക്കുന്നത്.

അന്ന് ബോളിവുഡിലെ ഫാഷൻ ഐക്കൺ എന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു സോനം കപൂർ. പുത്തൻ ഫാഷനുകൾ അവതരിപ്പിച്ചു സോനം ആരാധകരെ വിസ്മയിപ്പിക്കുന്ന സമയം. അന്ന് കോഫി വിത്ത് കാരണിൽ എത്തിയ സോനത്തോട് ദീപികയ്ക്ക് എന്ത് ഫാഷൻ ഉപദേശമാണ് നൽകാൻ ഉള്ളത് എന്നായിരുന്നു കരണിന്റെ ചോദ്യം.
അതിന് സോനം നൽകിയ മറുപടി ദീപിക ആരാധകരെ ആകെ ചൊടിപ്പിക്കുന്നതായിരുന്നു. "നിങ്ങൾ നിങ്ങളുടെ സ്വന്തം ശൈലി ഉണ്ടാക്കുക." എന്നതാകും ദീപികയ്ക്ക് നൽകാനുള്ള ഉപദേശം എന്നാണ് സോനം പറഞ്ഞത്.

"കത്രീന (കൈഫ്) അവൾ തന്നെയാണ്. അവൾ ഒന്നിലേക്കും മാറാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അതിനെ ബഹുമാനിക്കുന്നു. കത്രീന ജീൻസും ടീ ഷർട്ടും ധരിച്ചാലും പോണിടെയിലായി മുടി കെട്ടിയാലും. ഈ നൂറ്റാണ്ടിന്റെ ഫാഷൻ ഐക്കണാകാൻ അവൾ ശ്രമിക്കുന്നില്ല. 'ഓരോ മൂന്ന് മാസം കൂടുമ്പോഴും വോഗിന്റെ കവറിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന മട്ടിലുള്ള ഒരാളേക്കാൾ എനിക്ക് അങ്ങനെ ഒരാളെയാണ് താൽപര്യം." സോനം പറഞ്ഞു.
ദീപികയ്ക്ക് ഉള്ളതും സോനത്തിന് ഇല്ലാത്തതുമായ ഒരു കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ. സോനം നൽകിയ മറുപടി, "അമിത ഉത്സാഹമുള്ള പിആർ ടീം" എന്നായിരുന്നു. "നല്ല പെൺകുട്ടി ചീത്തയായി" എന്നും ദീപികയെ കുറിച്ച് പറഞ്ഞിരുന്നു.

എന്നാൽ വർഷങ്ങൾക്കിപ്പുറം ഒരു പരിപാടിയിൽ സോനത്തിന്റെ അഭിപ്രായത്തോടുള്ള ദീപികയുടെ പ്രതികരണം ചോദിച്ചപ്പോൾ, സോനത്തിന് അവളുടെ അഭിപ്രായം പറയാൻ അർഹതയുണ്ടെന്നും ഞാൻ അത് മാനിക്കുന്നുവെന്നുമായിരുന്നു ദീപികയുടെ മറുപടി. ദീപികയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം പത്മാവത്തിന്റെ റിലീസിന് ശേഷമായിരുന്നു അത്.
എന്നാൽ പിന്നീട് അനിൽ കപൂറിന്റെ ജുഹുവിലെ വസതിയിൽ നടന്ന ഒരു ദീപാവലി ചടങ്ങിൽ ദീപികയ്‌ക്കൊപ്പം സോനം നിൽക്കുന്ന ചിത്രങ്ങളൊക്കെ പുറത്തുവന്നിരുന്നു. ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സ്വര ഭാസ്‌കർ തുടങ്ങിയവർ ആ ചടങ്ങിലുണ്ടായിരുന്നു.

അതേസമയം, ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള നായികയാണ് ദീപിക ഇന്ന്. ഷാരുഖ് ഖാൻ നായകനാകുന്ന ജവാനും പത്താനും ഉൾപ്പടെ മൂന്നോളം ചിത്രങ്ങളാണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സോനാമാകട്ടെ സോയ ഫാക്ടറിന് ശേഷം, ഒരു ഇടവേളയും കഴിഞ്ഞ് ബ്ലൈൻഡ് എന്ന ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപിസോസിൽ സോനം കപൂറും അർജുൻ കപൂറുമാണ് അതിഥികൾ.


Click it and Unblock the Notifications