ഞാനന്ന് ഓട്ടോയിലിരുന്ന് കുറേ കരഞ്ഞു! അവര്‍ എന്നെ 50 മോഡലുകളുടെ മുന്നില്‍ വച്ച് ചീത്ത പറഞ്ഞു: കൃതി
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്ന താരമാണ് കൃതി സനോണ്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതി ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ്. ഈയ്യടുത്ത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയെടുത്ത കൃതി സനോണ്‍ അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ്. സ്വന്തമായൊരു കോസ്‌മെറ്റിക് ബ്രാന്റും കൃതിയ്ക്കുണ്ട്.
മോഡലിംഗിലൂടെയാണ് കൃതി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കൃതി സനോണ്‍. കേളി ടേല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് കൃതി ആ ഓര്‍മ്മ പങ്കുവച്ചത്. തന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വളരെ മോശമായിരുന്നുവെന്നും താന്‍ കരഞ്ഞു പോയെന്നുമാണ് കൃതി പറയുന്നത്.

''ഞാന്‍ അന്ന് അറിയപ്പെടുന്ന മോഡലായിരുന്നില്ല. ഞാന്‍ മോഡലിംഗ് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. വളരെ മാന്യമായ പെരുമാറുന്ന വളരെ വലിയൊരു ഫോട്ടോഗ്രഫറാണ് അന്ന് ചിത്രങ്ങളെടുത്തത്. പക്ഷെ എനിക്ക് അറിയാമായിരുന്നു ഞാനൊട്ടും നന്നായിട്ടല്ല ചെയ്യുന്നതെന്ന്. അത് അദ്ദേഹത്തിന് എന്റെ മുഖത്ത് കാണാമായിരുന്നു. ഇത് നിന്റെ ആദ്യത്തെ ഷൂട്ട് ആണോ എന്നദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. പോര്‍ട്ട്‌ഫോളിയോ ചെയ്തിട്ടുണ്ടോന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പേടിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ എനിക്ക് ഒട്ടും നന്നായി തോന്നിയില്ല. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ഞാന്‍ ഓട്ടോയിലിരുന്ന് കരഞ്ഞു. വീട്ടില്‍ ചെന്നപ്പോള്‍ നന്നായില്ലെന്ന് പറഞ്ഞ് കരഞ്ഞു'' കൃതി പറയുന്നു.
തന്റെ ആദ്യത്തെ റാംപ് വാക്കിനെക്കുറിച്ചും അഭിമുഖത്തില്‍ കൃതി സംസാരിക്കുന്നണ്ട്. അമ്പത് മോഡലുകള്‍ നോക്കി നില്‍ക്കെ കൊറിയോഗ്രാഫര്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നും താന്‍ കരഞ്ഞു പോയെന്നുമാണ് കൃതി പറയുന്നത്.
''എന്റെ ആദ്യത്തെ റാംപ് വാക്ക്. ആ കൊറിയോഗ്രാഫറുടെ കൂടെ മുമ്പ് ജോലി ചെയ്തിരുന്നില്ല. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. കാരണം ഞാന്‍ കൊറിയോഗ്രഫി തെറ്റിച്ചതാണ്. അതൊരു ഫാം ഹൗസിലായിരുന്നു. എന്റെ ഹീല്‍സ് പുല്ലില്‍ കുടുങ്ങിപ്പോയി. ആദ്യമായാണ് അങ്ങനൊന്ന്. അവര്‍ അമ്പതോളം മോഡലുകളുടെ മുന്നില്‍ വച്ച് എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ കുറേ പിടിച്ചു നിന്നെങ്കിലും കരഞ്ഞു പോയി. എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ ഞാന്‍ കരയും'' എന്നാണ് കൃതി പറയുന്നത്.

അതേസമയം ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ് കൃതി സനോണ്‍. മിമി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കൃതിയെ തേടി ദേശീയ പുരസ്‌കാരമെത്തുന്നത്. തെലുങ്കിലൂടെയാണ് കൃതി അഭിനയ ജീവിതം തുടങ്ങുന്നത്. ദില്‍വാലെ, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, കലങ്ക്, ഹൗസ്ഫുള്‍ 4, പതി പത്നി ഓര്‍ വോ, മിമി, ഭേഡിയ, ഷെഹ്സാദ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് കൃതി.
ആദിപുരുഷ് ആണ് കൃതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് കൃതിയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











