ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി; ആടുജീവിതവും ഉള്ളൊഴുക്കും പിന്നിലായി
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപതാ ലേഡീസ്. മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ലാപതാ ലേഡീസ് ഈ നേട്ടം സ്വന്തമാക്കിയത്. കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമയുടെ നിര്‍മ്മാണം ആമിര്‍ ഖാനും കിരണ്‍ റാവുവും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ്. പോയ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായ ആനിമല്‍ അടക്കമുള്ള സിനിമകളേയും പിന്നിലാക്കിയാണ് ലാപതാ ലേഡീസിന്റെ ഓസ്‌കാര്‍ എന്‍ട്രി.
29 സിനിമകളായിരുന്നു ഓസ്‌കാര്‍ എന്‍ട്രിയ്ക്കായി പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം, ആട്ടം എന്നിവയും കാനില്‍ നേട്ടം കൊയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും ഉണ്ടായിരുന്നു. തമിഴില്‍ നിന്നും തങ്കലാന്‍, വാഴൈ, മഹാരാജ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തുടങ്ങിയ സിനിമകളും പരിഗണിക്കപ്പെട്ടിരുന്നു. ഹിന്ദിയില്‍ നിന്നും പരിഗണിക്കപ്പെട്ടവയില്‍ ആനിമലിന് പുറമെ മൈദാന്‍, ഗുഡ് ലക്ക്, ശ്രീകാന്ത്, സാം ബഹദൂര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

കിരണ്‍ റാവുവിന്റെ രണ്ടാമത്ത മാത്രം സംവിധാനമാണ് ലാപതാ ലേഡീസ് എന്നതും ശ്രദ്ധേയമാണ്. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്‍ത, സ്പര്‍ഷ് ശ്രീവാത്സവ, ഛായ കദം, രവി കിഷന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. 2023 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലായിരുന്നു ലാപതാ ലേഡീസിന്റെ ആദ്യ പ്രദര്‍ശനം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ചിത്രം ബോക്‌സ് ഓഫീസിലെത്തിയത്.
മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസില്‍ ലഭിച്ചത്. പിന്നീട് നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടിയിലെത്തിയതോടെ ചിത്രം വലിയ വിജയമായി മാറുകയായിരുന്നു. രാജ്യത്തുടനീളം തരംഗം സൃഷ്ടിക്കാന്‍ ലാപതാ ലേഡീസിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥയും താരങ്ങളുടെ പ്രകടനവും മേക്കിംഗുമെല്ലാം കയ്യടി നേടിയിരുന്നു.

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വച്ച് ാണാതാകുന്ന' രണ്ട് നവവധുമാരുടെ കഥയാണ് സിനിമ പറയുന്നത്. പുതുമുഖങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. എന്നാല്‍ മൂവരുടേയും പ്രകടനങ്ങള്‍ പ്രശംസ നേടുന്നതായിരുന്നു. മുതിര്‍ന്ന താരങ്ങളായ രവി കിഷനും ഛായ കദമും കയ്യടി നേടിയ സാന്നിധ്യമായി ചിത്രത്തിലുണ്ടായിരുന്നു. മുന്നോട്ട് വച്ച സ്ത്രീപക്ഷ രാഷ്ട്രീയത്തിലൂടെയാണ് ലാപതാ ലേഡീസ് ചര്‍ച്ചയായി മാറിയത്.
ഈ നേട്ടത്തിലൂടെ കിരണ്‍ റാവു തന്റെ ഏറ്റവും വലിയ സ്വ്പനത്തിലേക്ക് അടുക്കുകയും ചെയ്തു. തന്റെ സിനിമയുമായി ഓസ്‌കാറിലെത്തുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് കഴിഞ്ഞ ദിവസമാണ് കിരണ്‍ റാവു പറയുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ദോബി ഘാട്ട് ആണ് കിരണ്‍ റാവു ആദ്യമായി സംവിധാനം ചെയ്ത സിനിമ. നിരൂപക പ്രശം നേടിയ ചിത്രമായിരുന്നു ദോബി ഘാട്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കിരണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാപതാ ലേഡീസ്.


Click it and Unblock the Notifications











