രോഗിയായ അച്ഛനെ വിമാനത്തില്‍ കയറ്റിയില്ല; പ്രിയങ്കയുടെ കരച്ചില്‍ കണ്ട് സഹായിച്ച ഹൃത്വിക് റോഷന്‍
ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നു വന്ന പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്. തന്റെ കുടുംബവുമായി വളരെയധികം അടുപ്പമുണ്ട് പ്രിയങ്കയ്ക്ക്. അമ്മ മധു ചോപ്രയാണ് കരിയറിന്റെ തുടക്കം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം എല്ലാ തീരുമാനങ്ങളിലും കൂടെ നിന്നത്.
ഇപ്പോഴിതാ പ്രിയങ്കയുടെ അച്ഛന് ക്യാന്‍സര്‍ വന്ന സമയത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മധു ചോപ്ര. ക്യാന്‍സര്‍ മൂര്‍ചിച്ചതോടെ പ്രിയങ്കയുടെ അച്ഛന്‍ അശോക് ചോപ്രയെ ബോസ്റ്റണിലേക്ക് കൊണ്ടു പോകേണ്ടി വന്നിരുന്നു. അന്ന് എല്ലാ സഹായവും ചെയ്തത് ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനുമാണെന്നാണ് മധു ചോപ്ര പറയുന്നത്. തന്റെ ജീവിതത്തില്‍ ദുര്‍ബലയായിപ്പോയ നിമിഷമാണ് അതെന്നാണ് മധു ചോപ്ര പറയുന്നത്.

''അദ്ദേഹത്തിന് തീരെ വയ്യാതായി. അദ്ദേഹത്തിന് രക്ഷപ്പെടാന്‍ അഞ്ച് ശതമാനം മാത്രം സാധ്യതയാണ് ഉള്ളതെങ്കില്‍ പോലും അദ്ദേഹത്തെ ബോസ്റ്റണിലേക്ക് കൊണ്ടു വരാന്‍ എന്റെ സഹോദരന്‍ പറഞ്ഞു. അത് മറ്റൊരു ടാസ്‌കായിരുന്നു. അദ്ദേഹത്തെ വിമാനത്തില്‍ വേണം കൊണ്ടു പോകാന്‍. എന്നാല്‍ ഇത്ര ഗുരുതരമായ അവസ്ഥയിലുള്ള രോഗിയെ കൊണ്ടു പോകാന്‍ വിമാനക്കമ്പനികള്‍ തയ്യാറായില്ല. അതും മതിയായ രേഖകളുണ്ടായിട്ടും'' എന്നാണ് മധു ചോപ്ര പറയുന്നത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് ആരോടും പറയരുതെന്ന് അശോക് പറഞ്ഞിരുന്നു.
''അദ്ദേഹം ആരോടും പറയരുതെന്ന് പറഞ്ഞു. അതായിരുന്നു ഏറ്റവും പ്രയാസകരമായ കാലം. പര്‍വ്വതം പോലെ നിന്നിരുന്ന ആ മനുഷ്യന്‍ പതിയെ ദുര്‍ബലനാകുന്നത് കാണേണ്ടി വന്നു. തന്റെ വേദനയും ആശങ്കയും പങ്കുവെക്കാകാതെ ഉള്ളില്‍ ഒതുക്കുകയായിരുന്നു. ഞാന്‍ ആശങ്കപ്പെടരുത് എന്ന് കരുതിയാണ് എന്നോട് ഒന്നും പങ്കുവെക്കാതിരുന്നത്. എനിക്ക് അതിനെതിരെ പൊരുതണമെന്നോ മനസിലാക്കണമെന്നോ ദേഷ്യപ്പെടണമോ എന്നൊന്നും അറിയില്ലായിരുന്നു. അതായിരുന്നു ഏറ്റവും വലിയ പ്രയാസം'' മധു പറയുന്നു.

ഈ സമയത്ത് പ്രിയങ്ക ചോപ്ര ക്രിഷില്‍ അഭിനയിക്കുകയായിരുന്നു. ഹൃത്വിക് റോഷനായിരുന്നു ചിത്രത്തിലെ നായകന്‍. അച്ഛന്റെ അവസ്ഥ അറിഞ്ഞ ഹൃത്വിക് റോഷനും രാകേഷ് റോഷനും സഹായവുമായി എത്തുകയായിരുന്നു. ''ആ സമയത്ത് പ്രിയങ്ക ഹൃത്വിക്കിനും രാകേഷിനുമൊപ്പം ക്രിഷ് ചെയ്യുകയായിരുന്നു. അവരോട് അവള്‍ സങ്കടം പറഞ്ഞു. എന്തിനാണ് നീ കരയുന്നതെന്ന് അവര്‍ ചോദിച്ചു. പിന്നാലെ ആ അച്ഛനും മകനും സാധ്യമായതെല്ലാം ചെയ്തു. അവര്‍ ഞങ്ങളെ സഹായിച്ചു. അവര്‍ക്ക് ആളുകളെ അറിയാമായിരുന്നു'' അങ്ങനെയാണ് പ്രിയങ്കയുടെ അച്ഛനെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയതെന്നാണ് മധു ചോപ്ര പറയുന്നത്.


Click it and Unblock the Notifications