പുരുഷന്മാര്‍ക്ക് ആസ്വദിക്കാനുള്ള കാഴ്ചവസ്തു; ഐറ്റം സോംഗുകള്‍ നല്‍കുന്നത് സ്വാതന്ത്ര്യമെന്ന് മലൈക
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലൈകയെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് ഡാന്‍സ് നമ്പറുകളുടെ പേരിലാണ്. ചയ്യ ചയ്യ, മുന്നി ബദ്‌നാം തുടങ്ങി മലൈകയുടെ ചുവടുകള്‍ തീപിടിപ്പച്ച ഡാന്‍സ് നമ്പറുകള്‍ ഒരുപാടാണ്. 48-ാം വയസിലും മലൈകയുടെ ഫിറ്റ്‌നസ് കൈമോശം വന്നിട്ടില്ല. താരത്തിന്റെ ഡാന്‍സും ഫിറ്റ്‌നസുമൊക്കെ ഇന്നും ആരാധകരുടെ കയ്യടി നേടുകയാണ്. അറിയപ്പെടുന്ന ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവുമാണ് ഇന്ന് മലൈക.
ഷാരൂഖ് ഖാനൊപ്പം ചുവടുവച്ച് ചയ്യ ചയ്യ ആണ് മലൈകയെ താരമാക്കി മാറ്റുന്നത്. പാട്ടും പാട്ടിലെ മലൈകയുടെ ചുവടുകളും ഐക്കോണിക് ആയി മാറുകയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ദില്‍ സെ എന്ന ചിത്രത്തിലായിരുന്നു ഈ ഗാനം. ഗുല്‍സരാര്‍ ആയിരുന്നു പാട്ടിന് വരികള്‍ എഴുതിയത്. ഇതോടെ ബോളിവുഡിലെ ആസ്ഥാന ഡാന്‍സര്‍ ആയി മാറിയ മലൈക പിന്നീട് നിരവധി ഡാന്‍സ് നമ്പറുകള്‍ ചെയ്തു. സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിലെ മുന്നി ബദ്‌നാമും വലിയ ഹിറ്റായി മാറിയ പാട്ടാണ്.

അതേസമയം ഐറ്റം സോംഗ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇത്തരം ഡാന്‍സ് നമ്പറുകള്‍ക്കെതിരെ എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നതാണ് ഇത്തരം പാട്ടുകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെയല്ലെന്നും സ്വാതന്ത്ര്യമാണ് ഡാന്‍സ് നമ്പറുകള്‍ എന്നുമാണ് മലൈക പറയുന്നത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മലൈക. ഇന്ന് വലിയ തോതില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഡാന്‍സ് നമ്പറുകള്‍ എന്നാണ് മലൈക പറയുന്നത്.
''നമ്മളുടെ സിനിമകള്‍ ഇങ്ങനെയാണ്. ആ വസ്തുത മറച്ചു വെക്കരുത്. ആ വസ്തുതയില്‍ നിന്നും ഓടിയൊളിക്കരുത്. നമ്മുടെ സിനിമകള്‍ ജീവിതത്തിന്റെ ആഘോഷമാണ്. ജീവിതത്തേക്കാളും വലുതാണ് അവ. ഇന്നത്തെ കാലത്തും സമയത്തും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാഴ്ചവസ്തുവാക്കപ്പെടുന്നുവെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ ഞാനത് ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് സ്വാതന്ത്ര്യ ബോധ്യമാണ്. ശരിക്കും സ്വാതന്ത്ര്യമായിരുന്നു'' എന്നായിരുന്നു മലൈക പറഞ്ഞത്. ''സ്‌ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് എനിക്ക് സ്വാതന്ത്ര്യമായിരുന്നു. ദൈവമോ എല്ലാവരും എന്നെയൊരു കാഴ്ചവസ്തുവാക്കുന്നുവെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് നിയന്ത്രണം എന്റെ പക്കലായിരുന്നു. നിയന്ത്രണം കയ്യിലുണ്ടായിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്റെ വിധിയുടെ മാസ്റ്റര്‍ ഞാന്‍ തന്നെയാണ്'' എന്നും മലൈക പറഞ്ഞു.
Recommended Video
ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സറിലെ വിധി കര്‍ത്താവായാണ് മലൈകയെ അവസാനം കണ്ടത്. നടന്‍ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ഇരുവരും തമ്മില്‍ പിരിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അത്തരം റിപ്പോര്‍ട്ടുകള്‍ വിരാമമിടുകയായിരുന്നു അര്‍ജുന്‍ ചെയ്തത്. മലൈകയേക്കാള്‍ പ്രായം കുറവാണ് അര്‍ജുന്. ഇതിന്റെ പേരില്‍ പലപ്പോഴും ഇരുവരും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അത്തരക്കാരെ മറികടന്ന് മുന്നോട്ട് പോവുകയാണ് അര്‍ജുനും മലൈകയും.


Click it and Unblock the Notifications