ഷാഹിദ് കപൂറിനെക്കാൾ 15 കോടി കൂടുതൽ, വിജയ് സേതുപതിയുടെ പ്രതിഫലം കേട്ട് ഞെട്ടി ബോളിവുഡ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഓരോ തവണ താരം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത താരം നായകനായി മാത്രമല്ല നെഗറ്റീവ് വേഷങ്ങളും ഇരുകൈകളും നീട്ടി സ്വീകരിക്കും. നായകനെ പോലെ വില്ലൻ വേഷങ്ങളിലും തിളങ്ങാൻ വിജയ് സേതുപതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയ് ചിത്രമായ മാസ്റ്ററിലെ ഭവാനി എന്ന വില്ലനെ പ്രേക്ഷകർ നായകനെ പേലെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് പ്രവേശത്തിന് തയ്യാറെടുക്കുകയാണ് വിജയ് സേതുപതി.

എന്നാൽ ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് വിജയ് സേതുപതിയുടെ പ്രതിഫലത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ്. ആമസോൺ പ്രൈം ഒരുക്കുന്ന പുതിയ വെബ് സീരീസിലേയ്ക്ക് നടൻ 55 കോടി രൂപയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബോളിവുഡ് ഹങ്കാമയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പുറത്തു വന്ന വാർത്ത സത്യമാണെങ്കിൽ ബോളിവുഡ് താരം ഷാഹിദ് കപൂറിനെക്കാളും 15 കോടി രൂപയാണ് താരം അധികമായി വാങ്ങിയിരിക്കുന്നത്.
ആദ്യ സീസണിൽ 40 കോടി രൂപയാണ് ഷാഹിദ് കപൂറിന്റെ പ്രതിഫലം. ഷോയുടെ അടുത്ത സീസണുകൾ വന്നാൽ പ്രതിഫലത്തിൽ വർധനവ് ഉണ്ടാകുമെന്ന് ആമസോൺ പ്രൈമും നടനും തമ്മിലുള്ള കരാറിൽ പരാമാർശിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള ഉപാധികളൊന്നും വിജയ് സേതുപതിയുമായുള്ള കരാറിൽ ഇല്ലയെന്നാണ് പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്.
വെബ് സീരീസിൽ തുല്യ പ്രധാനമുള്ള വേഷങ്ങളിലാണ് വിജയ് സേതുപതിയും ഷാഹിദ് കപൂറും എത്തുന്നത്. എങ്കിലും തെന്നിന്ത്യൻ സിനിമയിലെ വിജയ് സേതുപതിയുടെ താരപദവിയുടെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ രൂപയ്ക്ക് നടൻ കരാറിൽ ഒപ്പ് വെച്ചതെന്നാണ് പുറത്തു വന്ന വാർത്ത.


Click it and Unblock the Notifications











