ഞങ്ങളുടെ കുടുംബങ്ങള്‍ മിണ്ടാറില്ല, പ്രിയങ്കയും പരിനീതിയും എന്നെ സഹായിച്ചിട്ടില്ല: വെളിപ്പെടുത്തി മീര ചോപ്ര
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ആ പാതയിലൂടെ സഹോദരി പരിനീതി ചോപ്രയും ബോളിവുഡിലെത്തി. പ്രിയങ്കയുടേയും പരിനീതിയുടേയും രണ്ട് സഹോദരിമാര്‍ കൂടി ഇന്ന് അഭിനയ രംഗത്ത് സജീവമായുണ്ട്. മന്നാറ ചോപ്രയും മീര ചോപ്രയും. മറ്റ് സഹോദരിമാര്‍ ബോളിവുഡില്‍ നിറഞ്ഞപ്പോള്‍ മീര ചോപ്ര സ്ഥാനം കണ്ടെത്തിയത് തെലുങ്കിലാണ്. തെലുങ്കില്‍ ഹിറ്റുകളിലെ നായികയാണെങ്കിലും മീരയെ തേടി ബോളിവുഡില്‍ നിന്നും വലിയ സിനിമകളൊന്നും ഇതുവരേയും എത്തിയിട്ടില്ല.
ഇപ്പോഴിതാ തന്റെ കസിന്‍ സഹോദരിമാരായ പ്രിയങ്ക ചോപ്രയെക്കുറിച്ചും പരിനീതി ചോപ്രയെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മീര ചോപ്ര. രണ്ടു പേരുമായി തനിക്ക് അധികം അടുപ്പമില്ലെന്നാണ് മീര ചോപ്ര പറയുന്നത്.

'' തുടക്കം മുതല്‍ക്കേ സുഹൃത്തുക്കളെ പോലെ തോന്നിപ്പിക്കാന്‍ മാത്രമൊരു ബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞാല്‍ കള്ളമാകും. മൂന്നോ നാലോ പെണ്‍കുട്ടികള്‍ ഇന്‍ഡസ്ട്രികളിലേക്ക് വരുമ്പോള്‍ പരസ്പരം സഹായിക്കും. പക്ഷെ അത് എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. ഞാന്‍ സഹായം ചോദിക്കുന്ന ആളുമല്ല. അവര്‍ എനിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുമില്ല'' എന്നാണ് മീര ചോപ്ര പറയുന്നത്. അതേസമയം പ്രിയങ്ക ചോപ്രയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും പ്രിയങ്കയുടെ വിവാഹത്തിന് താന്‍ പങ്കെടുത്തിരുന്നുവെന്നും മീര പറയുന്നു. പരിനീതിയുടെ വിവാഹത്തിന് മീര പങ്കെടുത്തിരുന്നില്ല.
''കുടുംബങ്ങള്‍ സംസാരിക്കാറില്ല. ആ അതിര് ഞാന്‍ മറി കടക്കുന്നില്ല. അതവരെ വേദനിപ്പിക്കും. പരിനീതിയോട് ഒരിക്കലും കുടുംബം എന്നൊരു തോന്നലുണ്ടായിട്ടില്ല. പക്ഷെ പ്രിയങ്കയുടെ കുടുംബവുമായി ഇന്നും നല്ല ബന്ധമാണ്. പ്രിയങ്ക എന്നും നല്ല അടുപ്പം കാണിച്ചിരുന്നു. എന്നാല്‍ സഹോദരി എന്നൊരു തോന്നല്‍ ഉണ്ടായിട്ടില്ല. പക്ഷെ ഞാന്‍ മാറി നിന്നതല്ല. ഞാന്‍ എന്നും സ്‌നേഹത്തിന്റെ ചില്ല നീട്ടിയിട്ടുണ്ട്. പക്ഷെ അവരും പ്രതികരിക്കണ്ടേ?'' എന്നാണ് മീര ചോപ്ര ചോദിക്കുന്നത്.
സിനിമയിലേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് ധാരാളം വെല്ലുവിളികള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മീര ചോപ്ര പറയുന്നത്. ജോലിയ്ക്ക് വേണ്ടി മറ്റുള്ളവരുടെ പിന്നാലെ ഓടി താന്‍ മടുത്തുവെന്നും മീര പറയുന്നു. തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സിനിമകള്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഒമ്പത് വര്‍ഷത്തിനിടെ തന്നെ തേടി ആകെ വന്നത് നാല് ഹിന്ദി സിനിമകള്‍ മാത്രമാണെന്നും മീര ചോപ്ര പറയുന്നു.

സഫേദ് ആണ് മീരയുടെ പുതിയ സിനിമ. തന്റെ അഭിനയശേഷി കാണിക്കുന്ന അവസരമായിട്ടാണ് സഫേദിനെ കാണുന്നതെന്നാണ് മീര ചോപ്ര പറയുന്നത്. അതേസമയം തങ്ങളുടെ കഴിവിനേക്കാള്‍ ഉപരിയായ ബന്ധങ്ങളുടെ പേരില്‍ ചിലര്‍ അവസരം ലഭിക്കുന്നതില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും മീര പറയുന്നുണ്ട്. കഴിവിനാണ് അവസരം നല്‍കേണ്ടത്. അതിന് പ്രേക്ഷകര്‍ കഴിവിനെ അംഗീകരിക്കാന്‍ തുടങ്ങണമെന്നും മീര ചോപ്ര അഭിപ്രായപ്പെട്ടു.
പ്രിയങ്കയുടേയും പരിനീതിയുടേയും മീരയുടേയും മറ്റൊരു കസിന്‍ ആയ മന്നാറ ചോപ്ര ഇപ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ്. തനിക്ക് പ്രിയങ്കയുമായും പരിനീതിയുമായി വലിയ അടുപ്പമില്ലെന്നാണ് മന്നാറയും നേരത്തെ പറഞ്ഞത്. അതേസമയം വളരെ അടുത്ത ബന്ധമാണ് പ്രിയങ്കയും പരിനീതിയും തമ്മിലുള്ളത്. പ്രിയങ്കയുടെ വിവാഹത്തിനെല്ലാം പരിനീതി സജീവ സാന്നിധ്യമായിരുന്നു. പക്ഷെ പരിനീതിയുടെ വിവാവഹത്തിന് തിരക്കുകള്‍ മൂലം പ്രിയങ്കയ്ക്ക് എത്താനായിരുന്നില്ല. പ്രിയങ്കയുടെ അമ്മ മധു ചോപ്ര പരിനീതിയുടെ വിവാഹത്തിന് എത്തിയിരുന്നു.


Click it and Unblock the Notifications