എങ്ങനെ രക്ഷപ്പെടാം എന്ന് മാത്രമാണ് ചിന്തിച്ചത്; ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് പങ്കുവച്ച് മോണ സിംഗ്
ബോളിവുഡിലും സീരിയല്‍ ലോകത്തുമെല്ലാം സാന്നിധ്യമറിയിച്ച നടിയാണ് മോണ സിംഗ്. ടെലിവിഷനിലൂടെയാണ് മോണ താരമായി മാറുന്നത്. 2000 ല്‍ സംപ്രേക്ഷണം ആരംഭിച്ച ജസ്സി ജൈസാ കോയ് നഹീ എന്ന പരമ്പരയിലൂടെയാണ് മോണ കരിയര്‍ ആരംഭിക്കുന്നത്. പരമ്പര വന്‍ വിജയമായിവുകയും മോണ താരമായി മാറുകയും ചെയ്തു. പിന്നീട് മോണയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പരമ്പരകളും റിയാലിറ്റി ഷോ അവതാരകയുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു മോണ.
സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മോണ സിംഗ്. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലാണ് ഒടുവിലായി മോണയെ ബിഗ് സ്‌ക്രീനില്‍ കണ്ടത്. പിന്നീട് കഫാസ് എന്ന വെബ് സീരീസിലും മോണയെത്തി. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള മോണയുടെ തുറന്നു പറച്ചില്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോണ മനസ് തുറന്നത്.

തന്റെ കരിയറിന്റെ തുടക്കകാലത്താണ് മോണയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ''ഉണ്ടായിട്ടുണ്ട്. പക്ഷെ വളരെ മുമ്പാണ്. ജസ്സി കിട്ടും മുമ്പ്. ഞാന്‍ ഓഡിഷനുകള്‍ക്ക് വേണ്ടി പൂനെയില്‍ നിന്നും മുംബൈയിലേക്ക് വന്നു കൊണ്ടിരുന്ന കാലത്ത്. എന്നെ അസ്വസ്ഥരാക്കിയ, ഭയപ്പെടുത്തിയ ഒന്ന് രണ്ട് പേരെ കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്'' എന്നാണ് തന്റെ അനുഭവത്തെക്കുറിച്ച് മോണ സിംഗ് പറയുന്നത്.
അതേസമയം സ്ത്രീയെന്ന നിലയിലുള്ള തോന്നലുകളാണ് തന്നെ രക്ഷിച്ചതെന്നും താരം പറയുന്നുണ്ട്. ''സ്ത്രീകള്‍ എത്ര പാവവും, വള്‍നറബിളും, ഏത് പ്രായത്തിലും ആയിക്കോട്ടെ അവരുടെ തോന്നലുകള്‍ ഒരിക്കലും തെറ്റില്ല. ആ ഉള്‍വിളി തെറ്റില്ല. അതിനാല്‍ എനിക്കറിയാമായിരുന്നു ഞാന്‍ വളരെ അലോസരപ്പെടുത്തുന്ന സാഹചര്യത്തിലാണെന്ന്. എങ്ങനെ ഇവിടെ നിന്നും പുറത്ത് കടക്കാം എന്നെ രക്ഷപ്പെടുത്താം എന്ന് ചിന്തിച്ചു. എന്റെ മനസിലൂടെ കടന്നു പോയ ഒരേയൊരു കാര്യം അത് മാത്രമാണ്'' എന്നാണ് മോണ സിംഗ് പറയുന്നത്.
അതേസമയം കാസ്റ്റിംഗ് കൗച്ച് നടക്കുന്ന അഭിനയ രംഗത്ത് മാത്രമല്ലെന്നും മോണ പറയുന്നു. മറ്റ് മേഖലകളിലും നടക്കാറുണ്ടെന്നാണ് മോണ പറയുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആരേയും നിരുത്സാഹപ്പെടുത്താന്‍ പാടില്ലെന്നും താരം അഭിപ്രായപ്പെടുന്നു. തന്റെ അനുഭവങ്ങള്‍ ഈ രംഗത്തേക്ക് വരുന്നതില്‍ നിന്നും തന്നെ തടഞ്ഞിട്ടില്ല. ഇപ്പോഴും തന്റെ സ്വപ്‌നവുമായി മുന്നോട്ട് പോവുകയാണ്. അതേമസയം കാസ്റ്റിംഗ് കൗച്ച് ഇപ്പോഴും നിലനില്‍ക്കുന്നതായും മോണ സിംഗ് പറയുന്നു.

''ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും പിന്നോട്ടടുപ്പിക്കരുത്. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതില്‍ നിന്നും എന്നെ തടഞ്ഞില്ല. ഞാന്‍ എന്റെ സ്വപ്‌നം പിന്തുടര്‍ന്നു. ഇപ്പോഴും ഇതൊക്കെ നിലനില്‍ക്കുന്നതാണ്. ഈ മേഖലയില്‍ മാത്രല്ല, എല്ലായിടത്തുമുണ്ട്. അതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്'' എന്നാണ് മോണ സിംഗ് അഭിപ്രായപ്പെടുന്നത്.
2019 ലാണ് മോണ സിംഗ് വിവാഹിതയാകുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ ശ്യാം രാജഗോപാലന്‍ ആണ് മോണയുടെ ഭര്‍ത്താവ്. 2019 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടേയും വിവാഹം. തന്റെ 39-ാം വയസിലാണ് മോണ വിവാഹിതയാകുന്നത്.


Click it and Unblock the Notifications











