നയന്‍താരയെക്കാളും പ്രതിഫലം വാങ്ങാന്‍ മൃണാല്‍ ഠാക്കൂര്‍; ഉടനെ മലയാളത്തിലും അരങ്ങേറ്റം!
സീതാരാമത്തിന്റെ വിജയത്തിലൂടെ അവര്‍ തെന്നിന്ത്യയിലെ ഏറ്റവും വിലയുള്ള നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. താരത്തിന്റെ സമ്മതം കാത്ത് ഏഴ് സിനിമകളാണ് അണിയറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
സീതാ രാമത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡില്‍ നിന്നും തെലുങ്കിലെത്തിയ താരത്തെ തേടി നിരവധി സിനിമകളാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുമെത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാനിയുടെ പുതിയ ചിത്രത്തില്‍ മൃണാലായിരിക്കും നായിക. പേരിടാത്ത, തല്‍ക്കാലം നാനി 30 എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല.
ടെലിവിഷനിലൂടെയാണ് മൃണാല്‍ താരമാകുന്നത്. നിരവധി പരമ്പരകള്‍ ചെയ്ത് കയ്യടി നേടിയ ശേഷമാണ് മൃണാല്‍ ഠാക്കൂര്‍ സിനിമയിലെത്തുന്നത്. ലവ് സോണിയ എന്ന ഓഫ് ബീറ്റ് ചിത്രത്തിലൂടെയായിരുന്നു മൃണാലിന്റെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനം കയ്യടി നേടി. പിന്നാലെ ഹിറ്റ് ചിത്രങ്ങളിലെ നായികയായി ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു. എന്നാല്‍ തെലുങ്ക് ചിത്രം സീതാരാമം പുറത്തിറങ്ങിയതോടെ മൃണാലിന്റെ കരിയര്‍ ആകെ മാറി മറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു സീതാരാമത്തിലെ നായകന്‍. തെലുങ്ക് ചിത്രമായ സീതാരാമം മൊഴി മാറ്റി മറ്റ് ഭാഷകളിലുമെത്തിയിരുന്നു. ചിത്രം പാന്‍ ഇന്ത്യന്‍ വിജയമായി മാറിയതോടെ മൃണാലിന്റെ കരിയറും കുതിച്ചുയരുകയായിരുന്നു. രാജ്യം മുഴുവന്‍ ആരാധകരുള്ള നടിയായി മാറാന്‍ ചിത്രത്തിലൂടെ മൃണാലിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് മൃണാല്‍.
സീതാരാമത്തിന്റെ വിജയത്തിലൂടെ അവര്‍ തെന്നിന്ത്യയിലെ ഏറ്റവും വിലയുള്ള നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. താരത്തിന്റെ സമ്മതം കാത്ത് ഏഴ് സിനിമകളാണ് അണിയറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ എതായിരിക്കും മൃണാല്‍ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. തന്റെ പുതിയ ഹിന്ദി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃണാല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ സ്വീകരിക്കുക എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഹിന്ദിയ്ക്കും തെലുങ്കിലും പുറമെ തമിഴിലും മലയാളത്തിലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് മൃണാല്‍. ഈ വര്‍ഷം തന്നെ മൃണാലിന്റെ തമിഴ്, മലയാളം അരങ്ങേറ്റം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ബോളിവുഡും പിന്നാലെ തെലുങ്കിലും സാന്നിധ്യം അറിയിച്ച മൃണാല്‍ നല്ലൊരു അഭിനേത്രിയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ വിജയം തമിഴിലും മലയാളത്തിലും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മൃണാല്‍ നിലവിലെ നായികമാരില്‍ പാന്‍ ഇന്ത്യന്‍ റീച്ചുള്ള താരമായി മാറും.
നാനിയുടെ ചിത്രത്തിനായി മൃണാല്‍ വാങ്ങുന്നത് വമ്പിച്ച പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയേക്കാള്‍ പ്രതിഫലമാണ് ഈ ചിത്രത്തില്‍ മൃണാലിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം താരത്തിന് ലഭിക്കുന്നത് ആറ് കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ലഭ്യമാകുന്നതായിരിക്കും.

അതേസമയം മൃണാലിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് സെല്‍ഫിയിലാണ്. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു സെല്‍ഫി. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മൃണാലെത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്.
ഗുംരാഹ് ആണ് മൃണാലിന്റെ പുതിയ സിനിമ. ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍. ഇരുവരും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഏപ്രില്‍ 7 നാണ് സിനിമയുടെ റിലീസ്. പിന്നാലെ പൂജ മേരി ജാന്‍, പിപ്പ, ആംഹ് മിച്ചോളി എന്നീ ചിത്രങ്ങളും ഹിന്ദിയില്‍ മൃണാലിന്റേതായി അണിയറയിലുണ്ട്. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. സീതാരാമത്തിലൂടെ കേരളത്തിലും ആരാധകരെ നേടിയെടുത്ത താരം മലയാളത്തിലെത്തുന്നതും ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.


Click it and Unblock the Notifications