അവന്‍ ജനിച്ചത് കണ്ണിന് പ്രശ്‌നവുമായി, കാണുമ്പോള്‍ എനിക്ക് അറപ്പാണ് തോന്നിയിരുന്നത്; മരിച്ച മകനെപ്പറ്റി നാന
ബോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായാണ് നാന പടേക്കറിനെ കണക്കാക്കുന്നത്. സമാന്തര സിനിമയിലും ബോളിവുഡിലും ഒരുപോലെ വിജയം കണ്ടെത്താന്‍ സാധിച്ച നടനാണ് നാന. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരില്‍ എല്ലാ കാലത്തും ഓര്‍ത്തിരിക്കുന്ന നടനാണ് നാന പടേക്കര്‍. എന്നാല്‍ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലെ വിവാദങ്ങള്‍ മൂലവും നാന വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
നീല്‍കാന്തിയുമായുള്ള നാനയുടെ വിവാഹവും മനീഷ കൊയിരാളയുമായുള്ള പ്രണയവുമെല്ലാം വലിയ വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ ലല്ലന്‍ ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും സംസാരിക്കുകയാണ് നാന പടേക്കര്‍. തന്റെ മൂത്ത മകനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ജനിച്ചപ്പോള്‍ തന്നെ മകന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് നാന പറയുന്നത്.

തന്റെ മകന് ജന്മനാ കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. അച്ഛന്‍ എന്ന നിലയില്‍ തനിക്ക് നാണക്കേടാണ് തോന്നിയതെന്നാണ് നാന പറയുന്നത്. എന്തായിരിക്കും ആളുകള്‍ ചിന്തിക്കുക എന്നായിരുന്നു തന്നെ അലട്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ''എന്റെ മൂത്ത മകന് ജനിച്ചപ്പോള്‍ തന്നെ സുഖമില്ലായിരുന്നു. അവന് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒരു കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. അവനെ കാണുമ്പോള്‍ എനിക്ക് വെറുപ്പ് തോന്നുമായിരുന്നു. നാനയ്ക്ക് എന്ത് മോനാണെന്നാകും ആളുകള്‍ ചിന്തിക്കുക എന്നായിരുന്നു ഞാന്‍ കരുതിയത്'' നാന പറയുന്നു.
താന്‍ സ്വാര്‍ത്ഥനായിരുന്നു. മകന്റെ വേദനയെക്കുറിച്ച് താനൊരിക്കലും ചിന്തിച്ചില്ല എന്നും താരം പറയുന്നു. ദുര്‍വാസ എന്നായിരുന്നു നാനയുടെ മകന്റെ പേര്. എന്നാല്‍ രണ്ടര വയസില്‍ നാനയുടെ മകന്‍ മരണപ്പെടുകയായിരുന്നു. മകന്‍ മരിച്ച ശേഷം തനിക്ക് കുറ്റബോധം തോന്നിയെന്നാണ് താരം പറയുന്നത്. ജീവിതത്തില്‍ പലതും തന്റെ നിയന്ത്രണത്തിലല്ലെന്ന് മനസിലാക്കിയെന്നും താരം പറയുന്നു.

''അവന് എന്തായിരിക്കും തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. ആളുകള്‍ എന്റെ മകനെക്കുറിച്ച് എന്താകും ചിന്തിക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ദുര്‍വാസ എന്നായിരുന്നു അവന്റെ പേര്. രണ്ടര വര്‍ഷമാണ് അവന്‍ ഞങ്ങളുടെ കൂടെ ചെലവിട്ടത്. എന്ത് ചെയ്യാനാകും, ചിലതൊക്കെ ജീവിതത്തില്‍ സംഭവിക്കും'' എന്നാണ് നാന പറയുന്നത്. തനിക്കെതിരായ നടി തനുശ്രീ ദത്തയുടെ മീടു ആരോപണത്തെക്കുറിച്ചും നാന സംസാരിക്കുന്നുണ്ട്. ആരോപണം നുണയായിരുന്നുവെന്നാണ് നാന പറഞ്ഞത്.
ഇതിന് മറുപടിയുമായി തനുശ്രീയും രംഗത്തെത്തിയിട്ടുണ്ട്. നാനയെ നുണയന്‍ എന്നാണ് തനുശ്രീ വിശേഷിപ്പിച്ചത്. നാനയുടെ മകന്റെ മരണത്തിലും തനുശ്രീ സംശയം ആരോപിക്കുന്നുണ്ട്. ''നാനയും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് എനിക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയും എന്റെ വ്യക്തി ജീവിതവും കരിയറും നശിപ്പിച്ചു. ഇപ്പോള്‍ തന്റെ നുണകള്‍ പൊളിയുമോ എന്ന ഭയമാണ്. മാധ്യമങ്ങളിലെ നരേറ്റീവ് മാറ്റിയെഴുതാനുള്ള ശ്രമമാണ്. എനിക്കും അയാളോട് ചോദിക്കാനുണ്ട്. എങ്ങനെയാണ് നിങ്ങളുടെ മൂത്ത മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്? മരിച്ചവര്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത് നന്നായി. പക്ഷെ ആത്മാവിനെ കേള്‍ക്കാന്‍ സാധിക്കുന്ന ഞങ്ങള്‍ക്ക് സത്യം അറിയാം'' എന്നാണ് തനുശ്രീ പറഞ്ഞത്.


Click it and Unblock the Notifications











