ആരും സത്യം പറയുന്നില്ല, ബോളിവുഡില്‍ ആര്‍ക്കും നല്ല ദാമ്പത്യ ജീവിതമില്ല; തുറന്നടിച്ച് നര്‍ഗിസ് ഫഖ്രി
രണ്‍ബീര്‍ കപൂര്‍ നായകനായ സിനിമയാണ് റോക്ക്‌സ്റ്റാര്‍. ഇംത്യാസ് അലിയായിരുന്നു സിനിമയുടെ സംവിധാനം. എആര്‍ റഹ്‌മാന്റെ സംഗീതം. അതിമനോഹരമായ സംഗീതവും രണ്‍ബീറിന്റെ അസാധ്യ പ്രകടനവും ഇംത്യാസിന്റെ ഉള്ളില്‍ തൊടുന്ന കഥ പറച്ചിലും കൊണ്ടും ഐക്കോണിക്കായി മാറിയ സിനിമ. റോക്ക്‌സ്റ്റാറിലൂടെ സ്വപ്‌ന തുല്യമായ തുടക്കം ലഭിച്ച നടിയാണ് നര്‍ഗിസ് ഫഖ്രി. ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടാന്‍ നര്‍ഗിസിന് സാധിച്ചു.
പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ നര്‍ഗിസിന് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറുകയാണ് നര്‍ഗിസ്. ഇപ്പോഴിതാ ബോളിവുഡിലെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് നര്‍ഗിസ് നടത്തിയ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ഉപദേശത്തിനായി ആരെയാണ് സമീപിക്കാറുള്ളതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നര്‍ഗിസ്.

എന്നാല്‍ ആരേയും സമീപിക്കാറില്ലെന്നാണ് നര്‍ഗിസ് പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ ആരും സത്യം പറയില്ലെന്നാണ് നര്‍ഗിസ് പറയുന്നത്. പുറമെ കാണുന്നത് പോലെയല്ലെന്നും ആര്‍ക്കും നല്ലൊരു ബന്ധമില്ലെന്നും നര്‍ഗിസ് പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നര്‍ഗിസ് മനസ് തുറന്നത്.
''ആര്‍ക്കാണ് നല്ലൊരു റിലേഷന്‍ഷിപ്പുള്ളത്? ആര്‍ക്കാണ് നല്ലൊരു പ്രണയ ജീവിതവും ദാമ്പത്യവുമുള്ളത്? ഞാന്‍ ആരുടേയും ഉപദേശം തേടില്ല, സത്യത്തില്‍. എല്ലാം വ്യത്യസ്തമാണ്. ആരും സത്യം പറയില്ല. സത്യസന്ധരായ സുഹൃത്തുക്കളുണ്ടെങ്കില്‍ അവരല്ലാതെ. മിക്കവരും സത്യം മറച്ചു വെക്കുന്നവരാണ്. അവര്‍ക്ക് എല്ലാം പെര്‍ഫെക്ടാണെന്ന് തോന്നിപ്പിക്കണം. ഞാന്‍ എന്റെ തന്നെ ബുദ്ധി ഉപയോഗിക്കും. അല്ലെങ്കില്‍ ഒരു തെറാപ്പിസ്റ്റിനെ കാണും. മറ്റാരോടും ചോദിക്കില്ല'' എന്നാണ് നര്‍ഗിസ് പറയുന്നത്.
താരങ്ങള്‍ സെറ്റില്‍ വച്ച് പഞ്ചാരയടിക്കുന്നതിനെക്കുറിച്ചും നര്‍ഗിസ് സംസാരിക്കുന്നുണ്ട്. ''എല്ലാവരും എല്ലാവരോടും പഞ്ചാരടയിക്കും. സത്യത്തില്‍ പഞ്ചാരയടിക്കുകയല്ലെങ്കിലും. എനിക്ക് തോന്നുന്നത് മനുഷ്യര്‍ സ്വാഭാവികമായും അങ്ങനെയാണെന്നാണ്. ചിലപ്പോള്‍ അവര്‍ ശരിക്കും പഞ്ചാരയടിക്കുന്നതല്ലെങ്കിലും പഞ്ചാരയടിക്കും. പറയുന്നത് മനസിലാകുന്നുണ്ടോന്ന് അറിയില്ല. ചിലപ്പോള്‍ പഞ്ചാരയടിക്കുന്നതാകില്ല,പക്ഷെ അങ്ങനെയാകും തോന്നുക'' നര്‍ഗിസ് പറയുന്നു.
''ചിലപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിക്കും. ഞാന്‍ അവരെ പഞ്ചാരയടിക്കുന്നതാണെന്ന് തോന്നും. ബ്രോ, ഞാന്‍ സൗഹൃദത്തോടെ പെരുമാറുന്നത് മാത്രമാണെന്ന് ഞാന്‍ പറയും. അതായത് ആര് ആരെ പഞ്ചാരയടിക്കുന്നുവെന്ന് പോലും അറിയില്ല'' എന്നും നര്‍ഗിസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നേരത്തെ നര്‍ഗിസും നടന്‍ ഉദയ് ചോപ്രയും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. ഉദയ് ചോപ്രയുടെ കുടുംബവുമായി നർഗിസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ നര്‍ഗിസ് ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

''ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെ പലപ്പോഴായി കണ്ടിട്ടുണ്ട്. പക്ഷെ ഞാനൊരിക്കലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയോ ഡിന്നറില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഈ കഥകള്‍ അടിസ്ഥാനരഹിതമാണ്. ഇതൊക്കെ എന്നെ ബാധിച്ചിരുന്നു. എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. എന്നെക്കുറിച്ചെഴുതിയത് വായിച്ച് എന്നെ ആളുകള്‍ വിധിക്കും. അത നമ്മുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്'' എന്നായിരുന്നു നര്‍ഗിസ് പറഞ്ഞത്.
റോക്ക്‌സ്റ്റാറിലൂടെയായിരുന്നു നര്‍ഗിസിന്റെ അരങ്ങേറ്റം. തുടര്‍ന്ന് മദ്രാസ് കഫേ, ഫട്ടാ പോസ്റ്റര്‍ നിക്കലാ ഹീറോ, മേം തേരാ ഹീറോ, കിക്ക്, ഹൗസ്ഫുള്‍ 3 തുടങ്ങിയ സിനിമകളിലും നര്‍ഗസ് അഭിനയിച്ചു. ശിവ് ശാസ്ത്രി ബാല്‍ബോവ ആണ് നര്‍ഗിസ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











