നായകന്റെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു; കോളറിന് പിടിച്ച് വലിച്ച് പുറത്തിട്ടു; ദുരനുഭവം പങ്കുവച്ച് നവാസുദ്ദീന്‍
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ധീഖി. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന പേര്. സിനിമയില്‍ കുടുംബ വേരുകളൊന്നുമില്ലാതെ വന്ന നവാസുദ്ദീന്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് സഹനടനായും വില്ലനായും നായകനായുമൊക്കെ വളരുകയായിരുന്നു നവാസ്.
തന്റെ കഴിവും കഠിനാധ്വാനവുമാണ് നവാസിനെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. തന്റെ മികവ് തെളിയിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി നവാസിന്. കരിയറിന്റെ തുടക്കകാലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നവാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവഗണനകളും അവസരനിഷേധവുമെല്ലാം സ്ഥിരം സംഭവമായിരുന്നു. അതിനെയൊക്കെ മറികടന്നാണ് നവാസ് ഇന്നത്തെ നവാസുദ്ദീന്‍ സിദ്ധീഖിയാകുന്നത്.

ഇപ്പോഴിതാ താന്‍ താരമാകും മുമ്പ് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് നവാസുദ്ദീന്‍ സിദ്ധീഖി. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് തവണ തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നവാസുദ്ദീന്‍ പറയുന്നത്.
''തീര്‍ച്ചയായും ഉണ്ട്. ആയിരക്കണക്കിന് പ്രവാശ്യം. ചിലപ്പോള്‍ സ്‌പോട്ട് ബോയിയോട് ഞാന്‍ കുടിവെള്ളം ചോദിക്കുമ്പോള്‍ അയാള്‍ എന്നെ പൂര്‍ണമായും അവഗണിക്കും. അതോടെ സ്വയം പോയി എടുക്കേണ്ടി വരും. ഇവിടെയുള്ള മിക്ക നിര്‍മ്മാണ കമ്പനികളും ഭക്ഷണത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാറി നിന്നാണ് ഭക്ഷണം കഴിക്കുക. സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍ വേറെയായിട്ടാണ് ഇരിക്കുക. പ്രധാന താരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് വേറെയായിരിക്കും'' എന്നാണ് നവാസുദ്ദീന്‍ പറഞ്ഞത്.
''എന്നാല്‍ എനിക്ക് യഷ് രാജ് ഫിലിംസിനെ അഭിനന്ദിച്ചേ മതിയാകൂ. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നതില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പക്ഷെ മിക്ക നിര്‍മ്മാതാക്കളും വേര്‍തിരിവ് കാണിക്കാറുണ്ട്. ഞാന്‍ മിക്കപ്പോഴും പ്രധാന താരങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ നോക്കും. അപ്പോഴൊക്കെ അവരെന്നെ കോളറിന് പിടിച്ച് പുറത്താക്കും. എന്റെ ഈഗോയെ അത് മുറിവേല്‍പ്പിക്കും. ഞാന്‍ ദേഷ്യപ്പെടും. എല്ലാവരേയും ഒരുപോലെ ബഹുമാനിക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്. ചിലപ്പോള്‍ അവര്‍ സമ്മതിക്കും'' എന്നും നവാസുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സിനിമാ പ്രേമികളെ തന്റെ പ്രകടനം കൊണ്ട് പലവട്ടം നവാസുദ്ദീന്‍ അമ്പരപ്പിച്ചിട്ടുണ്ട്. കഹാനി, പാന്‍ സിംഗ് തോമര്‍, ഗ്യാങ്‌സ് ഓഫ് വസീപൂര്‍, തലാഷ്, ലഞ്ച് ബോക്‌സ്, ബദ്‌ലാപൂര്‍, ബജ്‌റംഗി ഭായ്ജാന്‍, രമണ്‍ രാഘവ്, മാന്റോ, തുടങ്ങി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ച സിനിമകള്‍ ഒരുപാടുണ്ട്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമെല്ലാം ശ്രദ്ധ നേടാന്‍ നവാസൂദ്ദീന്‍ സിദ്ധീഖിയ്ക്ക് സാധിച്ചു. സിനിമയിലെന്നത് പോലെ തന്നെ ഒടിടി ലോകത്തും നവാസുദ്ദീന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നിരവധി സിനിമകളാണ് നവാസുദ്ദീന്റേതായി അണിയറയിലുള്ളത്. ടിങ്കു വെഡ്‌സ് ഷേരൂ, നൂറാനി ചെഹര, അഫ്വാ, ജോഗിര സര രാ രാ, ഹഡ്ഡി, തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ജോഗിര സര രാ രാ ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. നേഹ ശര്‍മ്മയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











