മാസം 10 ലക്ഷം വച്ച് കൊടുക്കുന്നുണ്ട്, 45 ദിവസമായി മക്കള്‍ തടങ്കലില്‍; ഭാര്യയ്‌ക്കെതിരെ നവാസുദ്ദീന്‍ സിദ്ദീഖി
വിവാദങ്ങളില്‍ ഇതാദ്യമായി പരസ്യമായൊരു പ്രതികരണത്തിന് തയ്യാറായിരിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദീഖി
തന്റെ പ്രതിഭകൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ബോളിവുഡിലെ കുടുംബ വേരുകളൊന്നുമില്ലാതെയാണ് നവാസുദ്ദീന്‍ സിദ്ദീഖി സ്വയം അടയാളപ്പെടുത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും തുടങ്ങിയാണ് അദ്ദേഹം നായകനായി വളരുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി നവാസുദ്ദീന്‍ സിദ്ദീഖിയുടെ വ്യക്തിജീവിതമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഭാര്യ ആലിയ നടത്തിയ ആരോപണങ്ങളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് നവാസുദ്ദീന്‍. ഇപ്പോഴിതാ വിവാദങ്ങളില്‍ ഇതാദ്യമായി പരസ്യമായൊരു പ്രതികരണത്തിന് തയ്യാറായിരിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദീഖി. ഭാര്യയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് നവാസുദ്ദീന്‍ ഉന്നയിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നവാസുദ്ദീന്‍ സിദ്ദീഖിയുടെ പ്രതികരണം. തന്റെ ഭാര്യ ആലിയ സിദ്ധീഖി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം പോസ്റ്റിലൂടെ മറുപടി നല്‍കുന്നുണ്ട്. തന്നെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്നും മക്കളെ ഓര്‍ത്താണ് താനിതുവരെ മിണ്ടാതിരുന്നതെന്നുമാണ് നവാസുദ്ദീന്‍ സിദ്ദീഖി പറയുന്നത്. താനും ആലിയയും വര്‍ഷങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും തങ്ങള്‍ വിവാഹ മോചിതരാണെന്നും അദ്ദേഹം പറയുന്നുണ്ട്.
''എന്റെ നിശബ്ദത കാരണം എന്നെ എല്ലായിടത്തും മോശക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. ഞാന്‍ മിണ്ടാതിരുന്നത് ഈ നാടകങ്ങളെല്ലാം എന്റെ മക്കളും വായിക്കും എന്നതിനാലാണ്. ഒരു ഭാഗത്തു നിന്നു മാത്രമുള്ള വീഡിയോകളുടെ അടിസ്ഥാനത്തില്‍ മീഡിയയും സോഷ്യല്‍ മീഡിയയും എന്റെ വ്യക്തിഹത്യ ആസ്വദിക്കുകയാണ്. എനിക്ക് ചില കാര്യങ്ങള്‍ പറയാറുണ്ട്.'' എന്നാണ് അദ്ദേഹം പറയുന്നത്.
''ആദ്യമായി പറയാനുള്ളത് ഞാനും ആലിയയും കുറേ വര്‍ഷങ്ങളായി ഒരുമിച്ചല്ല എന്നാണ്. ഞങ്ങള്‍ വിവാഹ മോചിതരാണ്. പക്ഷെ കുട്ടികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ധാരണയുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം, എന്റെ മക്കള്‍ ഇന്ത്യയിലാണെന്നും കഴിഞ്ഞ 45 ദിവസമായി സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്നും ആര്‍ക്കെങ്കിലും അറിയുമോ? സ്‌കൂളില്‍ നിന്നും എനിക്ക് എല്ലാ ദിവസവും കത്തുകള്‍ ലഭിക്കുന്നുണ്ട്. 45 ദിവസമായി എന്റെ മക്കളെ തടഞ്ഞു വച്ചിരിക്കുകയാണ്. അവര്‍ക്ക് ദുബായിലെ സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല''.
''മൂന്നാമത്തേത്, നാല് മാസം മുമ്പ് മക്കളെ ദുബായില്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നതാണ് ആലിയ. അവരെ വച്ച് പണം ചോദിക്കാന്‍ വേണ്ടിയാണ് അവള്‍ അവരെ വിളിച്ച് വരുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ മാസവും അവള്‍ക്ക് 10 ലക്ഷം വച്ച് നല്‍കുന്നുണ്ട്. കുട്ടികളേയും കൊണ്ട് ദുബായിലേക്ക് പോകും മുമ്പ് അഞ്ച് മുതല്‍ എഴ് ലക്ഷം വരെ മാസവും നല്‍കിയിരുന്നു. മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം, യാത്ര ചെലവ് ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ക്കായി മുംബൈയിലൊരു വലിയ അപ്പാര്‍ട്ട്‌മെന്റും വാങ്ങിയിരുന്നു. കുട്ടികള്‍ ചെറുതായതിനാല്‍ ആലിയയെ അതിന്റെ സഹ ഉടമയാക്കി. ദുബായിലെ അപ്പാര്‍ട്ട്‌മെന്റും മക്കള്‍ക്ക് നല്‍കി. അവിടെയായിരുന്നു അവള്‍ കഴിഞ്ഞിരുന്നത്.''

''അവസാനമായി ഒന്നു കൂടി, ലോകത്തിലെ ഒരു അച്ഛനും അമ്മയും മക്കളുടെ വിദ്യാഭ്യാസം തടയാന്‍ നോക്കില്ല. ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കണം എന്നേ ചിന്തിക്കൂ. ഞാന്‍ ഇന്ന് സമ്പാദിക്കുന്നതൊക്കെ എന്റെ രണ്ട് മക്കള്‍ക്കുമുള്ളതാണ്. ഞാന്‍ ഷോറയേയും യാനിയേയും സ്‌നേഹിക്കുന്നുണ്ട്. അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാകാന്‍ ഏത് അറ്റം വരേയും ഞാന്‍ പോകും. ഞാന്‍ നിയമത്തില്‍ വിശ്വസിക്കുന്നത് തുടരും. സ്‌നേഹം എന്നത് പിടിച്ചു വെക്കാനുള്ളതല്ല, ശരിയായ ദിശയില്‍ പറക്കാന്‍ അനുവദിക്കുന്നതാണ്'' എന്നും അദ്ദേഹം പറയുന്നു.
അതേസമയം നവാസുദ്ദീന്റെ പ്രതികരണത്തിന് മറുപടിയുമായി ആലിയ ഉടനെ എത്തുമെന്നാണ് കരുതുന്നത്. നേരത്തെ നവാസിനെതിരെ ആലിയ വീഡിയോയുമായി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











