ഇഷ്ടമല്ലെങ്കില്‍ പിന്നെന്തിന് അയാളുടെ കുട്ടിയ്ക്ക് ഞാന്‍ ജന്മം നല്‍കി? വിവ് റിച്ചാര്‍ഡ്‌സിനെപ്പറ്റി നീന ഗുപ്ത
ഇന്ത്യന്‍ സിനിമയിലെ തന്നെ നിറ സാന്നിധ്യമാണ് നീന ഗുപ്ത. തന്റെ കരിയറിലുടനീളം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് നീന ഗുപ്ത ശ്രദ്ധ നേടുന്നത്. മിക്കവരും അഭിനയം നിര്‍ത്തുകയോ ക്ലിഷേ സഹനടി വേഷങ്ങളിലേക്ക് കടക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ പോലും പുതുപാത വെട്ടിത്തുറന്ന് അതിലൂടെ സഞ്ചരിക്കുകയായിരുന്നു നീന ഗുപ്ത. പ്രായം എന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് തന്റെ കരിയറിലെ തിരിച്ചുവരവിലൂടെ നീന ഗുപ്ത തെളിയിച്ചു കഴിഞ്ഞു.
ഓണ്‍ സ്‌ക്രീനിലേത് എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നീന ഗുപ്തയും എന്നും വ്യത്യസ്തയായിരുന്നു. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളിലും നീന ഗുപ്ത നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിച്ച താരമായിരുന്നു. തന്റെ ജീവിതത്തിലെ പുരുഷന്മാരെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ നീന മനസ് തുറന്നിരിക്കുകയാണ്.

നീനയുടെ മകള്‍ മസാബ ഗുപ്തയുടെ ജീവിതത്തിലെ ഏടുകള്‍ കൂടി ചേര്‍ത്തു കൊണ്ടുള്ള സീരീസാണ് മസാബ മസാബ. സീരീസില്‍ മസാബയുടെ അമ്മയായി നീന തന്നെയാണ് എത്തുന്നത്. ഇപ്പോഴിതാ മസാബ മസാബയുടെ രണ്ടാം സീസണും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ചുള്ള നീനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
''ഒരിക്കല്‍ ഒരാളെ പ്രണയിച്ചാല്‍ പിന്നെ അയാളെ വെറുക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്? ഒരുമിച്ച് ജീവിക്കാനാകില്ലായിരിക്കും. എന്റെ മുന്‍ കാമുകന്മാരെ ഞാന്‍ വെറുക്കുന്നില്ല. എന്റെ മുന്‍ ഭര്‍ത്താവിനെ ഞാന്‍ വെറുക്കുന്നില്ല. ഞാന്‍ എന്തിന് വെറുക്കണം. ഒരാളെ ഞാന്‍ വെറുക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അയാളുമായി ചേര്‍ന്നൊരു കുട്ടിയ്ക്ക് ജന്മം നല്‍കുന്നത്, എനിക്കെന്താ ഭ്രാന്താണോ?'' എന്നായിരുന്നു നീന പറഞ്ഞത്.
നീനയുടേയും ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് മസബാ ഗുപ്ത. എന്നാല്‍ നീനയും നീനയും വിവാഹം കഴിച്ചിരുന്നില്ല. നീനയുമായി പ്രണയത്തിലാകുന്ന സമയത്ത് വിവിയന്‍ മറ്റൊരുളമായി വിവാഹിതനായിരുന്നു. താനും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മസാബയും മനസ് തുറന്നിരുന്നു. അമ്മയും അച്ഛനും ഒരുമിച്ചല്ലെങ്കിലും താനും അച്ഛനും തമ്മിലുള്ള ബന്ധത്തെ നശിപ്പിക്കാന്‍ ഒരിക്കലും അമ്മ ശ്രമിച്ചിട്ടില്ലെന്നാണ് മസാബ പറയുന്നത്.
''ഞങ്ങളുടെ ബന്ധത്തെ നശിപ്പിക്കാന്‍ അമ്മ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞാന്‍ ഇന്ന് മുതിര്‍ന്ന വ്യക്തിയാണ്. എന്റെ അച്ഛനുമായുള്ള ബന്ധം ഞാന്‍ തന്നെ കണ്ടെത്തിയതാണ്. അമ്മ എന്റെ തീരുമാനങ്ങളെ എനിക്ക് വിടുകയാണ് ചെയ്തത്. ഞാന്‍ തന്നെ തീരുമാനങ്ങളെടുക്കുകയും ഈ വ്യക്തിയ്ക്ക് എന്റെ ജീവിതത്തില്‍ എന്താണ് റോളെന്ന് തീരുമാനിക്കുകയും ചെയ്യാനാണ് അമ്മ അനുവദിച്ചത്'' എന്നാണ് മസാബ പറഞ്ഞത്.
വിവാഹതിയാകാതെ അമ്മയായതിനെക്കുറിച്ചും മകള്‍ മസാബയെ ഒറ്റയ്ക്ക് വളര്‍ത്തുകയും ചെയ്തതിനെക്കുറിച്ചും നീന പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. സമാന്തര സിനിമകളിലും മുഖ്യധാര സിനിമകളിലേയും നിറ സാന്നിധ്യമായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. കരിയറില്‍ ഒരിവേളയ്ക്ക് ശേഷമുള്ള നീനയുടെ തിരിച്ചുവരവ് ശക്തമായിരുന്നു. മസാബ മസാബയിലൂടെ അമ്മയും മകളും ഓണ്‍സ്‌ക്രീനിലും ഒരുമിക്കുകയായിരുന്നു. മികച്ച പ്രതികരണങ്ങളാണ് രണ്ടാം സീസണിലും ലഭിക്കുന്നത്.


Click it and Unblock the Notifications











