'നിറം പോലും പ്രശ്‌നം, ചിരിച്ചതോടെ ശത്രുതയായി'; കത്രീന എന്നെ വേട്ടയാടി; വെളിപ്പെടുത്തി നീല്‍ നിതിന്‍ മുകേഷ്
പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ നേടിയ സിനിമയാണ് ന്യൂയോര്‍ക്ക്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫ്, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2009 ലാണ് ന്യൂയോര്‍ക്ക് പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. നിരൂപക പ്രശംസയും ചിത്രത്തിന് നേടാന്‍ സാധിച്ചു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് ന്യൂയോര്‍ക്ക്.
കത്രീന കൈഫ്, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ് മൂന്ന് പേരുടേയും കരിയറിലേയും സുപ്രധാന ചിത്രമാണ് ന്യൂയോര്‍ക്ക്. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മൂന്ന് സുഹൃത്തുക്കള്‍ക്കിടയിലെ പ്രണയത്തിന്റേയും വിരഹത്തിന്റേയും പശ്ചാത്തലത്തില്‍ ആഗോള വ്യാപ്തിയുള്ളൊരു കഥ പറഞ്ഞ ചിത്രമായിരുന്നു ന്യൂയോര്‍ക്ക്.

ചിത്രത്തിലെ നീലിന്റേയും കത്രീനയുടേയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഓണ്‍ സ്‌ക്രീനിലേത് പോലെ വലിയ സുഹൃത്തുക്കളായിരുന്നില്ല താനും കത്രീനയും ഓഫ് സ്‌ക്രീനില്‍ എന്നാണ് നീല്‍ നിതിന്‍ മുകേഷ് പറയുന്നത്. ഫില്‍മിഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ ശത്രുക്കളായി. സ്ഥിരമായി വഴക്കിടുകയും തര്‍ക്കിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്ക് ഇടയില്‍ എന്തോ പ്രശ്‌നമുണ്ടായി. അതെന്താണെന്ന് എനിക്കറിയില്ല. എന്റെ നിറത്തിന്റെ പേരിലുള്ള എന്തോ ആണെന്നാണ് ഞാന്‍ അറിഞ്ഞത്. പിന്നെ അത് ഞാന്‍ ചെയ്യുന്ന കഥാപാത്രമായി. എന്തോ ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ടായിരുന്നു'' എന്നാണ് നീല്‍ പറയുന്നത്.
''ഞാന്‍ ജോണി ഗദ്ദാര്‍ പോലൊരു ഇന്റന്‍സ് സിനിമ ചെയ്ത് വരികയാണ്. ന്യൂയോര്‍ക്ക് എന്റെ രണ്ടാമത്തെ സിനിമയാണ്. അഭിനയം പഠിക്കുകയും ഭാഷ സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും മികച്ചതു തന്നെ ഞാന്‍ ചെയ്യുന്നുണ്ട്. അവള്‍ അന്നും ഇന്നും എന്നേക്കാള്‍ വലിയ താരമാണ്. ഒരേ ഡയലോഗ് തന്നെ 10-15 വട്ടം പറയേണ്ടി വരുമ്പോള്‍ എനിക്ക് തെറ്റുപറ്റിയോ എന്ന് സംശയമായി'' നീല്‍ പറയുന്നു. തുടര്‍ന്ന് താന്‍ സംവിധായകനെ ബന്ധപ്പട്ടപ്പോള്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ചെയ്യുന്നത് തന്നെ തുടരാനാണ് അദ്ദേഹം പറഞ്ഞതെന്നും നീല്‍ ഓര്‍ക്കുന്നുണ്ട്.
അതേസമയം കത്രീനയുടെ ഒരു രംഗം ചിത്രീകരിക്കെ ഓഫ് ക്യാമറയില്‍ ദൂരെ താനും ജോണ്‍ എബ്രഹാമും പൊട്ടിച്ചിരിക്കുകയുണ്ടായി. അത് കണ്ടതോടെ കത്രീന തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയെന്നാണ് നീല്‍ പറയുന്നത്. പക്ഷെ രണ്ട് പേര്‍ പൊട്ടിച്ചിരിച്ചിട്ടും എന്തിനാണ് തന്നെ മാത്രം ലക്ഷ്യമിട്ടതെന്ന് മനസിലായില്ലെന്നാണ് നീല്‍ പറയുന്നത്. പിന്നീട് താനും കത്രീനയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത് എങ്ങനെയാണെന്നും നീല്‍ പറയുന്നുണ്ട്.
''പിന്നീട് ഞാന്‍ അവളോട് സംസാരിച്ചു. തന്റെ ആദ്യത്തെ ഇന്റന്‍സ് സിനിമയാണ് ന്യൂയോര്‍ക്ക് എന്ന് അവള്‍ പറഞ്ഞു. അവള്‍ നേരത്തെ ചെയ്തത് കോമഡികളാണ്. അത് ക്ലാരിഫൈ ചെയ്തതോടെ എല്ലാം ശരിയാകാനും തുടങ്ങി. പിന്നീട് ഞങ്ങളുടെ ബന്ധം സ്‌നേഹവും ബഹുമാനവും നിറഞ്ഞതായി'' എന്നാണ് നീല്‍ പറയുന്നത്.

കത്രീന നല്ല സഹതാരമാണെന്നാണ് നീല്‍ പറയുന്നത്. കഠിനാധ്വാനം ചെയ്യുന്നവളാണ്. കത്രീനയുമായുള്ള സൗഹൃദത്തെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും നീല്‍ പറയുന്നു. ഒരു ദിവസം തനിക്ക് പനി പിടിച്ചു. 104 ഡിഗ്രി പനിയായിരുന്നു. ആ സമയത്ത് തന്റെ കൂടെ നിന്നതും തനിക്ക് വേണ്ടതെല്ലാം ചെയ്തതും കത്രീനയും അവരുടെ ടീമുമാണെന്നുമാണ് നീല്‍ പറയുന്നത്. ന്യൂയോര്‍ക്ക് പോലൊരു സിനിമ തനിക്ക് തന്നതിന് നിര്‍മ്മാതാവിനും സംവിധായകനും നന്ദി പറയുകയും ചെയ്യുന്നുണ്ട് നീല്‍ നിതിന്‍ മുകേഷ്.
ബോളിവുഡിലെ മൂന്നാം തലമുറക്കാരനാണ് നീല്‍ നിതിന്‍ മുകേഷ്. ഐക്കോണിക് ഗായകന്‍ മുകേഷിന്റെ കൊച്ചുമകനാണ് നീല്‍. പിതാവ് നിതിനും ബോളിവുഡിലെ അറിയപ്പെടുന്ന താരമാണ്. ആ പാതയിലൂടെയാണ് നീല്‍ സിനിമയിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് നീല്‍ നിതിന്‍ മുകേഷ്.


Click it and Unblock the Notifications











