മരണ വീട്ടിലും ആരാധികയുടെ ശല്യം; പൊട്ടിത്തെറിച്ച് ജയ ബച്ചന്‍; ഇത്തവണ ജയ ആണ് ശരിയെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജയ ബച്ചന്‍. ഇന്നും അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട് ജയ ബച്ചന്‍. മറയില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ശീലക്കാരിയാണ് ജയ ബച്ചന്‍. അതുകൊണ്ട് തന്നെ പലപ്പോഴായി താരം വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. പാപ്പരാസികളുടെ അതിരുകടന്നുള്ള ഇടപെടലിനെതിരെ പലവട്ടം സംസാരിച്ചിട്ടുണ്ട് ജയ ബച്ചന്‍. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ജയ ബച്ചന്‍.
കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായ മനോജ് കുമാര്‍ മരണപ്പെട്ടത്. താരത്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ പ്രമുഖര്‍ എത്തിയിരുന്നു. ജയയും താരത്തെ അവസാനമായി കാണാന്‍ വന്നിരുന്നു. ഈ സമയത്തുണ്ടായൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ അടുത്തേക്ക് വന്നൊരു സ്ത്രീയോട് ദേഷ്യപ്പെടുന്ന ജയയുടെ വീഡിയോയാണ് വൈറലാകുന്നത്.

വീഡിയോ വൈറലായതോടെ ജയ ബച്ചനെ എല്ലാവരും അഹങ്കാരിയെന്ന് വിളിക്കാനും തുടങ്ങി. എന്നാല്‍ സംഭവത്തിന്റെ സത്യവാസ്ഥ പിന്നീടാണ് പുറത്ത് വന്നത്. മരണ വീട്ടില്‍ വച്ച് തനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ വന്ന സ്ത്രീയോടാണ് ജയ ബച്ചന്‍ ദേഷ്യപ്പെട്ടത്. ജയയെ കാണാനായി അവര്‍ കാത്തു നില്‍ക്കുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജയയുമായുള്ള ആരാധികയുടെ കൂടിക്കാഴ്ച അവരുടെ ഭര്‍ത്താവ് പിന്നില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ജയ ബച്ചന് ദേഷ്യം വന്നു. താരം ആരാധികയോട് കയര്‍ത്തു സംസാരിക്കുകയും അവിടെ നിന്ന് പോകാന്‍ പറയുകയും ചെയ്തു. ഈ വീഡിയോയാണ് വൈറലായത്. തുടക്കത്തില്‍ പലരും ജയ ബച്ചന്‍ ആരാധികയോട് മോശമായി പെരുമാറിയെന്ന് പറഞ്ഞാലും പിന്നീട് സത്യാവസ്ഥ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും നിലപാട് മാറ്റം കാണാന്‍ സാധിക്കുന്നുണ്ട്.
''അവരുടെ പെരുമാറ്റം ന്യായമാണ്. ആദ്യം തന്നെ, ആ സ്ത്രീ പിന്നില്‍ വന്ന് തോണ്ടി വിളിക്കുകയാണ് ചെയ്തത്. അവരുടെ ഞെട്ടലും ദേഷ്യവും സ്വാഭാവികമാണ്. ആ ഭാര്യയ്ക്കും ഭര്‍ത്താവിനും അവര്‍ അര്‍ഹിക്കുന്നത് തന്നെയാണ് കിട്ടിയത്. മരണ വീട്ടിലും താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോകുന്നവര്‍ക്ക് ഇത് തന്നെ കിട്ടണം'' എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. ഇത്തവണ ജയയായിരുന്നു ശരിയെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ബോളിവുഡിലെ പ്രമുഖരെല്ലാം രംഗത്തെത്തിയിരുന്നു. രാകേഷ് റോഷന്‍, നീല്‍ നിഥിന്‍ മുകേഷ്, ആമിര്‍ ഖാന്‍, ഇഷ ഡിയോള്‍ തുടങ്ങിയ താരങ്ങളും അനു മാലിക്, ശേഖര്‍ സുമന്‍, സോനു നിഗം തുടങ്ങിയവരും മനോജ് കുമാറിനെ കാണാന്‍ എത്തിയിരുന്നു.
ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് മനോജ് കുമാര്‍. ഏപ്രില്‍ നാലിനായിരുന്നു മനോജ് കുമാര്‍ മരണപ്പെടുന്നത്. 55 സിനിമകള്‍ മാത്രമേ അഭിനയിട്ടുള്ളുവെങ്കില്‍ അതില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ദേശ സ്‌നേഹം തുളുമ്പുന്ന സിനിമകള്‍ ഒരുക്കിയാണ് മനോജ് കുമാര്‍ താരമാകുന്നത്. സ്ഥിരമായ ദേശ സ്‌നേഹ കഥ പറയുന്ന സിനിമകളിലെ നായകന്‍ ആയതോടെ താരത്തെ ആരാധകര്‍ വിളിച്ചിരുന്നത് ഭാരത് കുമാര്‍ എന്നായിരുന്നു.
1992ല്‍ രാജ്യം പദ്മശ്രീ നല്‍കി മനോജ് കുമാറിനെ ആദരിച്ചിരുന്നു. 2015ല്‍ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും മനോജ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ഹരികൃഷ്ണന്‍ ഗിരി ഗോസ്വാമി എന്നാണ് മനോജ് കുമാറിന്റെ യഥാര്‍ത്ഥ പേര്. ഇതിഹാസം താരം ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മനോജ് കുമാര്‍. ദിലീപ് കുമാറിന്റെ ഹിറ്റ് കഥാപാത്രത്തിന്റെ പേര് തന്റെ പേരായി സ്വീകരിച്ചാണ് മനോജ് കുമാര്‍ ആകുന്നത്. 1958 ല്‍ സഹാറ എന്ന ചിത്രം ചെയ്താണ് കരിയര്‍ ആരംഭിക്കുന്നത്. 1995 ല്‍ പുറത്തിറങ്ങിയ മൈദാന്‍ എ ജംഗ് ആണ് ഒടുവില്‍ അഭിനയിച്ച സിനിമ. സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ജയ ബച്ചന്‍. ബംഗാളി സിനിമയിലൂടെയായിരുന്നു ജയയുടെ അരങ്ങേറ്റം. പിന്നീട് 1971 ല്‍ ഗുഡ്ഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. ധര്‍മ്മേന്ദ്രയായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമ വലിയ വിജയം നേടിയതിനൊപ്പം ജയ ഭാദുരി എന്ന പേരും എല്ലാവരുടേയും മനസിലേക്ക് എത്തി. പിന്നീടങ്ങോട്ട് ബോളിവുഡിലെ മുന്‍നിര നായികയിലേക്ക് വളരുകയായിരുന്നു ജയ.
ഉപ്ഹാര്‍, കോശിഷ്, കോറ കാഗസ്, സഞ്ജീര്‍, അഭിമാന്‍, ചുപ്‌കെ ചുപ്‌കെ, മിലി, ഷോലെ തുടങ്ങി ബോൡവുഡിലെ നിരവധി ഐക്കോണിക് സിനിമകളില്‍ ജയ നായികയായി. അഭിമാനിലേയും കോറ കാഗസിലേയും നൗക്കറിലേയും പ്രകടനത്തിന് ജയയെ തേടി മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവുമെത്തിയിട്ടുണ്ട്. എട്ട് തവണയാണ് ജയയെ തേടി ഫിലിം ഫെയര്‍ എത്തിയത്. രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
1973 ലാണ് ജയ അമിതാഭ് ബച്ചനെ വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകന്‍ അഭിഷേക് ബച്ചന്‍ അച്ഛനേയും അമ്മയേയും പോലെ ക്യാമറയ്ക്ക് മുന്നിലെത്തി. ശ്വേത ബച്ചനാണ് മകള്‍. മക്കളുണ്ടായതോടെ അഭിനയിക്കുന്നത് കുറഞ്ഞുവെങ്കിലും ശക്തമായി തന്നെ തിരികെ വരാനും തന്നെ വീണ്ടും അടയാളപ്പെടുത്താനും ജയ ബച്ചന് സാധിച്ചിട്ടുണ്ട്. കഭി ഖുഷി കഭി ഗം, കല്‍ ഹോ നാ ഹോ പോലുള്ള സിനിമകളിലെ പ്രകടനങ്ങളും ഏറെ കയ്യടി നേടിക്കൊടുത്തതാണ്. ഈയ്യടുത്തിറങ്ങിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ജയ ബച്ചന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2004ലാണ് യുപിയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയായി രാജ്യസഭയിലെത്തുന്നത്. അഞ്ച് തവണ രാജ്യസഭാ എംപിയായിരുന്നിട്ടുണ്ട് ജയ ബച്ചന്‍. 2023 ല്‍ പുറത്തിറങ്ങിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
അതേസമയം വിവാദങ്ങള്‍ എന്നും ജയ ബച്ചന്റെ കൂടെ തന്നെയുണ്ട്. ഈയ്യടുത്ത് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സമയത്ത് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ജയ ബച്ചനും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്നാണ്. ജയയും മകള്‍ ശ്വേതയും ഐശ്വര്യയെ പൊതുവേദികൡ പോലും അവഗണിച്ചതായി ആരോപണമുണ്ടായിരുന്നു. മകളും മരുമകളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ജയ മകള്‍ക്കൊപ്പം നിന്നുവെന്നും ആ പ്രശ്‌നമാണ് ഐശ്വര്യയും അഭിഷേകും അകലാന്‍ കാരണം എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പല പൊതു പരിപാടികളിലും ബച്ചന്‍ കുടുംബത്തോടൊപ്പമായിരുന്നു ഐശ്വര്യയും മകളും വന്നിരുന്നത്.

എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ ആ തിയറികളെ തള്ളിക്കളയുന്നതാണ്. ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം അഭിഷേകിന് മറ്റൊരു നടിയുമായുള്ള ബന്ധമാണെന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകള്‍. എന്നാല്‍ പിന്നീട് ഇരുവരും ഒരുമിച്ച് പലയിടത്തും എത്തിയതോടെ ആ വാർത്തയും കെട്ടടങ്ങി.
പാപ്പരാസികളുമായുള്ള വാക്ക് തര്‍ക്കങ്ങളുടെ പേരിലും ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പാപ്പാരാസികളോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വീഡിയോ പലവട്ടം വൈറലായിട്ടുണ്ട്. ഔചിത്യ ബോധമില്ലാതെ സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകരോട് ദേഷ്യപ്പെട്ടും ജയ ബച്ചന്‍ വിവാദത്തില്‍ ചെന്നു ചാടിയിട്ടുണ്ട്.


Click it and Unblock the Notifications











