അസുഖത്തിന്റെ കാര്യം ബന്ധം തുടങ്ങുമ്പോഴേ പറഞ്ഞു, അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യേണ്ടത് പ്രിയങ്കയ്ക്ക് അറിയാം: നിക്
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. പോപ് ഗായകൻ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകളുമുണ്ട്. 2018 ലാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയ വഴി മെസേജ് അയച്ച് സൗഹൃദത്തിലായ ഇരുവരും വളരെ പെട്ടെന്ന് അടുത്തു. നിക് ജോനാസിനെ പരിചയപ്പെടുന്ന സമയത്ത് താൻ തകർച്ചയുടെ വക്കിലെത്തിയ മറ്റൊരു ബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിക് ജോനാസുമായി അടുക്കുമ്പോൾ പ്രിയങ്കയ്ക്ക് പല ആശങ്കകളുമുണ്ടായിരുന്നു. തന്നേക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്. 26ാം വയസിലാണ് അന്ന് 36 കാരിയായ പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്യുന്നത്.
നിക് ജോനാസ് ഈ പ്രായത്തിൽ വിവാഹത്തിന് തയ്യാറാണോ എന്ന് പ്രിയങ്ക ചിന്തിച്ചിരുന്നു. എന്നാൽ വിവാഹവും കുടുംബ ജീവിതവുമാണ് നിക് ജോനാസ് അന്നേ സ്വപ്നം കണ്ടിരുന്നു. ഒടുവിൽ 2018 ൽ ആഘോഷപൂർവം വിവാഹം നടന്നു. പ്രിയങ്കയ്ക്ക് ഇന്ത്യയിലുള്ള പ്രശസ്തിയെക്കുറിച്ച് വിവാഹത്തിന് മുംബെെയിൽ എത്തിയപ്പോഴണ് നിക് ജോനാസിന്റെ ബന്ധുക്കൾ അറിയുന്നത്. വിവാഹം ചെയ്യുമ്പോൾ 26 കാരനായ നിക്ക് ഡയബറ്റിക് പേഷ്യന്റാണ്.

പ്രിയങ്കയുമായുള്ള ബന്ധത്തിന്റെ തുടക്ക കാലത്ത് തന്നെ ഈ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് നിക് പറയുന്നത്. ഈ അസുഖത്തെക്കുറിച്ചുള്ള അവബോധമുണ്ടെന്ന് മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യേണ്ടതെന്ന് പ്രിയങ്കയ്ക്ക് അറിയാമെന്നും നിക് ജോനാസ് പറയുന്നു. തന്റെ ബ്ലഡ് ഷുഗർ ലെവൽ ഒരു ആപ്പ് വഴി പ്രിയങ്കയ്ക്ക് അയക്കും. എന്തെങ്കിലും അടിയന്തര ഘട്ടമാണെങ്കിൽ പ്രിയങ്കയെ അറിയിക്കാൻ ഇത് സഹായിക്കുന്നെന്നും നിക് ജോനാസ് വ്യക്തമാക്കി.
മാനസികമായും ശാരീരികമായും ഈ അസുഖം എങ്ങനെയാണെന്ന് വിശദീകരിച്ച് കൊടുക്കുക ബുദ്ധിമുട്ടാണ്. അതിശയിപ്പിക്കുന്ന പങ്കാളിയാണ് പ്രിയങ്ക ചോപ്ര. ഈ അസുഖത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാത്രമല്ല, ഏത് സാഹചര്യത്തിലും എന്ത് ചെയ്യണമെന്ന് പ്രിയങ്കയ്ക്ക് അറിയാമെന്നും നിക് ജോനാസ് പറയുന്നു. മകൾ പിറന്ന ശേഷം ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണെന്നും നിക് ജോനാസ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
