ഹൃത്വിക്കിനെ ആര്‍ക്കും വിശ്വാസമില്ല, എല്ലാവരും മാറ്റിവെക്കണമെന്ന് പറഞ്ഞു, പക്ഷെ നടന്നത്...: അമീഷ പട്ടേല്‍
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു അമീഷ പട്ടേല്‍. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ അമീഷ പട്ടേല്‍ തിരിച്ചെത്തിയിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ഗദ്ദാറിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് അമീഷയുടെ തിരിച്ചുവരവ്. ഗദ്ദാര്‍ 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ 300 കോടി ക്ലബ്ബിലെത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഗദ്ദാര്‍.
അമീഷയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഗദ്ദാര്‍. ഈയ്യടുത്ത് വരെ ഗദ്ദാറിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാതെ നിന്നിരുന്നു. അതേസമയം ഹൃത്വിക് റോഷന്റെ നായികയായി കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ അമീഷയ്ക്ക് കൈ നിറയെ സിനിമകള്‍ ലഭിച്ചു. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ പലരും വിശ്വസിച്ചിരുന്നില്ല എന്നാണ് അമീഷ പറയുന്നത്.

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമീഷ മനസ് തുറന്നത്. കഹോ നാ പ്യാര്‍ ഹേയില്‍ ആരും വിശ്വസിച്ചിരുന്നില്ല. ചിത്രത്തിലെ നായകനായ ഹൃത്വിക് റോഷനിലും ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. അതേസമയത്ത് തന്നെയായിരുന്നു അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനും ലോഞ്ച് ചെയ്യപ്പെട്ടിരുന്നത്.
''എല്ലാവരും ആ സിനിമയ്ക്ക് എതിരായിരുന്നു. കാരണം ആര്‍ക്കും ഹൃത്വിക്കില്‍ വിശ്വസിച്ചിരുന്നില്ല. ആ സമയത്താണ് അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനെ ലോഞ്ച് ചെയ്യുന്നതും. എനിക്ക് സിനിമാ പാരമ്പര്യമുണ്ടായിരുന്നില്ല. അഭിഷേകിനൊപ്പം ലോഞ്ച് ചെയ്യപ്പെട്ടിരുന്നത് കരീനയായിരുന്നു. അതിനാല്‍ ഞങ്ങളുടേത് ശരിക്കുമൊരു അണ്ടര്‍ ഡോഗ് ആയിരുന്നു. പക്ഷെ അത് തീയേറ്ററിലേക്ക് എത്തുന്നത് വരെ മാത്രമേയുണ്ടായിരുന്നുള്ളൂ'' എന്നാണ് അമീഷ പറയുന്നത്.
പലരും രാകേഷ് റോഷനോട് തങ്ങളുടെ സിനിമയുടെ റിലീസ് തിയ്യതി മാറ്റാന്‍ പോലും ആവശ്യപ്പെട്ടിരുന്നുവെന്നാണ് അമീഷ വെളിപ്പെടുത്തുന്നത്. ''ഷാരൂഖ് ഖാന്റേയും സല്‍മാന്‍ ഖാന്റേയും ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനിയും മേളയുമൊക്കെ മുമ്പിലും പിന്നിലും ഉണ്ടായിരുന്നതിനാല്‍ രാകേഷ് റോഷനോട് ആളുകള്‍ ഞങ്ങളുടെ സിനിമയുടെ റിലീസ് തിയ്യതി മാറ്റാന്‍ പറഞ്ഞിരുന്നു. രണ്ട് വമ്പന്‍ സിനിമകളുടെ ഇടയിലേക്ക് ഈ ആരുമല്ലാത്തവരുമായി എങ്ങനെ വരാനാകുമെന്നാണ് അവര്‍ ചോദിച്ചത്. ഞാന്‍ മാറ്റില്ല, എനിക്ക് എന്റെ സിനിമയില്‍ വിശ്വാസമുണ്ടെന്നാണ് രാകേഷ് അങ്കിള്‍ പറഞ്ഞത്'' അമീഷ ഓര്‍ക്കുന്നു.

അമീഷയുടേയും ഹൃത്വിക്ക് റോഷന്റേയും സിനിമ സൂപ്പര്‍ ഹിറ്റായി മാറുകയും ഒരു രാത്രി കൊണ്ട് ഇരുവരും വലിയ താരങ്ങളുമായി മാറിയത് ചരിത്രം. അതേസമയം പിന്നീട് ഹൃത്വിക്കും അമീഷയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തനിക്ക് ഹൃത്വിക്കിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അമീഷ പറയുന്നത്. അതൊരു റൊമാന്റിക് കോമഡിയായിരിക്കണമെന്നാണ് അമീഷയുടെ ആഗ്രഹം.


Click it and Unblock the Notifications