'അന്നും ഇന്നും ഒരുപോലെ', കരൺ ജോഹറിനെ പുച്ഛിച്ച് നടന്ന് പോകുന്ന കങ്കണയുടെ വീഡിയോ വൈറൽ
ബോളിവുഡിലെ സൂപ്പർ നായികമാരിൽ പ്രധാനിയാണ് നടി കങ്കണ റണൗട്ട്. സിനിമ, രാഷ്ട്രീയം തുടങ്ങി ഏത് മേഖലകൾ സംബനന്ധിച്ചുള്ള വിഷയങ്ങളിലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പലപ്പോഴും മടി കൂടാതെ തുറന്ന് പറഞ്ഞിട്ടുള്ള നടി കൂടിയാണ് കങ്കണ. അതേസമയം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലേക്കും താരം എത്തിപ്പെട്ടിട്ടുണ്ട്. മുപ്പത്തിനാലാം വയസിൽ എത്തി നിൽക്കുന്ന താരം ഇതിനോടകം ഇന്ത്യയിലെ വിവിധ ഭാഷകളിൽ അഭിനയിച്ച് കഴിഞ്ഞു. മോഡലിങ്ങിലൂടെയാണ് കങ്കണയുടെ സിനിമാ പ്രവേശനം നടന്നത്. 2006ലാണ് കങ്കണയുടെ ആദ്യ സിനിമ റിലീസ് ചെയ്തത്.
Also Read: 'ഋഷിയേയും സൂര്യയേയും വെറുതെ വിടില്ല', തീരാത്ത പകയുമായി മിത്ര
സിനിമാ ജീവിതം പതിനാറ് വർഷത്തിലേക്ക് എത്തിനിൽക്കുമ്പോൾ ആരും കൊതിച്ചുപോകുന്ന നേട്ടങ്ങൾ കങ്കണ സ്വന്തമാക്കി കഴിഞ്ഞു. ആ നേട്ടങ്ങളുടെ പട്ടികയിൽ നാല് ദേശീയ പുരസ്കാരങ്ങൾ കൂടി ഉൾപ്പെടുന്നു. ദേശീയ പുരസ്കാരത്തിന് പുറമെ ഫിലിംഫെയർ അടക്കമുള്ള നിരവധി പുരസ്കാരങ്ങളും കങ്കണയെ തേടിയെത്തിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഗ്യാങ്സ്റ്റർ സിനിമ റിലീസായ ശേഷം താരം പങ്കെടുത്ത ഒരു പുരസ്കാര ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.
Also Read: 'ശിവന്റേത് അത്ര വലിയ പുണ്യ പ്രവൃത്തിയൊന്നുമല്ല', ജയന്തി രണ്ടും കൽപ്പിച്ച്!

ഫിലിംഫെയർ അവാർഡ് നിശയിൽ നിന്നുള്ള വീഡിയോയാണത്. അവാര്‍ഡ് വേദിയില്‍ അവതാരകനായിരുന്ന കരണ്‍ ജോഹറിനെ മനപൂര്‍വ്വം അവഗണിച്ച് വീണ്ടും സദസിലേക്ക് നടന്നുനീങ്ങുന്ന വീഡിയോയാണ് കങ്കണ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കങ്കണ, മൈൻഡ് ചെയ്യാതെ നടന്നുപോകുന്നത് കണ്ട് വീണ്ടും പേര് വിളിച്ച് കരൺ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കങ്കണ അതിനോട് പ്രതികരക്കാതെ കടന്നുപോവുകയാണ്. 2007ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വെച്ചാണ് ഈ സംഭവം നടന്നത്. ആ വർഷത്തെ ഫെയ്സ് ഓഫ് ദി ഇയർ പുരസ്കാരമാണ് കങ്കണയ്ക്ക് ലഭിച്ചത്. 'എന്റെ മനോഭാവം എന്നും ഇതേപോലെ തന്നെയായിരുന്നു' എന്ന കുറിപ്പോടെയായിരുന്നു നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

ഗ്യാങ്സ്റ്റർ എന്ന ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് 2007ലെ ഫിലിംഫെയർ ഫെയ്സ് ഓഫ് ദി ഇയർ പുരസ്കാരം കങ്കണയ്ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷമായി താന്‍ നേടിക്കൊണ്ടിരുന്ന അവാര്‍ഡാണിതെന്ന് വിജയിയെ പ്രഖ്യാപിച്ച് കൊണ്ട് കരണ്‍ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ച കങ്കണയെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും പ്രതികരിക്കാതെ നടി സ്റ്റേജില്‍ നിന്നിറങ്ങിപ്പോയി. ഞാന്‍ ഇവിടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടും കങ്കണ പ്രതികരിക്കാതിരുന്നപ്പോള്‍ കരണ്‍ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയായിരുന്നു. ഊ സംഭവത്തിന് ശേഷം പലപ്പോഴായി കരണിനെതിരെ കങ്കണ രംഗത്തെത്തിയിട്ടുണ്ട്. നാഷണല്‍ ടെലിവിഷനില്‍ കോഫി വിത്ത് കരണ്‍ ഷോയിലെത്തി കരണ്‍ ജോഹറിനെ നെപ്പോട്ടിസത്തിന്റെ നേതാവാണ് കരണെന്നും മൂവി മാഫിയയാണെന്നുമെല്ലാം കങ്കണ തുറന്നടിച്ചിരുന്നു.

വീഡിയോ സോഷ്യൽമീഡിയകളിലെല്ലാം ട്രെന്റിങാണ്. കങ്കണയുടെ രാഷ്ട്രീയ ചിന്താഗതികളോടും അഭിപ്രായങ്ങളോടും താൽപര്യമില്ലാത്തവർ പോലും കങ്കണ കരൺ ജോഹറിനോട് ചെയ്തത് ശരിയായ കാര്യമാണെന്നാണ് അഭിപ്രായപ്പെട്ടത്. പുതുമുഖ നടിയായിരുന്നിട്ടുപോലും എതിർത്ത് നിൽക്കാനും സ്വന്തം നിലപാട് ഏത് പൊതുവേദിയിലും ഭയമില്ലാതെ വ്യക്തമാക്കാനും കങ്കണ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നവരുടെ പ്രവാഹമാണ് വീഡിയോയ്ക്ക് താഴെ. പലപ്പോഴായി കേന്ദ്ര സർക്കാരിന്റെ എല്ലാ തീരുമാനങ്ങളേയും കങ്കണ കണ്ണടച്ച് അനുകൂലിച്ചിട്ടുണ്ട്. അന്ന് കങ്കണയെ കളിയാക്കിയവർ പോലും കരണിനോട് കങ്കണ ചെയ്തതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. മുമ്പും വിവിധ വിമർശനങ്ങൾക്ക് കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ പരിപാടി കാരണമായിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്നവർ ഇപ്പോഴും വിമർശിക്കുന്ന സ്വജനപക്ഷപതാം ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നതും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും കരണാണ് എന്ന തരത്തിലാണ് പലപ്പോഴും വിമർശനങ്ങൾ വന്നിട്ടുള്ളത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണശേഷമായിരുന്നു കരൺ ജോഹർ അടക്കമുള്ളവർ ഉൾപ്പെടുന്ന ബോളിവുഡിലെ സ്വജനപക്ഷപാതം വ്യാപകമായി ചർച്ചചെയ്യപ്പെട്ടത്. അന്നും ബോളിവുഡിലെ വമ്പൻന്മാർക്കെതിരെ ആദ്യം ശബ്ദമുയർത്തിയതും കങ്കണയായിരുന്നു. സുശാന്തിന്റെ മരണത്തിന് ഒരു തരത്തിൽ നോക്കുമ്പോൾ ബോളിവുഡിലെ പല പ്രമുഖരും കാരണക്കാരാണ് എന്നാണ് കങ്കണ അന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പാണ് മികച്ച നടിക്കുള്ള മൂന്നാമത്തെ ദേശീയ പുരസ്കാരം കങ്കണ സ്വന്തമാക്കിയത്. മണികർണിക എന്ന സിനിമയാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. സംവിധായകനുമായുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെ ചിത്രം നിന്നുപോയപ്പോള്‍ സംവിധായിക കുപ്പായമെടുത്തണിഞ്ഞ് കങ്കണ തന്നെയാണ് മണികര്‍ണിക പൂര്‍ത്തിയാക്കിയത്. ഈ പുരസ്‌കാര നേട്ടത്തോടെ നടിമാരില്‍ ഏറ്റവുമധികം ദേശീയ പുരസ്‌കാരം നേടിയവരില്‍ നടി ശാരദയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കങ്കണ. മാസങ്ങൾക്ക് മുമ്പ് ലോക സിനിമയിലെ പ്രമുഖ നടിമാരെ വെല്ലുവിളിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു താരം ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.
Recommended Video

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന സിനിമയാണ് കങ്കണയുടേതായി ഏറ്റവും അവസാനം റിലീസിനെത്തിയ സിനിമ. വിവിധ ഭാഷകളിലാണ് എ.എൽ വിജയ് സംവിധാനം ചെയ്ത തലൈവി റിലീസിനെത്തിയത്. കങ്കണ ജയലളിതയായുള്ള അഭിനയത്തിനായി വളരെയേറെ തയ്യാറെടുപ്പുകൾ നടത്തിയതെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധാക്കഡ്, തേജസ് എന്നീ സിനിമകളാണ് ഇനി റിലീസിനെത്താനുള്ള കങ്കണ റണൗട്ട് സിനിമകൾ. ധാക്കഡ് 2022 ഏപ്രിൽ 8ന് പ്രദർശനത്തിനെത്തും. റസ്‍നീഷ് റാസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ കങ്കണയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണയെത്തുന്നത്. അർജുൻ റാംപാലും ദിവ്യ ദത്തയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ വർഷം ഒക്ടോബറിലാണ് നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടുപോയതോടെ റിലീസും മാറ്റിവയ്ക്കുകയായിരുന്നു.


Click it and Unblock the Notifications











