സമ്മര്‍ദ്ദം താങ്ങാനായില്ല, ജീവിതം മടുത്തു; ഞാന്‍ മദ്യത്തിന് അടിമയായി; തുറന്നു പറഞ്ഞ് മനീഷ
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും മനീഷ നിറ സാന്നിധ്യമായിരുന്നു. സമാന്തര സിനിമകളിലും മുഖ്യധാര സിനിമകളിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്നു നായിക. നേപ്പാള്‍ സ്വദേശിയാണ് മനീഷ. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ നേപ്പാളി സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്.
ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തില്‍ ശ്യാമ പ്രസാദിന്റെ ഇലക്ട്ര എന്ന സിനിമയും നടി അഭിനയിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ കുടുംബാംഗം കൂടിയാണ് മനീഷ. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബിശ്വേശ്വര്‍ പ്രസാദ് കൊയ്രാളയുടെ കൊച്ചുമകളാണ് മനീഷ. അതേസമയം തന്റെ കരിയറിലെ വിജയം നിലനിര്‍ത്താന്‍ മനീഷയ്ക്ക് സാധിച്ചിരുന്നില്ല.

തന്റെ മോശം ശീലങ്ങളും പിന്നാലെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ക്യാന്‍സര്‍ രോഗവുമൊക്കെ മനീഷയുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ തീര്‍ത്തിരുന്നു. അതിനെയൊക്കെ മറി കടന്നാണ് മനീഷ അഭിനയത്തിലേക്ക് തിരികെ വരുന്നത്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് മനീഷ ആത്മകഥയില്‍ തുറന്നെഴുതിയിരുന്നു.
'പണം, പ്രശസ്തി, പുരസ്‌കാരങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. ഏത് സമയത്തും പാര്‍ട്ടി ചെയ്യാന്‍ സുഹൃത്തുക്കളും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്ന ജീവിതമുണ്ടായിട്ടും അസ്വഭാവികമായി ചിലത് എനിക്ക് തോന്നാന്‍ തുടങ്ങി. 1999 ല്‍ ലാവരിസിന്റെ ഷൂട്ടിംഗിനിടെയാണ് ഇതെനിക്ക് തോന്നിത്തുടങ്ങിയത്. അതുവരെ ഞാന്‍ നിര്‍ത്താതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ദിവസനേ എഴുന്നേറ്റ്, മേക്കപ്പ് ഇട്ട് ലൊക്കേഷനില്‍ ഷൂട്ടിം?ഗിന് പോവുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും തനിക്ക് മടുത്തെന്ന് ഞാന്‍ ഡിംപിള്‍ കപാഡിയയോട് പറഞ്ഞു' എന്നാണ് മനീഷ പറയുന്നത്.
'എനിക്ക് ജീവിതത്തില്‍ വിരസതയും താല്‍പര്യക്കുറവും അനുഭവപ്പെട്ടു. നിരവധി വേഷങ്ങള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം, ഓരോ ദിവസവും നിരവധി വികാരങ്ങള്‍ പ്രകടിപ്പിക്കുക എന്നതെല്ലാം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ ഒരു റോബോട്ടായി മാറി. ലൈറ്റ്, ക്യാമറ ആക്ഷന്‍ എന്ന സ്‌നാപ്പില്‍ തല്‍ക്ഷണം മറ്റൊരു വ്യക്തിത്വം ധരിക്കുന്നു' എന്ന അവസ്ഥയായിരുന്നുവെന്നാണ് മനീഷ പറയുന്നത്.
'സമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു. എന്റെ കഥാപാത്രങ്ങളുടെ സങ്കീര്‍ണതകള്‍ എന്റെ ആത്മാവിനെ കടിച്ചു കീറാന്‍ തുടങ്ങി. അവധിക്കാലം എനിക്ക് ഇല്ലായിരുന്നു. തെളിഞ്ഞ നീലാകാശവും ബീച്ചുകളും കാണാന്‍ സമയമില്ല. സിനിമാ സെറ്റിലേക്കും ഹോട്ടലിലേക്കുമുള്ള നിരന്തര യാത്രകള്‍ മാത്രം,' എന്നാണ് അക്കാലത്തെ തന്റെ ജീവിതത്തെക്കുറിച്ച് മനീഷ പറയുന്നത്. ഇതോടെ താന്‍ മദ്യപാനം തുടങ്ങിയെന്നും മനീഷ തുറന്നു പറയുന്നുണ്ട്.

'ഷൂട്ടില്‍ നിന്നും മനസ്സിനെ മാറ്റാന്‍ ഞാന്‍ മദ്യപാനം തുടങ്ങി. ഞാന്‍ ഒരു ഡയറ്റില്‍ ആയിട്ടുണ്ടെങ്കില്‍ അത് വോഡ്ക ആയിരിക്കും. എനിക്ക് ബാലന്‍സ് ഇല്ലെന്ന് ഒരിക്കല്‍ എന്റെ മുന്‍ കാമുകന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. നീയൊരു വര്‍ക്‌ഹോളിക് ആണ്. ഒന്നുകില്‍ ജോലി ചെയ്യുന്നു അല്ലെങ്കില്‍ പാര്‍ട്ടിയും എവിടെയാണ് നിനക്കൊരു ബാലന്‍സ് ഉള്ളത് എന്നായിരുന്നു അവന്‍ ചോദിച്ചത്,' എന്നാണ് മനീഷ പുസ്തകത്തില്‍ പറയുന്നത്.
അക്കാലത്ത് താന്‍ തന്റെ ജോലിയെ വേണ്ടരീതിയില്‍ മാനിച്ചിരുന്നില്ലെന്നും ബോധപൂര്‍വ്വം തന്നെ തെറ്റുകള്‍ ചെയ്തുവെന്നുമാണ് മനീഷ പറയുന്നത്. നായികയായി അഭിനയിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതിനായി ബി ഗ്രേഡ് സിനിമകള്‍ ചെയ്യാന്‍ പോലും താന്‍ റെഡിയായി. തന്റെ ഈഗോയെ വളര്‍ത്തുകയായിരുന്നു താനെന്നാണ് മനീഷ പറയുന്നത്. സംവിധായകന്‍ ആരെന്നു പോലും താന്‍ നോക്കിയിരുന്നില്ലെന്നും താന്‍ അഭിനയിക്കുന്നത് പ്രധാനം വേഷമാണോ എന്ന് മാത്രമായിരുന്നു നോക്കിയിരുന്നതെന്നും മനീഷ പറയുന്നുണ്ട്.


Click it and Unblock the Notifications











