ഹൃത്വിക്കിന്റെ കുത്തേറ്റ് ബോധം കെട്ട് വീണ പങ്കജ് ത്രിപാഠി; ബോധം തെളിയുമ്പോള്‍ ചുറ്റും ആള്‍ക്കൂട്ടം!
ഒരു സിനിമാക്കഥ പോലെ നാടകീയവും സംഭവബഹുലവുമാണ് നടന്‍ പങ്കാജ് ത്രിപാഠിയുടെ ജീവിതം. സാധാരണക്കാരനില്‍ നിന്നും താരത്തിലേക്കുള്ള ആ വളര്‍ച്ച ആര്‍ക്കും പ്രചോദനമാകും. വര്‍ഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവും വേണ്ടി വന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും ദേശീയ പുരസ്‌കാരം ജേതാവായി മാറാന്‍ അദ്ദേഹത്തിന്. ഇന്ന് ബിഗ് സ്‌ക്രീനിലും ഒടിടി ലോകത്തുമെല്ലാം മുന്‍നിരയിലാണ് പങ്കജ് ത്രിപാഠിയുടെ സ്ഥാനം.
ഓണ്‍ സ്‌ക്രീനില്‍ പ്രകടനങ്ങളിലൂടെ ഞെട്ടിക്കുന്ന പങ്കജ് ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ പങ്കജ് ത്രിപാഠി ഒരിക്കല്‍ പങ്കുവച്ചൊരു കഥ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള പങ്കജിന്റെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്.

മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഹൃത്വിക് നായകനായ അഗ്നിപഥിന്റെ ചിത്രീകരണത്തിനിടെ ഹൃത്വിക്കിന്റെ കുത്ത് കൊണ്ട് താന്‍ തലകറങ്ങി വീണുവെന്നാണ് പങ്കജ് പറയുന്നത്. പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകളിലേക്ക്.
''ആ സീനില്‍ ഹൃത്വിക് എന്നെ മൂന്ന് നാല് തവണ കുത്തുന്നുണ്ട്. കുത്തേല്‍ക്കുമ്പോള്‍ ഒരാള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാത്തതിനാല്‍ ഞാന്‍ ശ്വാസമെടുക്കാതെയാണ് നിന്നത്. ഈ രംഗം സൂക്ഷിച്ച് നോക്കിയാല്‍ കാണാം എന്റെ കണ്ണ് ചുവന്നിരിക്കുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കില്‍ ഞാന്‍ ബോധം കെട്ട് വീണു'' എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.
ക്യാമറ റോള്‍ ചെയ്തു കൊണ്ടിരിക്കെയാണ് ഞാന്‍ ബ്ലാക്കൗട്ടായി വീഴുന്നത്. കുറേനേരം ശ്വാസം പിടിച്ചു നിന്നിട്ടുണ്ടാകണമെന്നും അദ്ദേഹം പറയുന്നു. ഇതോടെ ആളുകള്‍ വന്ന് തന്നെ എടുത്തു കൊണ്ട് പോയി. കണ്ണ് തുറന്നപ്പോള്‍ എല്ലാവരും എനിക്ക് ചുറ്റും നില്‍ക്കുന്നതാണ് കണ്ടത് എന്നും പങ്കജ് ത്രിപാഠി പറയുന്നുണ്ട്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രം അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു. സഞ്ജയ് ദത്ത്, പ്രിയങ്ക ചോപ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അഗ്നിപഥ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തു.

അതേസമയം, 2004ലാണ് പങ്കജ് തൃപാഠി ബോളിവുഡിലെത്തുന്നത്. വര്‍ഷങ്ങള്‍ വേണ്ടി വന്നു സ്വന്തം പ്രതിഭ അടയാളപ്പെടുത്താന്‍. ഗ്യാങ്സ് ഓഫ് വസീപൂരിലെ സുല്‍ത്താന്‍ എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായി മാറുന്നത്. പിന്നാലെ അദ്ദേഹത്തെ തേടി നിരവധി വേഷങ്ങളെത്തി. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും പങ്കജ് തൃപാഠി താരമാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം പങ്കജ് തൃപാഠി കയ്യടി നേടിയിട്ടുണ്ട്.
അതേസമയം തന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന് ഹൃത്വിക് റോഷന്‍. ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. പഠാന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന സിനിമയാണ് ഫൈറ്റര്‍. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ അനില്‍ കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ച് അഭിനയിക്കുന്നത്.


Click it and Unblock the Notifications











