പര്‍വീണിനെ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് ഒളിച്ചോടിയ ഭര്‍ത്താവ്; അന്ന് മഹേഷ് ഭട്ടിനെ കാണാന്‍ വന്നത് അയാളോ?
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പര്‍വീണ്‍ ബബ്ബി. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു പര്‍വീണ്‍. ബച്ചന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പര്‍വീണ്‍ ബബ്ബിയുടെ ഡേറ്റിനായി കാത്തിരുന്ന കാലം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് ആ കരിയര്‍ നശിക്കുന്നത്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും പര്‍വീണിന്റെ കരിയറും ജീവിതവും തകര്‍ത്തു കളഞ്ഞു.
ഏതൊരു ബോളിവുഡ് ചിത്രത്തേക്കാളും നാടകീയവും സംഭവബഹുലവുമായിരുന്നു പര്‍വീണിന്റെ ജീവിതം. ഇന്ന് വേദനയോടെ മാത്രമാണ് ആരാധകര്‍ അവരെ ഓര്‍ക്കുന്നത്. കാലം അവരോട് അത്രമേല്‍ ക്രൂരത കാണിക്കാതിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇന്നും തന്റെ പ്രകടനങ്ങളിലൂടെ കയ്യടി നേടാന്‍ പര്‍വീണ്‍ ഉണ്ടാകുമായിരുന്നുവെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

ഒരു തലമുറയെ തന്റെ ആരാധകരാക്കി മാറ്റിയ നായികയാണ് പര്‍വീണ്‍. ഒരുകാലത്ത് ഗ്ലാമര്‍ എന്നതിന്റെ മറുവാക്കായിരുന്നു പര്‍വീണ്‍ ബബ്ബി. മനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവര്‍ സിനിമ ലോകത്തു നിന്നും ഇറങ്ങി നടന്നത്. അക്കാലത്തെ മുന്‍നിര താരങ്ങായ കരിണ്‍ ബേദി, ഡാനി ഡെന്‍സോംഗ്പ, സംവിധായകന്‍ മഹേഷ് ബട്ട് എന്നിവരുമായുള്ള പര്‍വീണിന്റെ പ്രണയ ബന്ധങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയവയാണ്.
എന്നാല്‍ ഇപ്പോഴും ഒരു നിഗൂഢതയാണ് പര്‍വീണ്‍. എന്താണ് ആ ജീവിതത്തില്‍ സംഭവിച്ചതെന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. പര്‍വീണിന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മുന്‍ കാമുകന്മാരും മറ്റും പറഞ്ഞുള്ള അറിവ് മാത്രമേ ഇപ്പോഴുമുള്ളൂ. പര്‍വീണ്‍ വിവാഹിതയായിരുന്നുവെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ ബിബിസി ന്യൂസ് ഹിന്ദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പര്‍വീണ്‍ ബബ്ബിയെക്കുറിച്ചുള്ള മഹേഷ് ഭട്ടിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
പ്രണയത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യം എന്നും കൂടെ ഉണ്ടായിരുന്നവളാണ് പര്‍വീണ്‍. വിവാഹം കഴിച്ചുവെങ്കിലും ഭര്‍ത്താവ് നടിയെ ഉപേക്ഷിച്ചു പോയി. പര്‍വീണിന്റെ അമ്മയില്‍ നിന്നുമാണ് ആ ബന്ധത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്നാണ് മഹേഷ് ഭട്ട് പറയുന്നത്.
''ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആയ ശേഷമാണ് അവര്‍ വിവാഹിതയാണെന്ന കാര്യം ഞാന്‍ അറിയുന്നത്. അവരുടെ അമ്മ ജുനഗഡില്‍ നിന്നും വരുമ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യുമായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഞാന്‍ അവളുടെ കൂടെയായിരുന്നു താമസിച്ചിരുന്നതും. അങ്ങനെ ഒരിക്കലാണ് അവള്‍ നേരത്തെ വിവാഹിതയായിരുന്നുവെന്നും അയാള്‍ പാക്കിസ്ഥാനിലേക്ക് പോയെന്നും പറയുന്നത്'' മഹേഷ് ഭട്ട് പറയുന്നു.
പര്‍വീണുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ പാക്കിസ്ഥാനില്‍ പോയപ്പോഴുണ്ടായ അനുഭവവും പര്‍വീണ്‍ പങ്കുവെക്കുന്നുണ്ട്. ''വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ 2003ല്‍ പാക്കിസ്ഥാനില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ എന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അയാളെ കാണാന്‍ സാധിച്ചില്ല. കാണാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞതല്ല. എന്തുകൊണ്ടോ കാണാന്‍ സാധിച്ചില്ല. എന്തിനാകും അയാള്‍ എന്നെ കാണണമെന്ന് പറഞ്ഞത്? ഞാന്‍ ഒരിക്കലും ഒരാളുടെ നേരേയും വാതില്‍ കൊട്ടിയടക്കുന്ന ആളല്ല'' എന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്.

കിരണ്‍ ബേദിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് പര്‍വീണ്‍ ബബ്ബി മഹേഷ് ഭട്ടുമായി പ്രണയത്തിലാകുന്നത്. ഈ സമയം മഹേഷ് വിവാഹിതനായിരുന്നു. കരിണ്‍ ഭട്ടും മഹേഷും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണിരുന്ന സമയമാണിത്. മഹേഷും പര്‍വീണും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അപ്പോഴേക്കും പര്‍വീണിന്റെ മനസ് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ അവരുടെ കൈ വിട്ടു പോയിരുന്നു.
മഹേഷുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പര്‍വീണ്‍ സിനിമാ ലോകത്തു നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ കൂട്ടാക്കിയിരുന്നില്ല. പതിയെ അവര്‍ പൂര്‍ണമായും മാനസിക രോഗിയായി മാറി. 2005 ലാണ് പര്‍വീണിന്റെ തന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിക്കുമ്പോള്‍ പര്‍വീണ്‍ ബബ്ബിയുടെ പ്രായം 52 ആയിരുന്നു.


Click it and Unblock the Notifications











