ഇര്‍ഫാന്റെ കാമുകിയായിരിക്കെ ഗംഭീര്‍ ശല്യം ചെയ്തു! പ്രണയിച്ചത് അവനെ മാത്രമെന്ന് പായല്‍ ഘോഷ്
സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് പായല്‍ ഘോഷ്. അതേസമയം പായല്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത് വിവാദങ്ങളിലൂടെയാണ്. ഈയ്യടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ തയ്യാറാണെന്ന് പറഞ്ഞായിരുന്നു പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയത്. നേരത്തേയും ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളുടെ പേരില്‍ പായല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും താനും അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന പായലിന്റെ വാക്കുകളും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് പായല്‍ ഘോഷ്. ട്വിറ്ററിലൂടെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് പായല്‍ ഘോഷ്.

താന്‍ ഇര്‍ഫാന്‍ പഠാനുമായി പ്രണയത്തിലായിരുന്ന കാലത്ത് മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ ഗൗതം ഗംഭീര്‍ തനിക്ക് മിസ് കോളുകള്‍ അടിക്കുമായിരുമായിരുന്നുവെന്നാണ് പായല്‍ പറയുന്നത്. ഗൗതം തന്നെ വിളിക്കുന്നതിനെക്കുറിച്ച് ഇര്‍ഫാന്‍ സഹതാരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, യൂസുഫ് പടാന്‍ തുടങ്ങിയവരോട് പറയുമായിരുന്നുവെന്നും അതേസമയം എല്ലാം ഇര്‍ഫാന് അറിയാമായിരുന്നുവെന്നും പായല്‍ പറയുന്നു.
''ഗൗതം ഗംഭീര്‍ എനിക്ക് മിസ് കോളുകള്‍ നല്‍കികൊണ്ടിരിക്കും. അത് ഇര്‍ഫാന് നന്നായി അറിയാമായിരുന്നു. അവന്‍ എന്റെ എല്ലാ കോളുകളും പരിശോധിക്കുമായിരുന്നു. ഞാന്‍ ഇര്‍ഫാനെ കാണാനായി പൂനെയില്‍ പോയപ്പോള്‍ അവന്‍ അതൊക്കെ യൂസുഫ് ഭായ്, ഹൗര്‍ദ്ദിക്, ക്രുണാല്‍ എന്നിവരോട് എന്റെ മുന്നില്‍ വച്ച് പറയുകയും ചെയ്തു. ബറോഡയുടെ ആഭ്യന്തര മത്സരം കാണാന്‍ പോയതായിരുന്നു ഞാന്‍'' എന്നാണ് പായല്‍ പറയുന്നത്.
മറ്റൊരു പോസ്റ്റില്‍ ഇര്‍ഫാന്‍ പഠാനൊപ്പമുള്ള തന്റെ ചിത്രവും പായല്‍ ഘോഷ് പങ്കുവച്ചിട്ടുണ്ട്. ഇര്‍ഫാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം തനിക്ക് സുഖമില്ലാതായെന്നാണ് പായല്‍ പറയുന്നത്. വര്‍ഷങ്ങളോളം തനിക്ക് ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത വിഷാദമായിരുന്നുവെന്നും പായല്‍ പറയുന്നു. താന്‍ ഇര്‍ഫാനെ മാത്രമാണ് പ്രണയിച്ചിട്ടുള്ളതെന്നും മറ്റാരേയും പ്രണയിച്ചിട്ടില്ലെന്നും പായല്‍ പറയുന്നുണ്ട്.
''ഞങ്ങള്‍ പിരിഞ്ഞ ശേഷം എനിക്ക് സുഖമില്ലാതായി. വര്‍ഷങ്ങളോളം എനിക്ക് ജോലി ചെയ്യാനായില്ല. പക്ഷെ ഞാന്‍ പ്രണയിച്ച ഏക വ്യക്തി അവനാണ്. അതിന് ശേഷം ഞാന്‍ മറ്റാരേയും പ്രണയിച്ചിട്ടില്ല'' എന്നാണ് പായല്‍ പറയുന്നത്. പായലിന്റെ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ ക്രിക്കറ്റ് ലോകകപ്പിനിടെയാണ് പായല്‍ ഘോഷ് താന്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറയുന്നത്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചതില്‍ ഷമിയുടെ പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഷമി ഇംഗ്ലീഷ് ശരിയാക്കുകയാണെങ്കില്‍ താന്‍ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്നായിരുന്നു പായല്‍ പറഞ്ഞത്. ഷമിയുടെ ആദ്യ വിവാഹത്തിലെ തകര്‍ച്ചയും പ്രശ്‌നങ്ങളും വലിയ വിവാദമായി മാറിയിരുന്നു.
കൊല്‍ക്കത്തക്കാരിയാണ് പായല്‍ ഘോഷ്. കുട്ടിക്കാലം മുതലേ അഭിനയം വലിയ മോഹമായിരുന്നു. അതിനായാണ് പായല്‍ മുംബൈയിലെത്തുന്നത്. വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നുവെന്നാണ് പായല്‍ പറയുന്നത്. മുംബൈയില്‍ പഠനത്തോടൊപ്പം സിനിമയില്‍ അവസരങ്ങള്‍ തേടുകയുമായിരുന്നു പായല്‍. അഭിനയം പഠിക്കുന്നതിനിടെയാണ് പായല്‍ പ്രയാണം എന്ന സിനിമയിലൂടെ അരങ്ങേറുന്നത്.


Click it and Unblock the Notifications