ഇതെന്താണ് ഇപ്പോഴും ഇങ്ങനെ! 'നിക്കിന്റെ ഭാര്യ' വിളിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ചോപ്ര
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രിയങ്ക ചോപ്ര. ലോക സുന്ദരി പട്ടം നേടി രാജ്യത്തിന് അഭിമാനമായി മാറിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറുന്നത്. പിന്നീട് ബോളിവുഡിലെത്തിയ പ്രിയങ്ക സൂപ്പര്‍നായികയായി വളരുകയായിരുന്നു. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് എത്തിയപ്പോഴും പ്രിയങ്ക ആ വിജയം ആവര്‍ത്തിച്ചു. ഇന്ന് ലോകമെമ്പാടും ആരാധകരുടെ ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. സിനിമകള്‍ മാത്രമല്ല സീരീസിലും ശക്തമായ സാന്നിധ്യം അറിയിച്ച് തനിക്ക് പിന്നാലെ വരുന്ന എല്ലാ താരങ്ങള്‍ക്കും പ്രചോദനമായി മാറുകയും ചെയ്തു പ്രിയങ്ക ചോപ്ര. ഇന്ന് ബോളിവുഡിലും ഹോളിവുഡിലും മുന്‍നിര താരമായി വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
പോപ്പ് ഗായകന്‍ നിക്ക് ജൊനാസ് ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകര്‍ ഏറെ ആവേശത്തോടെ ആഘോഷമാക്കിയ വിഷയമാണ്. വന്‍ ആര്‍ഭാടത്തോടെ നടന്ന പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരുന്നു. തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസം മുതല്‍ ദേശത്തിന്റേയും ഭാഷയുടേയുമെല്ലാം അതിരുകളെ മറി കടന്നുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്ക് പ്രചോദനമായി മാറിയിരുന്നു. പ്രിയങ്കയുടേയും നിക്കിന്റെ പ്രായ വ്യത്യാസം എന്നും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചര്‍ച്ചയാക്കിയിട്ടുണ്ട്.

പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പ്രായം കൂടുതലാണെന്ന വസ്തുതയുടെ പേരിലായിരുന്നു പല വിമര്‍ശനങ്ങളും. എന്നാല്‍ ഇതിനെതിരെ പലപ്പോഴും പ്രിയങ്കയും നിക്കും തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്നോടുള്ള സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഒരു മാധ്യമ റിപ്പോര്‍ട്ടിനെതിരെയാണ് പ്രിയങ്ക രംഗത്ത് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ പുതിയ സിനിമയായ മെട്രിക്‌സ് ഫോറിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് പ്രിയങ്ക ചോപ്ര. ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോര്‍ട്ടാണ് താരത്തെ പ്രകോപിപ്പിച്ചത്. വാര്‍ത്തയില്‍ പ്രിയങ്ക ചോപ്രയെ പരാമര്‍ശിച്ചിരിക്കുന്നത് നിക്കിന്റെ ഭാര്യ എന്നായിരുന്നു. ഇതിനെതിരെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയത്. ''ഇത് വളരെയധികം രസകരമായിരിക്കുന്നു. ഞാന്‍ എക്കാലത്തേയും ഐക്കോണിക് ആയ ഫ്രാഞ്ചൈസുകളിലൊന്നിന്റെ പ്രൊമോഷനിലാണ്. പക്ഷെ എന്നെ ഇപ്പോഴും വിളിക്കുന്നത് ഇന്നയാളുടെ ഭാര്യ എന്നാണ്'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

''ഇപ്പോഴും സ്ത്രീകള്‍ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞ് തരൂ. എന്റെ ഐഎംഡിബി ലിങ്കും ഞാന്‍ എന്റെ ബയോയില്‍ ചേര്‍ക്കണമോ?''എന്നും പ്രിയങ്ക ചോദിക്കുന്നുണ്. തന്റെ ഭര്‍ത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊനാസിനേയും പ്രിയങ്ക ചോപ്ര ടാഗ് ചെയ്തിട്ടുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ളത്. മെട്രിക്‌സ് ദ റിസറക്ഷന്‍ എന്നാണ് നാലാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് പ്രിയങ്ക ചോപ്ര.
Recommended Video

അതേസമയം കഴിഞ്ഞ ദിവസം പിങ്കെറ്റ് സ്മിത്തിന്റെ റെഡ് ടേബിള്‍ ടോക്കില്‍ കഴിഞ്ഞ ദിവസം അതിഥിയായി പ്രിയങ്ക എത്തിയിരുന്നു. തന്റെ ഭര്‍ത്താവ് നിക്ക് ജൊനാസ് മെട്രിക്‌സ് പരമ്പരയുടെ ആരാധകന്‍ ആണെന്നാണ് പ്രിയങ്ക പറയുന്നത്. തന്റെ ഭാര്യ മെട്ര്കിസില്‍ ഉണ്ടെന്ന് പറഞ്ഞ് നിക്ക് സുഹൃത്തുക്കള്‍ക്കിടയില്‍ ആളായിട്ടുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ''അവന്‍ മെട്രിക്‌സിന്റെ ആരാധകനാണ്. ഞാന്‍ സിനിമയുടെ ഭാഗം ആയപ്പോള്‍ അവന് ഭയങ്കര സന്തോഷമായി. സുഹൃത്തുക്കളോട് എന്റെ ഭാര്യ മെട്രിക്‌സിലുണ്ടെന്ന് വീമ്പ് പറഞ്ഞിട്ടുണ്ടാകാം'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.


Click it and Unblock the Notifications