കരഞ്ഞാണ് എന്റെ മോള്‍ ആ കരാറില്‍ ഒപ്പിട്ടത്, എനിക്ക് പറ്റില്ല അമ്മേയെന്ന് പറഞ്ഞ് കരഞ്ഞു: പ്രിയങ്കയുടെ അമ്മ
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് പ്രിയങ്ക. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബര്‍ഫി, അന്ദാസ്, ഫാഷന്‍, ബാജിറാവു മസ്താനി, തുടങ്ങി ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രകടനങ്ങള്‍ നടത്തിയാണ് പ്രിയങ്ക മിന്നും താരമായി മാറുന്നത്.
സൗന്ദര്യ മത്സരത്തിലൂടേയും മോഡലിംഗിലൂടേയുമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. 2000 ല്‍ മിസ് വേള്‍ഡ് പട്ടം നേടിയാണ് പ്രിയങ്ക ശ്രദ്ധ നേടുന്നത്. പഠനത്തില്‍ നിന്നും ഇടവേളയെടുത്താണ് പ്രിയങ്ക അന്ന് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. പക്ഷെ ലോകസുന്ദരിയായതിന് പിന്നാലെ പ്രിയങ്കയെ തേടി സിനിമ എത്തി. അവിടേയും പ്രിയങ്ക വിജയം നേടിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

പ്രിയങ്കയുടെ സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മധു ചോപ്ര. ലോകസുന്ദരി പട്ടം നേടി ഇന്ത്യയിലെത്തിയതും പ്രിയങ്കയെ തേടി സിനിമയില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നുവെന്നാണ് അമ്മ മധു ചോപ്ര പറയുന്നത്. എന്നാല്‍ അവള്‍ സിനിമയ്ക്ക് എതിരായിരുന്നു. ഇല്ല, എനിക്ക് പഠിക്കണം എന്നാണ് പ്രിയങ്ക പറഞ്ഞത്. ഇത്തരം അവസരങ്ങള്‍ എപ്പോഴും ലഭിക്കില്ല, പഠനം എപ്പോള്‍ വേണമെങ്കിലും ആവാമല്ലോ എന്ന് തങ്ങള്‍ മകളെ ഉപദേശിച്ചുവെന്നും അമ്മ പറയുന്നു.
രണ്ട് മാസത്തേക്ക് നോക്കാമെന്നാണ് പ്രിയങ്കയോട് അമ്മയും വീട്ടുകാരും പറഞ്ഞത്. ഒരു സിനിമ ചെയ്തു നോക്കാം. അത് ഇഷ്ടമല്ലാതെ വന്നാല്‍ തിരിച്ച് പഠിത്തത്തിലേക്ക് പോകാം എന്ന് വീട്ടുകാര്‍ പറഞ്ഞു. അത് തന്നെ അവള്‍ ചെയ്തു. ''അവള്‍ ആദ്യം ഒപ്പിട്ട കരാറില്‍ നിറയെ അവളുടെ കണ്ണുനീരായിരുന്നു. ഞാന്‍ ഇത് ചെയ്യുന്നത് നിങ്ങള്‍ പറയുന്നത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞു. പക്ഷെ ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ അവള്‍ മാറി'' എന്നാണ് മധു ചോപ്ര പറയുന്നത്.
ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ പ്രിയങ്കയ്ക്ക് ആ അനുഭവം ഇഷടപ്പെട്ടു. അതോടെ അഭിനയം തുടരാന്‍ പ്രിയങ്ക തീരുമാനിച്ചുവെന്നാണ് അമ്മ പറയുന്നത്. തമിഴകത്തിന്റെ ദളപതി വിജയുടെ നായികയായി തമിഴന്‍ എന്ന ചിത്രത്തിലൂടെ 2002 ലാണ് പ്രിയങ്ക ചോപ്ര അരങ്ങേറുന്നത്. തൊട്ടടുത്ത വര്‍ഷം ബോളിവുഡിലെത്തി. തങ്ങളുടെ മകളുടെ ഭാവി സിനിമയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് അമ്മ മധു ചോപ്ര പറയുന്നത്.

ബോളിവുഡിലെ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ പലതരത്തിലുള്ള വിവേചനവും തനിക്ക് നേരിടേണ്ടി വന്നതായി പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോട് തുടക്കകാലത്ത് പലരും പുറമെയുള്ളവള്‍ എന്ന നിലയിലാണ് പെരുമാറിയതെന്നും പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു. എന്തായാലും പ്രിയങ്ക ചോപ്ര തന്റെ കഠിനാധ്വാനവും കഴിവും കൊണ്ട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറി.
ബോളിവുഡിലെ വിജയത്തിന് പിന്നാലെയാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. അവിടേയും വിജയം ആവര്‍ത്തിച്ചതോടെ ഗ്ലോബല്‍ ഐക്കണായി മാറുകയായിരുന്നു പ്രിയങ്ക. ഇപ്പോള്‍ പ്രിയങ്കയുടെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ബോളിവുഡ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീ ലേ സരയിലൂടെ പ്രിയങ്ക തിരികെ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം ഈ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











