ആ നടന്‍ മുഖത്ത് നോക്കാന്‍ കൂട്ടാക്കിയില്ല; ഷൂട്ടിംഗ് തന്നെ നിര്‍ത്തിപ്പിച്ച് പ്രിയങ്ക ചോപ്ര; വെളിപ്പെടുത്തല്‍
ബോളിവുഡും കടന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും പ്രിയങ്കയ്ക്ക് ഇന്ന് ആരാധകരുണ്ട്. പക്ഷെ ആ യാത്ര ഒട്ടും സുഖമമായിരുന്നില്ല. തന്റെ കരിയറില്‍ പ്രിയങ്കയ്ക്ക് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹിറ്റ് സിനിമകളിലെ നായികയായിരുന്നിട്ടും പലപ്പോഴും അവഗണനകളും മാറ്റി നിര്‍ത്തലുകളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രിയങ്ക ചോപ്ര. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച താരം രണ്ടു പേരുടെ ആ രംഗം തന്റേത് മാത്രമാക്കി മാറ്റിയതിനെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്. തനിക്ക് പറയാനോ ശ്വാസം വിടാനോ പോലും സമയം തന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

ആ താരമായിരുന്നു സീനുകള്‍ തീരുമാനിച്ചിരുന്നത്. തനിക്ക് തോന്നുന്ന തരത്തില്‍ അയാള്‍ രംഗങ്ങള്‍ മാറ്റുമായിുരന്നുവെന്നും പ്രിയങ്ക പറയുന്നു. അത്തരം സമയത്ത് താന്‍ സ്വയം പിന്മാറുമായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.
''ഒറ്റയ്ക്ക് അഭിനയിച്ചിരുന്ന ചില സഹ നടന്മാരുണ്ടായിട്ടുണ്ട്. അവര്‍ വരും, തങ്ങള്‍ക്ക് ചെയ്യേണ്ട രംഗം ഇതാണെന്ന് തീരുമാനിക്കും. ബാക്കിയെല്ലാവരും അത് അംഗീകരിക്കണം. അദ്ദേഹം സോളോ പെര്‍ഫോമന്‍സിന് തയ്യാറെടുക്കുകയാണെന്ന് എല്ലാവരും സമ്മതിക്കണം. നമ്മുടെ ഡയലോഗ് പറഞ്ഞ് തീര്‍ക്കാനോ ശ്വാസം വിടാനോ പോലും അയാള്‍ കാത്തു നില്‍ക്കില്ല. കാരണം അവരാണ് ആ രംഗം എങ്ങനെ ചിത്രീകരിക്കണമെന്ന് തീരുമാനിക്കുന്നത്'' പ്രിയങ്ക പറയുന്നു.
എന്നെങ്കിലും സഹതാരം എങ്ങനെയാണ് ഒരു രംഗം അഭിനയിക്കേണ്ടത് എന്ന് പറഞ്ഞ് തന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി പറയുന്നുണ്ട്. സംവിധായകനോ, മുതിര്‍ന്ന അഭിനേതാവോ താന്‍ ആരാധിക്കുന്നവരോ പറയുകയാണെങ്കില്‍ താന്‍ കേള്‍ക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ ഞാന്‍ ഇങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് കരുതി പറയുന്ന ആളുകളെ താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്.
''അത് സംഭവിച്ചിട്ടുണ്ട്. ഷൂട്ട് തന്നെ നിര്‍ത്തിവച്ചു. അതൊരു മോണോലോഗ് ആയിരുന്നു. ആളുടെ പേര് പറയുന്നില്ല. എന്നെക്കുറിച്ച് എന്താണ് തോന്നുന്നത് എന്ന് അയാള്‍ പറയുന്നതാണ് രംഗം. പക്ഷെ അദ്ദേഹം എന്നെ നോക്കണ്ട എന്ന് തീരുമാനിച്ചു. പറഞ്ഞു കൊണ്ടേയിരിക്കുന്നു. എനിക്ക് എന്റെ ഡയലോഗ് പറയണം. പക്ഷെ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ സംവിധായകനെ പോയി കണ്ടു. അയാളെ ഞാന്‍ ആരാധിക്കുന്നുണ്ട്. പക്ഷെ ഇതെനിക്ക് പ്രയാസമാണ്. ഞാന്‍ ഡയലോഗ് പറയുന്നത് എങ്ങനെയെന്ന് കൂടെ അഭിനയിക്കുന്നവര്‍ ശ്രദ്ധിക്കണം എനിക്ക്'' പ്രിയങ്ക പറയുന്നു.

''ഞങ്ങള്‍ ഷൂട്ട് തന്നെ നിര്‍ത്തിവച്ചു. തിരികെ ഹോട്ടലിലേക്ക് പോയി. ആ രംഗം ഒന്നുകൂടെ വായിച്ചു. അവിടെ വച്ച് ഒരുമിച്ചൊരു അന്തരീക്ഷം ഉണ്ടാക്കിയെടുത്തു. അടുത്ത ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്. അത് വളരെ നന്നായി വന്നു. സിനിമയും നല്ല വിജയം നേടി'' എന്നും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ബുള്ളിയിംഗ് താന്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ലെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നുണ്ട്.
''വെറുതെ ഇരുന്ന് ബുള്ളിയിംഗ് നേരിടുന്നവളല്ല ഞാന്‍. പക്ഷെ അഗ്രസീവായി പോരിടുന്നവളുമല്ല. ഞാന്‍ സംസാരിച്ച് പരിഹാരം കണ്ടെത്തുന്ന ആളാണ്. എനിക്ക് എന്റെ ജോലിയറിയാം. പക്ഷെ ചെറുപ്പത്തില്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടം കഴിയുമ്പോള്‍, അത്യാവശ്യം പെര്‍ഫോമന്‍സുകള്‍ നല്‍കിക്കഴിഞ്ഞുവെന്ന് മനസിലാകുമ്പോള്‍ മറ്റൊരാളെ അവരാണ് നമ്മളേക്കാള്‍ മികച്ചതെന്ന് പറയാന്‍ നമ്മള്‍ അനുവദിക്കില്ല. അതാരായാലും. ആത്മവിശ്വാസം വന്നിട്ടുണ്ടാകും'' എന്നാണ് പ്രിയങ്ക പറഞ്ഞത്.


Click it and Unblock the Notifications