പ്രിയങ്കയും നിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പില്‍! കുഞ്ഞിനായി കരിയര്‍ മാറ്റി വെക്കാന്‍ തയ്യാറെന്നും നടി
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളില്ലാതെയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. സൗന്ദര്യ മത്സരത്തിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക കരിയര്‍ ആരംഭിക്കുന്നത് തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ബോളിവുഡിലെത്തിയ പ്രിയങ്ക തന്റെ പ്രകടന മികവിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. എന്നാല്‍ ബോളിവുഡില്‍ മാത്രമായി നില്‍ക്കാന്‍ പ്രിയങ്ക കൂട്ടാക്കിയില്ല. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചുവടുവെച്ച പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണായി മാറിയിരിക്കുകയാണ്.
കഠിനാധ്വാനത്തിലൂടെ തന്റെ ആരാധകര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ പ്രണയവും താരത്തിന്റെ കരിയര്‍ പോലെ തന്നെ നടപ്പു രീതികള്‍ക്ക് നേര്‍ വിപരീതമായിരുന്നു. ത ന്നേക്കാള്‍ പത്ത് വയസ് കുറവുള്ള പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക പ്രണയിച്ചതും വിവാഹം കഴിച്ചതും. തങ്ങളുടെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രിയങ്കയും നിക്കും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്ന് അവരെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ജീവിതം ആഘോഷമാക്കി മാറ്റുകയാണ് പ്രിയങ്കയും നിക്കും.

അതേസമയം പ്രിയങ്കയും നിക്കും നിരന്തരം നേരടുന്ന ചോദ്യമാണ് കുട്ടിയെക്കുറിച്ചുള്ളത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്. 2018 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. ബോളിവുഡ് കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവും വിവാഹം നടന്നിരുന്നു. വിവാഹത്തിന് മുന്ന് വര്‍ഷം പിന്നിടുമ്പോള്‍ പ്രിയങ്കയും നിക്കും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് കുട്ടിയും കുടുംബവും. ഇത്തവണ ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയങ്ക.

കുട്ടി എന്നത് തങ്ങളുടെ ഭാവിയിലെ പ്ലാനുകളില്‍ ഒന്നു തന്നെയാണെന്നാണ് പ്രിയങ്ക പറയുന്നത്. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സംഭവിക്കുമ്പോള്‍ സംഭവിക്കുമെന്നുമാണ് പ്രിയങ്ക പറയുന്നത്. ''ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നിക്കിന്റേയും തന്റേയും തിരക്കുകളാണോ ഇപ്പോള്‍ കുട്ടിഖള്‍ വേണ്ട എന്ന തീരുമാനത്തിന് പിന്നിലെന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി അല്ലെന്നായിരുന്നു. അത്രമാത്രം തിരക്കില്ലെന്നും താരം തമാശയായി പറയുന്നുണ്ട്.

അതേസമയം മാതാപിതാക്കള്‍ ആയാല്‍ കരിയറിലെ തിരക്കുകള്‍ കുറക്കുന്നതിന് താനും നിക്കും തയ്യാറാണെന്നും പ്രിയങ്ക പറയുന്നു. നേരത്തെ ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയില്‍ പ്രിയങ്ക താന്‍ ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് തമാശ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ പ്രിയങ്കയും നിക്കും കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരുന്നു. മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണ്.
Recommended Video

ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓള്‍ വുമണ്‍ ട്രാവല്‍ മൂവിയായിരിക്കും ജീ ലേ സര എന്നതും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് കൂട്ടുന്നതാണ്. സോയ അക്തറും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ആരാധകര്‍ ഏറെ നാളായി ആവശ്യപ്പെടുന്നതായിരുന്നു നായികമാര്‍ അണിനിരക്കുന്നൊരു റോഡ് മൂവി എന്നത്.


Click it and Unblock the Notifications