ഞാനവളെ വളര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു; ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച പ്രിയങ്ക ചോപ്ര
ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ അമ്മയായി മാറിയിരിക്കുകയാണ് പ്രിയങ്ക. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രിയങ്ക അമ്മയാകുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായി മാറിയത്. കുട്ടിയുടെ വരവോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തു നില്‍ക്കുകയാണ് പ്രിയങ്ക. ഉടനെ തന്നെ താരം ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പറയുന്നത്.
തനിക്ക് കുട്ടികളെ വളരെയധികം ഇഷ്ടമാണെന്ന് നേരത്തെ തന്നെ പ്രിയങ്ക പറഞ്ഞിരുന്നു. തന്റെ സ്റ്റൈലിസ്റ്റിന്റെ മകളോടുള്ള അടുപ്പത്തെക്കുറിച്ചും നേരത്തെ പ്രിയങ്ക മനസ് തുറന്നിരുന്നു. ഒരിക്കല്‍ കാറിന്റെ അടിയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ ദത്തെടുക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കുടുംബം എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളില്ലാത്ത ദമ്പതികള്‍ ആ കുട്ടിയെ ദത്തെടുക്കുകയായിരുന്നു.

2021 ല്‍ പുറത്തിറങ്ങിയ അണ്‍ഫിനിഷ്ഡ് എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലാണ് പ്രിയങ്ക ആ സംഭവത്തെക്കുറിച്ച് പറയുന്നത്. ലോക സുന്ദരിയാകുന്നതിന് മുമ്പ് നടന്ന സംഭവമായിരുന്നു അത്. അമ്മ മധു ചോപ്രയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ''എന്റെ അമ്മമ്മ ഞങ്ങള്‍ക്കൊപ്പം താമസിക്കാന്‍ വന്ന സമയമായിരുന്നു അത്. സിഡ് ജനിച്ചതേയുണ്ടായിരുന്നുള്ളൂ. ഒരുദിവസം അമ്മയും അമ്മമ്മയും തമ്മില്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കേട്ടു. ഞാന്‍ ഉറക്കം ഉണര്‍ന്ന് നോക്കിയപ്പോള്‍ അമ്മ ഒരു കൊച്ച് കുഞ്ഞിനെ താലോലിക്കുകയാണ്'' പ്രിയങ്ക പറയുന്നു.
''സഹോദരന്റെ ജനനത്തിന് സഏഷം ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ കാറിലേക്ക് കയറുമ്പോള്‍ പിന്നില്‍ നിന്നും ഒരു കരച്ചില്‍ കേള്‍ക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു അപ്പോള്‍. ആരോ ഈ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. അന്ന് രാത്രി ഞാന്‍ ആ കുട്ടിയെ ഞങ്ങളുടെ കൂടെ നിര്‍ത്താന്‍ ഒരുപാട് കൊതിച്ചിരുന്നു. തീരെ കുഞ്ഞായിരുന്നു. എന്റെ അനിയന്റെ വസ്ത്രമായിരുന്നു അതിനെ ഉടുപ്പിച്ചത്. പക്ഷെ ഞങ്ങള്‍ക്ക് ആ കുട്ടിയെ കൂടെ നിര്‍ത്താന്‍ പറ്റില്ലെന്ന് അമ്മ മനസിലാക്കി തന്നു'' എന്നാണ് പ്രിയങ്ക പറയുന്നത്.
പിന്നീട് കുറച്ച് നല്ല സമയം ആ കുട്ടിയോടൊപ്പം ചെലവിടാന്‍ സാധിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്. എങ്കിലും ഒടുവില്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയെന്നും പ്രിയങ്ക പറയുന്നു. ''ഒരുപാട് പേപ്പര്‍ വര്‍ക്കുകളുണ്ടായിരുന്നു. അതൊന്നും എനിക്കന്ന് മനസിലായിരുന്നില്ല. അന്ന് അവര്‍ക്കരികിലേക്ക് ഒരു മഴയുള്ള രാത്രിയില്‍ പോകുമ്പോള്‍ ആ കുഞ്ഞ് എന്റെ വിരലില്‍ പിടിച്ച് കിടക്കുകയായിരുന്നു. ആ ദമ്പതികളുടെ മുഖം ഞാന്‍ മറക്കില്ല. ആ സ്ത്രീ നന്ദി പറഞ്ഞു കൊണ്ട് മുട്ട് കുത്തി. അവര്‍ക്ക് ഒന്നും വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. നല്ല മഴയുള്ള ഒരു ജന്മാഷ്ടമി ദിവസമായിരുന്നു അത്'' എന്നാണ് പ്രിയങ്ക പറയുന്നത്.
അതേസമയം പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചിരിക്കുന്നത് പെണ്‍കുട്ടിയാണ്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് കുട്ടിയ്ക്ക് ദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ഫെബ്രുവരിയിലായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ''വാടകഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ക്ക് കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത പങ്കിടുവാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളുടെ കുടംബത്തില്‍ ശ്രദ്ധിക്കുന്ന ഈ സമയം ഞങ്ങളുടേതായ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.


Click it and Unblock the Notifications