ഓസ്‌കാര്‍ നേടിയാലും അവര്‍ അംഗീകരിക്കില്ല, ഭാരം കൂടിയപ്പോഴും കുറഞ്ഞപ്പോഴും കളിയാക്കല്‍: രാധിക
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രാധിക മഥന്‍. ടെലിവിഷന്‍ ഷോകളിലൂടെയാണ് രാധിക തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ പട്ടാക്ക എന്ന ചിത്രത്തിലൂടെയാണ് രാധിക ബിഗ് സ്‌ക്രീനിലെത്തുന്നത്. തുടര്‍ന്ന് അംഗ്രേസി മീഡിയം, മര്‍ദ് കോ ദര്‍ദ് നഹീ ഹോത്താ, കുത്തേ, ഷിദ്ധത്ത് തുടങ്ങി നിരവധി സിനിമകളില്‍ രാധിക അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു.
ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചുള്ള രാധികയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഭാരം കൂടിയതിന്റെ പേരിലും കുറഞ്ഞതിന്റെ പേരിലും തനിക്ക് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രാധിക പറയുന്നത്. പട്ടാക്കയ്ക്ക് വേണ്ടി താന്‍ 12 കൂട്ടിയിരുന്നുവെന്നാണ് രാധിക പറയുന്നത്. ആ സമയത്താണ് താന്‍ ബോഡി ഷെയ്മിംഗ് നേരിട്ടതെന്നാണ് രാധിക പറയുന്നത്.

പിന്നീട് മറ്റൊരു സിനിമയ്ക്കു വേണ്ടി ഭാരം കുറച്ചപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്ന് രാധിക പറയുന്നു. ''ആരും എപ്പോഴും സന്തോഷിക്കുകയേയില്ല. പട്ടാക്കയ്ക്ക് വേണ്ടി 12 കിലോ കൂട്ടിയിരുന്നു. അതിന് എന്നെ കളിയാക്കി. അംഗ്രേസിയ്ക്ക് വേണ്ടി ഭാരം കുറച്ചപ്പോഴും എന്നെ കളിയാക്കി'' എന്നാണ് രാധിക പറയുന്നത്. എന്ത് ചെയ്താലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനാകില്ലെന്നാണ് രാധിക പറയുന്നത്.
അതേസമയം താന്‍ ഏത് ഷെയ്പ്പിലാണെങ്കിലും ആരോഗ്യത്തോടെ ഇരുന്നാല്‍ മതിയെന്നും അതിലാണ് താന്‍ സന്തോഷിക്കുന്നതെന്നും രാധിക പറഞ്ഞു. ''ശിദ്ധത്ത് ചെയ്തപ്പോള്‍ ഇപ്പോഴത്തേതിലും തടിയുണ്ട്. അതിന് എന്നെ കളിയാക്കി. ഭാരം കുറച്ചാലും കളിയാക്കും. അവരെ സന്തോഷിപ്പിക്കാനാകില്ല. ആളുകള്‍ അവനവനെ തന്നെയാണ് നമ്മളില്‍ കാണുന്നത്. ഞാന്‍ ഏത് സൈസിലും ഫിറ്റ് ആണെങ്കിലും എനര്‍ജിയുണ്ടെങ്കിലും ഞാന്‍ സന്തുഷ്ടയാണ്'' രാധിക പറയുന്നു.
താന്‍ ഒരു ഷേയ്പ്പും സൈസും ലക്ഷ്യമിടുന്നില്ലെന്നും സന്തോഷവും ആരോഗ്യകരമായ ജീവിതവുമാണ് തനിക്ക് വേണ്ടതെന്നുമാണ് രാധിക പറയുന്നത്. താന്‍ എല്ലാവരേയും ഇംപ്രസ് ചെയ്യിക്കാനല്ല ഇവിടെ നില്‍ക്കുന്നതെന്നും അതും നേടിയെടുക്കുക എന്നത് അസാധ്യമാണെന്നും രാധിക പറയുന്നു. എന്ത് ചെയ്താലും ജനങ്ങള്‍ വിധിക്കുന്നത് തുടരുമെന്നാണ് താരം പറയുന്നത്.

''ഞാന്‍ ഒരു ഷേയ്പ്പും സൈസും ലക്ഷ്യമിടുന്നില്ല. എനിക്ക് സന്തോഷത്തോടെയിരുന്നാല്‍ മതി. അതല്ലാതെ ഒന്നും വേണ്ടി. ആരോഗ്യകരമായ ജീവിതം മതി. എല്ലാവരില്‍ നിന്നും അംഗീകാരം നേടിയെടുക്കാനല്ല ഞാന്‍ വന്നത്. അത് സാധിക്കില്ല. ഓസ്‌കാര്‍ കൊണ്ടു വന്നാലും ദേശീയ അവാര്‍ഡ് നേടിയാലും ചിലര്‍ പറയും അത്ര നല്ല അഭിനയമൊന്നുമായിരുന്നില്ല എന്ന്. എത്ര ശ്രമിച്ചാലും എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല. സന്തോഷത്തോടെ ജീവിക്കാനും സമാധാനത്തോടെ ഉറങ്ങാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' രാധിക പറയുന്നു.
ടെലിവിഷനിലൂടെ ബോളിവുഡിലെത്തിയ നടിയാണ് രാധിക മഥന്‍. 2014ല്‍ സംപ്രേക്ഷണം ആരംഭിച്ച മേരി ആഷിഖി തും സേ ഹീ എന്ന പരമ്പരയിലൂടെയായിരുന്നു രാധികയുടെ അരങ്ങേറ്റം. പിന്നീടാണ് പട്ടാക്കയിലെത്തുന്നത്. അക്ഷയ് കുമാര്‍ നായകനായ സൂരരൈ പ്രൊടിന്റെ ഹിന്ദി റീമേക്കിലെ നായകയാണ് രാധിക. കൂടാതെ സജ്‌നി ഷിന്‍ഡെ കാ വൈറല്‍ വീഡിയോ, സനാ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. വെബ് സീരീസികളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രാധിക.


Click it and Unblock the Notifications