ആ വീഡിയോ കാരണം ഞാനൊരു പോണ്‍ താരമായി; ആ നടനോട് ആരും ഒന്നും ചോദിച്ചില്ല: രാജ്ശ്രീ
2023 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ ഒടിടി സീരീസുകളിലൊന്നായിരുന്നു ട്രയല്‍ ബൈ ഫയര്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സീരീസിലൂടെ മിന്നും പ്രകടനമാണ് രാജ്ശ്രീ ദേശ്പാണ്ഡെ കാഴ്ചവച്ചത്. തുടര്‍ന്ന് രാജ്ശ്രീയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി. നേരത്തെ നെറ്റ്ഫ്‌ളിക്‌സിന്റെ തന്നെ സീരീസായ സെക്രഡ് ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു രാജ്ശ്രീ.
എന്നാല്‍ സേക്രഡ് ഗെയിംസിലെ ഒരു രംഗത്തിന്റെ പേരില്‍ തന്നെ പോണ്‍ താരമായി മുദ്രകുത്തിയെന്നാണ് രാജ്ശ്രീ പറയുന്നത്. സീരിസില്‍ നിന്നുമുള്ള നവാസുദ്ദീന്‍ സിദ്ധീഖിയ്‌ക്കൊപ്പമുള്ള രാജശ്രീയുടെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം സൂമിന് നല്‍കിയ അഭിമുഖത്തിലാണ് രാജശ്രീ മനസ് തുറന്നത്. തന്റെ രംഗം വൈറലാവുക മാത്രമല്ല മോര്‍ഫ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നുമാണ് രാജ്ശ്രീ പറയുന്നത്.

''സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നിന് ശേഷം ആ സീന്‍ വൈറലായി. മാത്രമല്ല അത് മോര്‍ഫ് ചെയ്യപ്പെട്ടു. അത് മറ്റൊരു തരത്തിലുള്ള സിനിമയാക്കി മാറ്റി. എല്ലായിടത്തും അതെത്തി. എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പലതും എഴുതപ്പെട്ടു'' എന്നാണ് രാജ്ശ്രീ പറയുന്നത്. എന്നാല്‍ ആ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നവാസുദ്ദീനോടെ രംഗം ചിത്രീകരിച്ച അനുരാഗ് കശ്യപിനോടോ ആരും ഒന്നും ചോദിച്ചില്ലെന്നും എല്ലാ ചോദ്യങ്ങളും തനിക്ക് നേരെ മാത്രമായിരുന്നുവെന്നും രാജ്ശ്രീ പറയുന്നു.
''നവാസും ആ രംഗത്തിന്റെ ഭാഗമായിരുന്നുവെന്ന് ആരും പറഞ്ഞില്ല. എന്തിനാണ് ആ രംഗം ഷൂട്ട് ചെയ്തതെന്ന് അനുരാഗിനോട് ആരും ചോദിച്ചില്ല. എഡിറ്ററോട് എന്തിനാണ് കട്ട് ചെയ്തതെന്ന് ആരും ചോദിച്ചില്ല. നീയെന്തിനാണ് അത് ചെയ്തതെന്ന് ചോദിക്കപ്പെട്ട ഏക വ്യക്തി ഞാനായിരുന്നു. ഒരു ജേര്‍ണലിസ്റ്റ് എഴുതുകയാണെങ്കില്‍ തുടങ്ങുക പോണ്‍ താരം എന്നായിരിക്കും. ഇന്ന് എന്നെ എല്ലാവരും അറിയുന്നത് സേക്രഡ് ഗെയിംസിലൂടെയാണ്. ട്രയല്‍ ബൈ ഫയര്‍ പോലും അത്രയും റീച്ച് നേടിയിട്ടില്ല'' എന്നാണ് രാജ്ശ്രീ പറയുന്നത്.
അതേസമയം കഴിഞ്ഞ കാര്യത്തിന്റെ പേരില്‍ കരയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ് അതെന്നും രാജ്ശ്രീ പറയുന്നു. ചിലതൊക്കെ ഇപ്പോഴും മാറാനുണ്ടെന്നും താരം പറയുന്നു. സേക്രഡ് ഗെയിംസിന് ശേഷം ഫെയിം ഗെയിം അടക്കമുള്ള സീരീസുകളിലും രാജശ്രീ അഭിനയിച്ചിരുന്നു. നേരത്തെ സേക്രഡ് ഗെയിംസിലെ ഇന്റിമേറ്റ് രംഗം അഭിനയിക്കുവാന്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നാണ് രാജശ്രീ പറഞ്ഞത്. തുടര്‍ന്ന് നവാസുദ്ദീനാണ് തന്നെ ശാന്തയാക്കിയതെന്നും താരം പറഞ്ഞിരുന്നു.

''സുഭദ്രയെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഗായ്‌തോണ്ഡയുടെ ജീവിതത്തില്‍ അവള്‍ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. ഞാന്‍ അവതരിപ്പിച്ചത് ഉഭയസമ്മതത്തോടെയുള്ള പ്രണയ ബന്ധമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹം അത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സെക്‌സ് പോട്ടെ, ആര്‍ത്തവത്തെക്കുറിച്ച് പോലും നമ്മള്‍ സംസാരിക്കില്ല'' എന്നായിരുന്നു രാജ്ശ്രീ പറഞ്ഞത്.
അതേസമയം മോര്‍ഫിംഗിന്റെ ഇരയാകുന്ന ആദ്യത്തേയോ അവസാനത്തെയോ നടിയല്ല രാജ്ശ്രീ. ഈയ്യടുത്ത് ഡീപ് ഫേക്ക് വീഡിയോകളുടെ പേരില്‍ രശ്മിക മന്ദാന, ആലിയ ഭട്ട്, തുടങ്ങിയവരും വലഞ്ഞിരുന്നു. ഇരുവരുടേയും ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മ്മിപ്പിച്ച് പ്രചരിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications