അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്ക്, എല്ലാം കേട്ട് ഞാൻ; പിന്നീടവർക്ക് വന്ന മാറ്റം: രൺബീർ കപൂർ പറഞ്ഞത്
ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടൻമാരിലൊരാളാണ് രൺബീർ കപൂർ. രൺബീറിന്റെ കരിയറിനൊപ്പം വ്യക്തിജീവിതവും ഏറ്റവും കൂടുതൽ ചർച്ചയായിട്ടുണ്ട്. നടി നീതു കപൂറിന്റെയും അന്തരിച്ച നടൻ റിഷി കപൂറിന്റെയും മകനാണ് രൺബീർ കപൂർ. പ്രശ്ന കലുഷിതമായിരുന്നു ഒരു കാലഘട്ടത്തിൽ നീതുവിന്റെയും റിഷി കപൂറിന്റെയും ജീവിതം. അന്ന് രൺബീർ കപൂർ കുട്ടിയാണ്.
അച്ഛനേക്കാളും അമ്മ നീതു കപൂറുമായാണ് തനിക്ക് കൂടുതൽ ആത്മബന്ധം ഉണ്ടായിരുന്നെന്ന് രൺബീർ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു അകൽച്ച രൺബീറിന് പിതാവിനോടുണ്ടായിരുന്നു. മുമ്പൊരിക്കൽ തന്റെ വീട്ടിലെ വഴക്കുകളെക്കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായ ഘട്ടത്തെക്കുറിച്ചാണ് രൺബീർ സംസാരിച്ചത്.

ഒരു ബംഗ്ലാവിലാണ് ഞങ്ങൾ കഴിഞ്ഞത്. മുകളിലത്തെ നിലയിലാണ് ഞാൻ. പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെ സ്റ്റെയർ കെയ്സിലിരുന്ന് അവരുടെ വഴക്കിടലും എറിഞ്ഞുടയ്ക്കലും കേൾക്കുന്നത് എനിക്കോർമ്മയുണ്ട്. എല്ലാവരും ഇങ്ങനെയൊരു ഘട്ടത്തിലൂടെ കടന്ന് പോകും. പക്ഷെ എന്റെ മാതാപിതാക്കൾ സെലിബ്രിറ്റികളായതിനാൽ പത്രങ്ങളിൽ വാർത്തയാകും. സ്കൂളിൽ ചെറിയ തോതിൽ ഇത് നാണക്കേടായിരുന്നു. നല്ല സുഹൃത്തുക്കൾ അതേക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും രൺബീർ കപൂർ ഓർത്തു.
അതേസമയം വഴക്കുകൾ മാറ്റി വെച്ച് പിന്നീട് അച്ഛനും അമ്മയും വീണ്ടും സന്തോഷകരമായി ജീവിച്ചെന്നും രൺബീർ കപൂർ അന്ന് വ്യക്തമാക്കി. വിവാഹിതനായിരിക്കെ ഋഷി കപൂറിന് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും ഇത് വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഒരു കാലത്ത് ഗോസിപ്പുണ്ടായിരുന്നു. ഭർത്താവിന്റെ ബന്ധങ്ങളെക്കുറിച്ച് നീതു കപൂർ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. നൂറ് തവണ അദ്ദേഹത്തിന്റെ ഫ്ലേർട്ടിംഗ് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. ലൊക്കേഷനിലെ അദ്ദേഹത്തിന്റെ ബന്ധങ്ങളെക്കുറിച്ച് ആദ്യം അറിയുന്നത് ഞാനായിരിക്കും.
പക്ഷെ അവ വൺ നൈറ്റ് സ്റ്റാന്റുകളാണെന്ന് എനിക്കറിയാം. രണ്ട് വർഷത്തിന് മുമ്പ് ഇതിന്റെ പേരിൽ അദ്ദേഹവുമായി വഴക്കിടുമായിരുന്നു. എന്നാലിപ്പോൾ ഇതെത്ര നാൾ പോകുമെന്ന് നോക്കാം എന്ന മനോഭാവം വന്നെന്നും നീതു കപൂർ ഒരിക്കൽ പറയുകയുണ്ടായി. 2020 ലാണ് ഋഷി കപൂർ മരിച്ചത്. കാൻസർ ബാധിച്ച് രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു ഋഷി കപൂർ.


Click it and Unblock the Notifications

