ആ അടിയുടെ മുഴക്കം ഇപ്പോഴും എന്റെ കാതിലുണ്ട്! കരണത്ത് അടി കിട്ടിയതിനെപ്പറ്റി രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. സൂപ്പര്‍ താരമായ അച്ഛന്റേയും മുന്‍നിര നായികയായ അമ്മയുടേയും മകനാണ് രണ്‍ബീര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ പുതുതലമുറക്കാരന്‍. ആ പാരമ്പര്യത്തിലൂടെയാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ രണ്‍ബീറിന് സ്വന്തമായൊരു ഇടം കണ്ടെത്താനായി. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ നായകന്മാരില്‍ ഒരാളാണ് രണ്‍ബീര്‍.
റിലേറ്റബിള്‍ കഥാപാത്രങ്ങള്‍ ചെയ്താണ് രണ്‍ബീര്‍ ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. തന്റെ കുസൃതി കൊണ്ട് രണ്‍ബീര്‍ കയ്യടി നേടിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും രണ്‍ബീര്‍ വികൃതിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നന്നായി കോപ്പിയടിക്കുമായിരുന്നുവെന്നും ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ലെന്നുമാണ് രണ്‍ബീര്‍ പറയുന്നത്.

എന്നാല്‍ ഒരിക്കല്‍ ക്ലാസില്‍ നിന്നും മുങ്ങാന്‍ ശ്രമിക്കവെ തന്നെ പ്രിന്‍സിപ്പാള്‍ പിടികൂടിയിട്ടുണ്ടെന്നാണ് രണ്‍ബീര്‍ പറയുന്നത്. ''ഞാന്‍ ഗംഭീര കോപ്പിയടിക്കാരനായിരുന്നു. ഒരിക്കലും കോപ്പിയടിക്കുന്നതില്‍ പിടിക്കപ്പെട്ടിട്ടില്ല. പക്ഷെ ഞാന്‍ ഓര്‍ക്കുന്ന മറ്റൊന്നുണ്ട്. ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുകയായിരുന്നു. ക്ലാസ് നടക്കുന്നതിനിടെ ഞാന്‍ മുങ്ങാന്‍ ശ്രമിച്ചു. പ്രിന്‍സിപ്പാള്‍ വന്ന് എന്റെ മുന്നില്‍ നിന്നു. നല്ല അടിയാണ് അന്ന് കിട്ടിയത്. അന്ന് കിട്ടിയ അടി ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. ഞാനിന്നും ഓര്‍ക്കുന്നു'' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
അഭിനയത്തിന് പുറമെ രണ്‍ബീറിന് ഏറ്റവും ഇഷ്ടമുള്ള കാര്യം ഫുട്‌ബോളാണ്. ഫുട്‌ബോള്‍ മൈതാനത്തു നിന്നുമുള്ള രണ്‍ബീറിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഫുട്‌ബോളിനോട് ഇഷ്ടം തോന്നുന്നതെന്നാണ് രണ്‍ബീര്‍ പറയുന്നത്. അന്ന് താന്‍ ആദ്യമായി ഗോള്‍ നേടിയതിന്റെ പേപ്പര്‍ കട്ട് അമ്മ നീതു കപൂര്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നാണ് രണ്‍ബീര്‍ പറയുന്നത്.

''എന്റെ ശരിക്കുമുള്ള വിളി ഫുട്‌ബോളായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ടീമിലേക്ക് തിരഞ്ഞെടുത്തു. അന്നത്തെയൊരു മത്സരത്തില്‍ ഞാന്‍ ഗോളും അടിച്ചു. അത് ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്തയായി വന്നിരുന്നു. ഇന്റര്‍സ്‌കൂള്‍ മത്സരത്തില്‍ ഗോള്‍ നേടിയ എല്ലാവരുടേയും പേര് വരുമായിരുന്നു. അന്ന് എന്റെ പേര് പത്രത്തില്‍ വന്നപ്പോള്‍ അമ്മ അത് വെട്ടിയെടുത്തു സൂക്ഷിച്ചു വച്ചു. ഇപ്പോഴും അത് അമ്മയുടെ പക്കലുണ്ട്. ഞാന്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്ന വലിയ നിമിഷങ്ങളില്‍ ഒന്നാണത്'' രണ്‍ബീര്‍ പറയുന്നു.
അതേസമയം പുതിയ സിനിമയായ ആനിമലിന്റെ വരവിനായി കാത്തിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. സന്ദീപ് വെങ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രമായിരിക്കും ആനിമല്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അനില്‍ കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ അച്ഛനായി എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications