അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല! അച്ഛനെ കെട്ടിപ്പിടിക്കാനോ സ്‌നേഹിക്കാനോ സാധിച്ചിട്ടില്ല: രണ്‍ബീര്‍
ബോളിവുഡിലെ താരകുടുംബമാണ് കപൂര്‍ കുടുംബം. ഈ കുടുംബത്തില്‍ നിന്നുള്ള ഈ തലമുറയിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. തന്റെ അച്ഛന്‍ ഋഷി കപൂറിന്റേയും അമ്മ നീതു കപൂറിന്റേയും പാതയിലൂടെയാണ് രണ്‍ബീറും സിനിമയിലെത്തുന്നത്. അച്ഛനുമായി തനിക്ക് കുട്ടിക്കാലം മുതല്‍ക്കു തന്നെ അടുപ്പം കുറവായിരുന്നു എന്നാണ് രണ്‍ബീര്‍ പറഞ്ഞിട്ടുള്ളത്. അച്ഛന്റെ അവസാന കാലത്താണ് താനും അദ്ദേഹവുമായി അടുത്തതെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.
അച്ഛന്റെ മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തനിക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നാണ് രണ്‍ബീര്‍ പറയുന്നത്. ദീര്‍ഘനാള്‍ കാന്‍സര്‍ ബാധിതനായിരുന്ന ഋഷി കപൂര്‍ 2020 മെയ് മാസത്തിലായിരുന്നു മരണപ്പെടുന്നത്. അച്ഛനെ താന്‍ സ്‌നേഹിച്ചിരുന്നു. പക്ഷെ അച്ഛനുമായി തനിക്കെപ്പോഴും ഒരു അകലം ഉണ്ടായിരുന്നുവെന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്.

''ഞാന്‍ വളരെ നേരത്തെ തന്നെ കരയുന്നത് നിര്‍ത്തിയിരുന്നു. എന്റെ അച്ഛന്‍ മരിച്ചപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. രാത്രി ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ എന്നോട് പറഞ്ഞു, ഇത് അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളാണ്, എപ്പോള്‍ വേണമെങ്കിലും പോകാം എന്ന്. മുറിയിലേക്ക് പോകുന്നതും എനിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുന്നതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്ത് പറയണമെന്നോ എങ്ങനെ എക്‌സ്പ്രസ് ചെയ്യണമെന്നോ അറിയില്ലായിരുന്നു. ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. ആ നഷ്ടം മനസിലാക്കാനോ അതിനെ മറികടക്കാനോ സാധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്'' രണ്‍ബീര്‍ പറയുന്നു.
''ന്യൂയോര്‍ക്കില്‍ ഒരു വര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്ന സമയം. അദ്ദേഹം അതേക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. ഞാന്‍ നാല്‍പ്പത്തഞ്ച് ദിവസം കൂടെയുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അരികില്‍ വന്നു. കരയാന്‍ തുടങ്ങി. തന്റെ ദൗര്‍ബല്യം മുമ്പൊരിക്കലും അദ്ദേഹം എന്നെ കാണിച്ചിരുന്നില്ല. അദ്ദേഹത്തെ കെട്ടിപ്പിടിക്കണോ കൈ പിടിക്കണമോ എന്ന് മനസിലാകാതെ ഞാന്‍ കുഴങ്ങി. ഞങ്ങള്‍ക്കിടയിലെ അകലം ഞാന്‍ മനസിലാക്കി. ആ അകലത്തെ ഉപേക്ഷിക്കാനും അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും സാധിക്കാത്തതിന്റെ കുറ്റബോധം എനിക്കുണ്ട്. അദ്ദേഹത്തിന് അല്‍പ്പം സ്‌നേഹം നല്‍കണമായിരുന്നു'' എന്നും രണ്‍ബീര്‍ പറയുന്നു.

''എന്നെ വളര്‍ത്തിയ രീതിയും വ്യത്യസ്തമായിരുന്നു. നീ ഇപ്പോള്‍ ഉത്തരവാദിത്തമുള്ള ആളായി എന്ന് പറയുമായി. അമ്മയുണ്ട്, സഹോദരിയും, ഭാര്യയുണ്ട്, കുട്ടിയുണ്ട്. അച്ഛന്‍ മരണപ്പെട്ടു. എനിക്ക് വീക്ക്‌നെസ് കാണിക്കാന്‍ സാധിക്കുമോ? എന്താണെന്ന് അറിയില്ല, എനിക്കത് കാണിക്കാന്‍ അറിയില്ല'' എന്നും രണ്‍ബീര്‍ കപൂര്‍ തുറന്നു പറയുന്നുണ്ട്. അച്ഛന്‍ ഋഷി കപൂറിനേയും അദ്ദേഹത്തിന്റെ സഹോദരന്‍ രാജീവ് കപൂറിനേയും ഒരേ വര്‍ഷമാണ് തങ്ങള്‍ക്ക് നഷ്ടമായത്. ഈ മരണങ്ങളോടെ തങ്ങള്‍ക്കിടയിലെ ബന്ധം ദൃഢമായെന്നും പരസ്പരം ചേര്‍ത്തു പിടിക്കാന്‍ തുടങ്ങിയെന്നും നേരത്തെ രണ്‍ബീറിന്റെ സഹോദരി റിദ്ധിമ കപൂര്‍ പറഞ്ഞിരുന്നു.
സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. പിന്നാലെ ബോളിവുഡിലെ സൂപ്പര്‍ താരമായി അദ്ദേഹം വളരുകയായിരുന്നു. വന്‍ ഹിറ്റായി മാറിയ ആനിമല്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സൂപ്പര്‍ താരമായ ആലിയ ഭട്ട് ആണ് രണ്‍ബീറിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. രാഹ എന്നാണ് മകള്‍ക്ക് താരദമ്പതിമാര്‍ പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications