ഞാൻ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അമ്മ തകര്‍ന്നു പോയേനെ, സുന്ദരി ആയതുകൊണ്ടല്ല അഭിനയിക്കാൻ വിട്ടത്!
ബോളിവുഡിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റാണി മുഖര്‍ജി. ബംഗാളി സിനിമാ കുടുംബത്തിൽ ജനിച്ച റാണി ഇന്ന് ബോളിവുഡിലെ മിന്നും താരമാണ്. റാണിയുടെ പിതാവ് രാം മുഖർജി അറിയപ്പെടുന്ന സംവിധായകനും നിർമാതാവുമായിരുന്നു. മാതാവ് കൃഷ്ണ പിന്നണി ഗായികയായിരുന്നു. രാജാ കി ആയേഗി ബരാത് എന്ന ചിത്രത്തിലൂടെയാണ് റാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്ടര പതിറ്റാണ്ടു നീണ്ട കരിയറിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
കാലത്തിനനുസരിച്ച് തന്നിലെ അഭിനേത്രിയിലും വേഷങ്ങളിലുമെല്ലാം മാറ്റം കൊണ്ടു വരാൻ സാധിച്ചിട്ടുള്ള അഭിനേത്രിയാണ് റാണി മുഖർജി. എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ സുരക്ഷിതമാണെന്ന് താരം ഇതിനകം തെളിയിച്ചിട്ടുണ്ട്. ഹിന്ദി സിനിമാ ലോകം റാണിയുടെ സിനിമകൾക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങി നിൽക്കുകയാണ് റാണി മുഖർജി.

എന്നാൽ ഒട്ടും താല്പര്യമില്ലാതെ സിനിമയിലേക്ക് വന്ന ആളാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റാണി മുഖർജി. അമ്മയാണ് സിനിമയിൽ അഭിനയിക്കാൻ പറയുന്നത്. വീട്ടിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വേണ്ടി ആയിരുന്നു അമ്മ അങ്ങനെയൊരു നിർദേശം വച്ചതെന്നും റാണി പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ ഒരു അഭിമുഖത്തിലാണ് റാണി മുഖർജി ഇക്കാര്യം പറഞ്ഞത്.
'അമ്മയാണ് സിനിമയില്‍ അഭിനയിക്കണമെന്ന് പറയുന്നത്, അന്നെനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. മകൾ സുന്ദരിയായതുകൊണ്ടല്ല അമ്മ എന്നെ അഭിനയിക്കാൻ വിട്ടത്, വീട്ടിലെ അവസ്ഥ അന്ന് അത്ര നല്ലതായിരുന്നില്ല. കുടുംബത്തിനു വേണ്ടി സമ്പാദിക്കാൻ എനിക്കു കഴിയുമെന്ന് അമ്മയ്ക്കു തോന്നിക്കാണും',
'അന്ന് അമ്മയുടെ ഒരു സഹോദരി സിനിമയിൽ അഭിനയിക്കുകയായിരുന്നു. സ്വാഭാവികമായും എന്നെ അഭിനയിപ്പിക്കുന്നതിൽ മോശമൊന്നും തോന്നിയിരുന്നില്ല. അന്നത്തെക്കാളും പ്രായവും വിവേകവും ഇപ്പോഴെനിക്കുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്കു മനസ്സിലാകും. കാരണം അത്ര ബുദ്ധിമുട്ടിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.' റാണി മുഖർജി പറയുന്നു.
'ആദ്യത്തെ സിനിമയിൽ അഭിനയിച്ചു നോക്കു, നിനക്ക് ഇഷ്ടമായില്ലെങ്കില്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാമല്ലോ എന്നാണ് അമ്മ പറഞ്ഞത്. അമ്മ വളരെ കൂളായാണ് അത് പറഞ്ഞത്. പക്ഷേ ഞാൻ സിനിമയിൽ തുടർന്ന് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അമ്മ തകര്‍ന്നു പോയേനെ. പിന്നെ ക്യാമറയ്ക്കു മുന്നിൽ എത്തുക എന്നത് വിധി കൂടിയാണ്,' റാണി പറഞ്ഞു.
'എന്നെ സംബന്ധിച്ച് സിനിമ എന്റെ അറേഞ്ച്ഡ് മാര്യേജ് ആണ്. ആദ്യം സിനിമയെ വിവാഹം ചെയ്തു, പിന്നെയാണ് ഞാൻ സിനിമയെ പ്രണയിച്ചത്. പിന്നെ അന്ന് അഭിനയിച്ചിരുന്ന പലർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞങ്ങൾക്ക് അഭിനയിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. അത്രത്തോളം ബുദ്ധമുട്ടിയാണ് അഭിനയിച്ചിരുന്നത്. കാരണം ഈ അവസരം പോയാൽ ഞങ്ങൾക്ക് മറ്റൊന്നില്ലായിരുന്നു. കുടുംബത്തിനു വേണ്ടിയാണ് അഭിനയിച്ചത്,' റാണി വ്യക്തമാക്കി.

ഇപ്പോൾ അഭിനേത്രി എന്നതിനൊപ്പം തന്നെ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താനെന്നും റാണി മുഖർജി അഭിമുഖത്തിൽ പറഞ്ഞു. 'അഭിനേത്രി മാത്രമല്ല ഒരു ഹൗസ്‌വൈഫ് കൂടിയാണ് ഞാൻ ഇന്ന്. വീടും, കുട്ടിയും ഭർത്താവിനെയുമൊക്കെ ശ്രദ്ധിക്കണം. നാൽപ്പതുകളിൽ എത്തിയപ്പോൾ സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് മാറി, ഹോർമോണുകളും മാറി. വീട്ടിലിരിക്കാനാണ് ഇപ്പോൾ ഞങ്ങൾക്ക് സന്തോഷം', റാണി മുഖർജി പറഞ്ഞു.
അതേസമയം, ഇപ്പോൾ വളരെ സെലക്ടീവായാണ് റാണി സിനിമകൾ തിരഞ്ഞെടുക്കുന്നത്. മിസിസ് ചാറ്റർജി vs നോർവെ എന്ന ചിത്രമാണ് റാണി മുഖർജിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഏകദേശം രണ്ടു വർഷത്തിന് ശേഷം അഭിനയിച്ച സിനിമയായിരുന്നു ഇത്. ടൈറ്റിൽ കഥാപാത്രമായാണ് റാണി എത്തിയത്.


Click it and Unblock the Notifications