അഭിനയിക്കില്ലെന്ന് റാണി മുഖര്‍ജി; അച്ഛനേയും അമ്മയേയും ഓഫീസില്‍ പൂട്ടിയിട്ട് നിര്‍മ്മാതാവിന്റെ ഭീഷണി
ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. സിനിമാ പാരമ്പര്യമുള്ള റാണി മുഖര്‍ജി സിനിമാ ജീവിതം ആരംഭിക്കുന്നത് തൊണ്ണൂറുകളിലാണ്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറാന്‍ റാണി മുഖര്‍ജിയ്ക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള നായികയാണ് റാണി മുഖര്‍ജി. നിരവധി പുരസ്‌കാരങ്ങളും റാണിയെ തേടിയെത്തിയിട്ടുണ്ട്.
റാണി മുഖര്‍ജിയുടെ ബോളിവുഡ് കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ വൈആര്‍എഫുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ ഒരിക്കല്‍ റാണിയുടെ മാതാപിതാക്കളെ യഷ് രാജിന്റെ ഓഫീസില്‍ പൂട്ടിയിട്ട സംഭവമുണ്ടായിട്ടുണ്ട്. മുജ്‌സെ ദോസ്തി കരോഗെ എന്ന സിനിമയുടെ പരാജയത്തിന് ശേഷം റാണി സിനിമകളൊന്നും സ്വീകരിക്കാതിരുന്ന സമയത്തായിരുന്നു സംഭവം.

ഈ സമയത്താണ് റാണിയ്ക്ക് സാത്തിയയുടെ ഓഫര്‍ വരുന്നത്. മണിരത്‌നത്തിന്റെ അലൈ പായുതെയുടെ ഹിന്ദി റീമേക്കാണ് സാത്തിയ. യാഷ് ചോപ്രയുടേതായിരുന്നു ഹിന്ദി പതിപ്പ്. താന്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചാല്‍ മാത്രമേ മാതാപിതാക്കളെ തുറന്ന് വിടുകയുള്ളൂവെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് റാണി മുഖര്‍ജി പറയുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് റാണി മുഖര്‍ജി മനസ് തുറന്നത്.
''ആ സമയത്ത് ഞാന്‍ വര്‍ക്കുകള്‍ നിരസിക്കുകയായിരുന്നു. എന്റെ അമ്മ കരുതി എനിക്ക് ഭ്രാന്തായെന്ന്. ഞാന്‍ വരുന്ന സിനിമകളോടെല്ലാം നോ നോ എന്നായിരുന്നു പറഞ്ഞിരുന്നത്. '' എന്നാണ് റാണി പറയുന്നത്. ആ സമയത്ത് താന്‍ ഒരു സിനിമ പോലും ചെയ്തിരുന്നില്ലെന്നും റാണി ഓര്‍ക്കുന്നു.
''മിക്ക ഫിലിം ക്രിട്ടിക്‌സും മാസികകളും എന്നെ എഴുതിത്തള്ളിയിരുന്നു. അവളുടെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞു. ഞാനതില്‍ ഓക്കെയായിരുന്നു. ചിലപ്പോള്‍ അവര്‍ പറഞ്ഞത് ശരിയായിരിക്കും, പക്ഷെ ഞാന്‍ തോറ്റ് മടങ്ങില്ലെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഹൃദയത്തിന് വിശ്വാസം തോന്നുന്നത് മാത്രം സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. അങ്ങനെയാണ് ഭാഗ്യവശാല്‍ സാത്തിയ വരുന്നത്'' റാണി പറയുന്നു.

''എനിക്ക് ഓര്‍മ്മയുണ്ട്. യാഷ് അങ്കിള്‍ എന്റെ അച്ഛനേയും അമ്മയേയും ഓഫീസിലേക്ക് വിളിപ്പിച്ചു. റാണി സിനിമയൊന്നും സ്വീകരിക്കുന്നില്ലെന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നെ വിളിച്ചു, മോളേ, നീ ചെയ്യുന്നത് വലിയ തെറ്റാണെന്ന് പറഞ്ഞു. ഞാന്‍ എന്റെ മുറിയുടെ വാതില്‍ അടയ്ക്കുകയാണ്. നീ യെസ് പറയുന്നത് വരെ നിന്റെ അച്ഛനേയും അമ്മയേയും പുറത്ത് വിടില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു'' എന്നാണ് റാണി മുഖര്‍ജി പറയുന്നത്.
ഷാദ് അലിയായിരുന്നു സാത്തിയയുടെ സംവിധാനം. വിവേക് ഒബ്‌റോയ് ആണ് നായകനായത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. യാഷ് ചോപ്ര സംവിധാനം ചെയ്ത വീര്‍ സാറയിലും റാണി അഭിനയിച്ചിരുന്നു. യാഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്രയെ 2014 ല്‍ റാണി വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.


Click it and Unblock the Notifications











