അവർക്ക് ഞാൻ അഹങ്കാരിയായത് അപ്പോഴാണ്!, ചുംബനരംഗങ്ങളിലോ സ്വിം സ്യൂട്ടിലോ അഭിനയിക്കില്ലെന്നും പറഞ്ഞു: രവീണ ടണ്ടൻ
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു രവീണ ടണ്ടന്‍. 90 കളിൽ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കുകയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് താരം. എന്നാല്‍ വിവാഹിത ആയതോടെ അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുക്കുകയായിരുന്നു താരം.
അടുത്തിടെ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ രവീണ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഒരുകാലത്ത് ബോൾഡ് ആയ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്ന രവീണ യഥാർത്ഥ ജീവിതത്തിലും വളരെ ബോൾഡ് ആയ വ്യക്തിയാണ്. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്ന സ്വഭാവ രവീണയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ, രവീണയുടെ അത്തരത്തിലുള്ള ഒരു തുറന്നു പറച്ചിൽ ശ്രദ്ധ നേടുകയാണ്. 1990 കളിൽ, തന്റെ പ്രതാപകാലത്ത് തനിക്ക് അസ്വസ്ഥത തോന്നിയ കാര്യങ്ങളെക്കുറിച്ചാണ് രവീണ തുറന്നു പറഞ്ഞത്. സിനിമകളിലെ ബലാത്സംഗ രംഗങ്ങൾ ചെയ്യുന്ന കാര്യത്തിൽ തനിക്ക് ചില ഡിമാൻഡുകൾ ഉണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് രവീണ വെളിപ്പെടുത്തിയത്.
ന്യൂസ് ഏജൻസി ആയ എഎൻഐക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തനിക്ക് അസ്വസ്ഥത തോന്നിയ, നോ പറയേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് രവീണ പറഞ്ഞത്. അതിന് തനിക്ക് ചാർത്തിക്കിട്ടിയ പേര് അഹങ്കാരി എന്നായിരുന്നു എന്നും രവീണ പറഞ്ഞു. വിശദമായി വായിക്കാം.

'പണ്ട് പല കാര്യങ്ങളിലും ഞാൻ അസ്വസ്ഥയായിരുന്നു. ശരിയാവില്ലെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ഞാൻ പറയും. ഉദാഹരണത്തിന്, ഡാൻസ്. അതെനിക്ക് പറ്റുന്നതല്ലെങ്കിൽ പറ്റില്ല, ഞാൻ ചെയ്യില്ല എന്ന് ഞാൻ പറയും. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനോ ചുംബനരംഗങ്ങൾ ചെയ്യാനോ താത്പര്യമില്ല. ഞാൻ സ്വയം വിലകല്പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തിൽ ഒരു ചുളിവു പോലും വരാതെ ബലാത്സംഗ രംഗത്തിൽ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോൾ ഞാൻ ആയിരിക്കും,' രവീണ പറഞ്ഞു.

'നിങ്ങൾക്ക് വേണമെങ്കിൽ റേപ്പ് സീൻ എടുക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളിൽ തൊടരുത് അതിൽ ഒരു ചുളിവ് പോലും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അതിനവർ എന്നെ ധിക്കാരിയെന്ന് വിളിച്ചു. അത് കാരണം എനിക്ക് അവസരങ്ങൾ നഷ്ടമായി. കരിഷ്മാ കപൂർ ആദ്യമായി അഭിനയിച്ച പ്രേം കൈദി എന്ന ചിത്രത്തിലെ ആ വേഷം ശരിക്ക് ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. നായകൻ എന്റെ സിബ് ഊരുകയും സ്ട്രാപ്പ് കാണുകയും ചെയ്യുന്ന രംഗമുള്ളത് കൊണ്ട് ഒഴിവാക്കുകയായിരുന്നു,'

'ഡർ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ അത് അശ്ലീലമല്ലെങ്കിലും അത് ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ടായിരുന്നു. ഞാൻ ഒരിക്കലും നീന്തൽ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. അത് പറ്റില്ലെന്ന് തന്നെ ഞാൻ പറഞ്ഞു,' രവീണ അഭിമുഖത്തിൽ പറഞ്ഞു.

കെജിഎഫിൽ രമിക സെൻ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിലാണ് രവീണ അഭിനയിച്ചത്. ശക്തമായ വേഷങ്ങളിൽ ഒന്നായിരുന്നു ഇത്. സഞ്ജയ് ദത്തിനൊപ്പം ഗൂഡ്ചാഡി എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. കെജിഎഫിന് മുൻപ് നെറ്ഫ്ലിക്സ് വെബ് സീരീസായ ആരണ്യകിലും രവീണ അഭിനയിച്ചിരുന്നു. ഇതിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും രവീണയെ തേടി എത്തി.


Click it and Unblock the Notifications