ഞാൻ ചെറുതായിരുന്നു, വസ്ത്രം ഊരണമെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി; ഹിറ്റ് സിനിമ ഉപേക്ഷിച്ചതിനെപ്പറ്റി രവീണ ടണ്ടൻ
ബോളിവുഡിലെ ഐക്കോണിക്ക് നായികമാരിൽ ഒരാളാണ് രവീണ ടണ്ടൻ. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു താരം. 90 കളിൽ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കുകയും ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് രവീണ. എന്നാല്‍ വിവാഹിത ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാൽ അടുത്തിടെ അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
ഒരുകാലത്ത് ബോൾഡ് ആയ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്ന രവീണ യഥാർത്ഥ ജീവിതത്തിലും വളരെ ബോൾഡ് ആയ വ്യക്തിയാണ്. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്ന സ്വഭാവ രവീണയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. അഭിമുഖങ്ങളിലെ രവീണയുടെ തുറന്നു പറച്ചിലുകളൊക്കെ പലപ്പോഴും വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ രവീണ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

കരിഷ്മ കപൂർ നായികയായ 'പ്രേം ഖാഇദി' എന്ന ചിത്രത്തിൽ ആദ്യം വിളിച്ചത് തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് രവീണ ടണ്ടൻ. എന്തുകൊണ്ടാണ് താൻ ആ വേഷം നിരസിച്ചതെന്നും നടി വെളിപ്പെടുത്തി. മുരളി മനോഹര റാവോ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'പ്രേം ഖാഇദി'. അതിൽ വസ്ത്രത്തിന്റെ കുടുക്ക് ഊരുന്ന ഒരു രംഗമുണ്ടായിരുന്നു. അതിൽ സ്‌ക്രീനിൽ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ താൻ ഞെട്ടി പോയി. അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്നാണ് രവീണ പറഞ്ഞത്.
അതേസമയം, 'പ്രേം ഖാഇദി' സാമാന്യം നല്ല വിജയമായി മാറിയിരുന്നു. എന്നാൽ ഇത്തരത്തിൽ ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ പല സിനിമകളോടും താൻ 'നോ' പറഞ്ഞിട്ടുണ്ടെന്ന് രവീണ പറയുന്നു. പലപ്പോഴും ബോക്സ് ഓഫീസിൽ വലിയ വിജയമാകാൻ സാധ്യതയുള്ള ചിത്രങ്ങൾ ചെയ്യുന്നില്ല എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ നിർഭയ സംഭവത്തിന് ശേഷം താൻ ആകെ ഉലഞ്ഞുപോയി. അതുകൊണ്ട് 'മാതൃ' പോലൊരു സിനിമ ചെയ്യൽ എനിക്ക് പ്രധാനമായിരുന്നു.
അഴിമതി വ്യാപകമായിരുന്നത് കൊണ്ട് ഞാൻ 'ശൂൽ' എന്ന സിനിമ ചെയ്തു. തുടർന്ന്, 'ജാഗോ' ബലാത്സംഗത്തെക്കുറിച്ചുള്ള ഒരു സിനിമ കൂടി ചെയ്തുവെന്നും രവീണ പറഞ്ഞു. ബോക്സ് ഓഫീസ് ഹിറ്റിനേക്കാൾ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളാണ് താൻ ചെയ്തതെന്ന് പറയുകയായിരുന്നു രവീണ.
ഞാൻ ഒരു കൊമേർഷ്യൽ നായികയായിരുന്നു, എന്നാൽ എന്റെ ചിന്താഗതി മാറി. എന്റെ ചിന്തയിൽ മാറ്റം വന്നത് എപ്പോഴാണെന്ന് ഞാൻ പറയാം. ഒരിക്കൽ ഞാൻ സുനിൽ ഷെട്ടിയ്‌ക്കൊപ്പം ഒരു ഗാനരംഗം ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഒരു നല്ല നടിയായി മാറണമെന്ന ചിന്ത എന്നിലേക്ക് വന്നത്. എന്നെ സംബന്ധിച്ച് എല്ലാം ഒരുപോലെ എന്നൊരു തോന്നൽ വന്നു. അങ്ങനെ ആകുമ്പോൾ നമ്മുക്ക് ബോറടിക്കും.

ഇന്ന് എനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളോട് ആണ് താൽപര്യം. പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവ. ആളുകൾക്ക് ഒക്കെ ഓർമ്മ വളരെ കുറവാണ്, പല വിഷയങ്ങളും അവർ പതിയെ മറക്കും. അതുകൊണ്ട് പ്രസക്തമായ വിഷയങ്ങൾ സജീവമായി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് രവീണ ടണ്ടൻ പറയുന്നു.
കെജിഎഫ് 2 ആയിരുന്നു രവീണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ശക്തമായ കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ഇത് കൂടാതെ ആരണ്യക് എന്നൊരു വെബ് സീരീസിലും രവീണ അഭിനയിച്ചിരുന്നു. സഞ്ജയ് ദത്ത് നായകനാകുന്ന ഗുഡ്‌ചടി എന്ന ചിത്രമാണ് രവീണയുടേതായി അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications











