കൂടെ അഭിനയിച്ച നടനെ ഒരുപാടിഷ്ടമായിരുന്നു, അദ്ദേഹം കല്യാണം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു: രവീണ ടണ്ടന്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു രവീണ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ. ഇന്നും രവീണയുടെ ഫിറ്റ്‌നസും സൗന്ദര്യവുമെല്ലാം അതുപോലെ തന്നെയുണ്ട്. യുവതാരങ്ങളെ പോലും പിന്നിലാക്കും രവീണ.
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ സമ്മാനിക്കാറുള്ള രവീണ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് രവീണ. ഇതിന്റെ പേരില്‍ ചിലപ്പോഴൊക്കെ വിവാദങ്ങളിലും രവീണ ചെന്നു ചാടാറുണ്ട്. ഇപ്പോഴിതാ തനിക്ക് കൂടെ അഭിനയിച്ചൊരു താരത്തോടുണ്ടായിരുന്ന ക്രഷിനെക്കുറിച്ച് മനസ് തുറക്കുകയാണ് രവീണ.

തനിക്കൊപ്പം അഭിനയിച്ചിരുന്ന ഋഷി കപൂറിനോടാണ് രവീണയ്ക്ക് ക്രഷ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് 1995 ല്‍ പുറത്തിറങ്ങിയ സാജന്‍ കെ ബാഹോം മേം എന്ന സിനിമ മികച്ച വിജയമായിരുന്നു. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസം ആ ജോഡിയെ ജനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഋഷി കപൂറിനോട് തനിക്കുണ്ടായിരുന്ന ക്രഷിനെക്കുറിച്ച് മനസ് തുറക്കുകയാണ് രവീണ.
''അദ്ദേഹം കല്യാണം കഴിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അദ്ദേഹത്തോട് എനിക്ക് വലിയ ക്രഷ് ആയിരുന്നു. അദ്ദേഹം ഓരോ തവണ വിദേശത്ത് പോകുമ്പോഴും എനിക്കൊരു പാവക്കുട്ടിയെയോ മറ്റോ കൊണ്ടു വരുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണ സമയത്ത് മൊത്തം ഞാന്‍ കരയുകയായിരുന്നു. ആകെ തോന്നിയ ആശ്വാസം അദ്ദേഹം നീതുവിനെയാണ് കല്യാണം കഴിച്ചത് എന്നതാണ്. എനിക്ക് അവരെ രണ്ടു പേരേയും ഒരുപാടിഷ്ടമാണ്. ഞങ്ങള്‍ ഒടുവില്‍ ഒരു സിനിമ ചെയ്തപ്പോള്‍ അദ്ദേഹത്തെ എന്നെക്കൊണ്ട് ചിണ്ടു ജീ എന്ന് വിളിപ്പിച്ചു. അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു'' രവീണ പറയുന്നു.
അതേസമയം തൊണ്ണൂറുകളില്‍ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് കഴിഞ്ഞ ദിവസം രവീണ തുറന്നടിച്ചിരുന്നു. അന്ന് തന്നെ ബോഡി ഷെയിം ചെയ്തവരും സ്ലട്ട് ഷെയിം ചെയ്തവരും ഇന്ന് സ്വയം വിളിക്കുന്നത് ഫെമിനിസ്റ്റുകളാണെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് തനിക്ക് അറിയാമെന്നും രവീണ പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു രവീണ തുറന്നടിച്ചത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് രവീണ തിരിച്ചെത്തുന്നത്. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും രവീണ തിരിച്ചെത്തി. കെജിഎഫ് ചാപ്റ്റര്‍ 2വിലൂടെയായിരുന്നു രവീണയുടെ ബിഗ് സ്‌ക്രീന്‍ റീഎന്‍ട്രി. രണ്ടാം വരവിലും കയ്യടി നേടാന്‍ രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. വണ്‍ ഫ്രൈഡേ നൈറ്റ് ആണ് രവീണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഖുദ്ഛഡി, വെല്‍ക്കം ടു ദ ജംഗിള്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.
അതേസമയം ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകളും സിനിമയിലേക്ക് എത്തുകയാണ്. രവീണയുടെ മകള്‍ റാഷ തഡാനിയും അധികം വൈകാതെ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. കാഴ്ചയില്‍ അമ്മയുടെ തനിപ്പകര്‍പ്പായ റാഷയ്ക്ക് അഭിനയത്തിലും അമ്മയെ പോലെ വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications