മൂന്നര കോടിയുടെ കടം, വീട് നഷ്ടപ്പെട്ടു, കിടന്നുറങ്ങിയത് കാറില്‍; ഡിവോഴ്‌സിന് ശേഷം രശ്മിയുടെ ജീവിതം
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രശ്മിയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. ഉത്രാന്‍ എന്ന പരമ്പരയിലൂടെയാണ് രശ്മി താരമായി മാറുന്നത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പരമ്പരയാണിത്. ഇതിനിടെ ഇപ്പോഴിതാ തന്റെ കട ബാധ്യതയെക്കുറിച്ചും വീട് നഷ്ടപ്പെട്ടതിനെക്കുറിച്ചും രശ്മി ദേശായി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
തനിക്ക് മൂന്നര കോടിയുടെ കടമുണ്ടായിരുന്നുവെന്നും നാല് ദിവസം താന്‍ കിടന്നുറങ്ങിയത് കാറിലാണെന്നുമാണ് രസ്മി പറയുന്നത്. ഇരുപത് രൂപയുടെ ഊണ് വാങ്ങിക്കഴിച്ചാണ് അക്കാലത്ത് താന്‍ ജീവിച്ചതെന്നും താരം പറയുന്നത്. നടന്‍ നന്ദിഷ് സന്ധുവുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് തനിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്നാണ് രശ്മി പറയുന്നത്.

പരസ് ഛബ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രശ്മി. ''ഞാന്‍ ആ സമയത്ത് ഒരു വീട് വാങ്ങിയിരുന്നു. രണ്ടര കോടിയുടെ ലോണുണ്ടായിരുന്നു. മൊത്തത്തില്‍ എനിക്ക് മൂന്നര കോടിയുടെ കടമുണ്ടായിരുന്നു. എല്ലാം ശരിയായി പോവുകയാണെന്നാണ് കരുതിയിരുന്നത്.പക്ഷെ പെട്ടെന്ന് എന്റെ ഷോ അവസാനിപ്പിച്ചു'' എന്നാണ് ശ്രമി പറയുന്നത്.
നാല് ദിവസം താന്‍ റോഡിലായിരുന്നു ജീവിച്ചിരുന്നത് എന്നാണ് താരം പറയുന്നത്. ''നാല് ദിവസം റോഡില്‍ തന്നെയായിരുന്നു. എനിക്കൊരു ഓഡി എ6 ഉണ്ടായിരുന്നു. ആ കാറിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. എന്റെ സാധനങ്ങളൊക്കെ മാനേജരുടെ വീട്ടിലായിരുന്നു. കുടുംബത്തില്‍ നിന്നും പൂര്‍ണമായും അകന്നിരുന്നു. ആ സമയത്ത് ഓട്ടോറിക്ഷക്കാര്‍ കഴിക്കുന്ന 20 രൂപയുടെ ഊണുണ്ടാകും. പ്ലാസ്റ്റിക് ബാഗിലാണ് തരുക. ദാലും ചാവലും പിന്നെ രണ്ട് റൊട്ടിയും ഉണ്ടാകും. ചെറിയ കല്ലൊക്കെ കാണും. എന്നാലും അതായിരുന്നു കഴിച്ചിരുന്നത്'' രശ്മി പറയുന്നു.
ആ നാല് ദിവസങ്ങള്‍ തന്നെ സംബന്ധിച്ച് ഏറെ പ്രയാസകരമായിരുന്നു എന്നാണ് രശ്മി പറയുന്നത്. ''ഞാന്‍ വിവാഹ മോചിതയായിരുന്നു. എന്റെ സുഹൃത്തുക്കള്‍ പോലും എന്നോട് സംസാരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരുതി. ഞാന്‍ വികാരങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഞാന്‍ എന്റെ ഷെല്ലിലേക്ക് ഒതുങ്ങുകയായിരുന്നു. എന്റെ തീരുമാനങ്ങളെല്ലാം തെറ്റാണെന്നാണ് കുടുംബം കരുതിയത്''. പിന്നീട് ദില്‍ സേ ദില്‍ തക്ക് എന്ന സീരിയില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് തന്റെ അവസ്ഥ മാറിയതെന്നാണ് രശ്മി പറയുന്നത്.
''എങ്ങനെയോ ഞാന്‍ എന്റെ ലോണ്‍ അടച്ചു തീര്‍ത്തു. എന്നാലും എപ്പോഴും സ്‌ട്രെസ് ആയിരുന്നു. തീരെ ഉറക്കമില്ലായിരുന്നു. തുടര്‍ച്ചയായി ജോലി ചെയ്തു കൊണ്ടേയിരുന്നു. അപ്പോള്‍ മരിക്കുന്നതാണ് നല്ലതെന്ന് വരെ ചിന്തിച്ചു'' രശ്മി പറയുന്നു. ഈ സമയത്ത് തന്റെ സുഹൃത്തുക്കളും ചില സഹപ്രവര്‍ത്തകരുമാണ് തന്നെ സഹായിച്ചതെന്നും യോഗയും തനിക്ക് ഗുണം ചെയ്തുവെന്നും രശ്മി പറയുന്നുണ്ട്.

പിന്നീട് തന്റെ കാര്‍ 15 ലക്ഷത്തിന് വില്‍ക്കേണ്ടി വന്നു. ലോണ്‍ അടയ്ക്കാന്‍ 12 ലക്ഷം വേണ്ടി വന്നതിനാലായിരുന്നു കാര്‍ വിറ്റത്. അതിന് ശേഷം താനൊരു ഇന്നോവ വാങ്ങിയെന്നും രശ്മി പറയുന്നു. അതില്‍ കുറേക്കൂടി നന്നായി കിടന്നുറങ്ങാനാകും. ഓഡിയോയില്‍ കിടന്നുറങ്ങാന്‍ ബുദ്ധിമുട്ടാണെന്നാണ് രശ്മി തമാശരൂപേണെ പറയുന്നത്.
സീരിയലുകളിലൂടെയാണ് രശ്മി താരമാകുന്നത്. ഹിന്ദി ടെലിവിഷനിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രശ്മി. ഹിന്ദി സിനിമകളിലും ബോജ്പൂരി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കും സീരിയിലുകള്‍ക്കും പുറമെ വെബ് സീരീസുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു രശ്മി. മറ്റ് റിയാലിറ്റി ഷോകൡും മത്സരാര്‍ത്ഥിയായി പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications