അവനെ കത്രീനയുടെ കൂടെ ജീവിക്കാന്‍ വിട്ടത് തെറ്റായിപ്പോയി; രണ്‍ബീറുമായി അകന്നതിനെപ്പറ്റി ഋഷി
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താര കുടുംബത്തിന്റെ നിലവിലെ പ്രതിനിധി. തന്റെ അച്ഛനടക്കമുള്ള മുന്‍ തലമുറക്കാര്‍ തുറന്നിട്ട പാതയിലൂടെയാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. അവരുടെയൊന്നും പേര് രണ്‍ബീര്‍ കോട്ടം വരുത്തിയില്ല. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായകനാണ് രണ്‍ബീര്‍ കപൂര്‍. അതേസമയം തന്റെ വ്യക്തജീവിതം എന്നും സ്വകാര്യമായി വെക്കാനിഷ്ടപ്പെടുന്ന താരം കൂടിയാണ് രണ്‍ബീര്‍.
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ഋഷി കപൂറാണ് രണ്‍ബീര്‍ കപൂറിന്റെ അച്ഛന്‍. എന്നാല്‍ താനും മകനും തമ്മില്‍ പുറമെയുള്ളവര്‍ കരുതപ്പെടുന്നത് പോലെ വളരെ ആഴത്തിലുള്ളൊരു ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന് ഒരിക്കല്‍ ഋഷി കപൂര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. രണ്‍ബീറിനെ അന്നത്തെ കാമുകിയായ കത്രീന കൈഫിനൊപ്പം താമസിക്കാന്‍ അനുവദിച്ചതിനെക്കുറിച്ചും ഋഷി കപൂര്‍ ഒരിക്കല്‍ മനസ് തുറന്നിരുന്നു.

'' കല്യാണം കഴിച്ചപ്പോള്‍ എനിക്ക് എന്റെ അച്ഛന്‍ സ്‌പേസ് തന്നത് പോലെ രണ്‍ബീര്‍ അവന്റെ കാമുകിയുടെ കൂടെ താമസിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ഞാന്‍ ആ സ്വാതന്ത്ര്യം നല്‍കി. ഇവിടെ അവന് ഒരു മുറിയാണുണ്ടായിരുന്നത്. 33 കാരനായ ഒരാള്‍ക്ക് അത് മതിയാകില്ലായിരുന്നു. രണ്‍ബീര്‍ വളരെ നല്ല മകനാണ്. കരുതലുള്ളവനും ബഹുമാനമുള്ളവനുമാണ്. ഞാന്‍ അവന്റെ കരിയറില്‍ ഇടപെടുന്നതില്‍ നിന്നും വിട്ടു നിന്നു. അത് അവന്റെ സ്വന്തം പാതയാണെന്ന ചിന്തയായിരുന്നു'' ഋഷി കപൂര്‍ പറയുന്നു.
''എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, രണ്‍ബീറുമായുള്ള എന്റെ ബന്ധത്തെ തന്നെ ഞാന്‍ അപകടത്തിലാക്കി. എന്റെ ഭാര്യ പലപ്പോഴായി എനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും. മാറ്റങ്ങള്‍ വരുത്താന്‍ വൈകിയിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും മാറാന്‍ കഷ്ടപ്പെടുന്നുണ്ട്. ഞങ്ങള്‍ക്കിടയിലൊരു അദൃശ്യ തടസമുള്ളത് പോലെ. ഞങ്ങള്‍ സംസാരിക്കുമെങ്കിലും ഒരു അകല്‍ച്ചയുണ്ട്. അവനിപ്പോള്‍ ഞങ്ങളുടെ കൂടെയല്ല താമസിക്കുന്നത്. അത് എന്നേയും നീതുവിനേയും സാരമായി ബാധിക്കാറുണ്ട്. ഞങ്ങള്‍ പുതിയൊരു വീടുണ്ടാക്കുകയാണ്. അവിടെ അവന്റെ കുടുംബത്തിനും ഞങ്ങളുടെ കൂടെ കഴിയാനാകും.'' എന്നും അദ്ദേഹം പറഞ്ഞു.

2018 ലാണ് ഋഷി കപൂറിന് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഈ സമയത്ത് രണ്‍ബീര്‍ തനിക്കൊപ്പം നിന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ''എനിക്ക് സാഹചര്യം മനസിലാക്കാന്‍ കുറച്ച് സമയമേ കിട്ടിയുള്ളൂ. ഞാന്‍ ഡല്‍ഹിയില്‍ ചിത്രീകരണത്തിലായിരുന്നു. ആറാമത്തെ ദിവസം എന്റെ മകനും കുടുംബവും ഡല്‍ഹിയിലെത്തി. അവര്‍ നിര്‍മ്മാതാവിനെ കണ്ട് കാര്യം പറഞ്ഞു. എന്നെ മുംബൈയിലേക്ക് കൊണ്ടു വന്നു. പിന്നാലെ തന്നെ ന്യൂയോര്‍ക്കിലേക്ക് പോയി. പ്രതികരിക്കാനുള്ള സമയം പോലും കിട്ടിയില്ല. എന്റെ മകന്‍ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പതിയെയാണ് അംഗീകരിക്കപ്പെടുന്നത്'' എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഋഷി കപൂര്‍ മരണപ്പെട്ടു. അച്ഛന്റെ മരണത്തെക്കുറിച്ച് രാജീവ് മസന്ദിനോട് രണ്‍ബീര്‍ കപൂര്‍ പ്രതികരിക്കുകയുണ്ടായി. '' കഴിഞ്ഞ ഒരു വര്‍ഷം എന്റെ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. പിതാവിനെ നഷ്ടമായി. അതിപ്പോഴും പൂര്‍ണമായും രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. പല തരത്തിലും അതിന്റെ ഇംപാക്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ജീവിതത്തില്‍ തനിക്കുള്ള ഏക കുറ്റബോധം മകന്റെ സുഹൃത്തായി മാറാന്‍ സാധിച്ചില്ല എന്നതാണെന്ന് ഒരിക്കല്‍ ഋഷി കപൂര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











