സെറ്റിലെത്തിയിരുന്നത് മദ്യപിച്ച്, ഉറക്കമില്ലാതെ മദ്യപാനം; സൂപ്പര്‍താരമാകേണ്ട തന്റെ തകര്‍ച്ചയെപ്പറ്റി രോണിത്
ഒരുകാലത്ത് ബോളിവുഡില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ച നടനായിരുന്നു രോണിത് റോയ്. 1992 ല്‍ പുറത്തിറങ്ങിയ ജാന്‍ തേരെ നാം ആയിരുന്നു ആദ്യ സിനിമ. ചിത്രം വന്‍ വിജയമായി മാറി. രോണിത്തിനെ പലരും ഭാവിയിലെ സൂപ്പര്‍ താരമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ആ താരപരിവേഷത്തിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് രോണിതിന്റെ കരിയര്‍ തകര്‍ന്നടിഞ്ഞു.
തുടര്‍ന്ന് രോണിത് സീരിയലിലേക്ക് ചുവടുമാറ്റുകയായിരുന്നു. 2002 ല്‍ സംപ്രേക്ഷണം ആരംഭിച്ച കൗസൗട്ടി സിന്ദഗി കാ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പരമ്പര വന്‍ ഹിറ്റായി മാറിയതോടെ രോണിത് റോയ് സീരിയല്‍ രംഗത്തെ മിന്നും താരമായി മാറി. ബോക്‌സ് ഓഫീസ് നായകനാകുമെന്ന് കരുതിയ താരം പിന്നീട് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു.

തുടര്‍ന്ന് അദാലത്ത്, കെഹ്നെ കോ ഹംസഫര്‍ ഹെയ്ന്‍, ജാനേ തേരേ നാം, ഇത്‌നാ കരോ മുജെ പ്യാര്‍, ക്യൂം കി സാസ് ഭി കഭി ബഹു ദീ തുടങ്ങി നിരവധി ജനപ്രീയ പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നാലെ സിനിമയിലേക്കും അദ്ദേഹം മടങ്ങിയെത്തി. ഇപ്പോഴിതാ തന്റെ കരിയര്‍ തകരാന്‍ കാരണമായ മദ്യപാനത്തെക്കുറിച്ച് രോണിത് റോയ് മനസ് തുറക്കുകയാണ്.
താന്‍ പലപ്പോഴും സെറ്റിലെത്തിയിരുന്നത് മദ്യപിച്ച ശേഷമായിരുന്നുവെന്നാണ് രോണിത് വെളിപ്പെടുത്തുന്നത്. തന്റെ വിജയത്തിന്റെ മൂല്യം മനസിലാക്കിയില്ലെന്നും തന്റെ സുവര്‍ണ കാലം ഒരിക്കലും അവസാനിക്കില്ല എന്നായിരുന്നു കരുതിയിരുന്നതെന്നുമാണ് രോണിത് പറയുന്നത്. ''എനിക്ക് വിജയത്തെ മനസിലാക്കാനായില്ല. ഞാന്‍ നായകനായി, അത് ഒരിക്കലും അവസാനിക്കില്ലെന്ന് കരുതി. മദ്യപിച്ചാല്‍ പിന്നെ നമ്മള്‍ മറ്റ് പല തെറ്റുകളും ചെയ്‌തെന്നു വരാം'' എന്നാണ് രോണിത് പറയുന്നത്.
''ഞാന്‍ ചെയ്യാത്തൊരു തെറ്റ്, ഷൂട്ടിന് വൈകി എത്താതിരിക്കുക എന്നതാണ്. സമയത്ത് എത്തിയിരുന്നുവെങ്കിലും ഞാന്‍ പലപ്പോഴും വന്നിരുന്നത് നാല് മണിക്കൂര്‍ നീണ്ടു നിന്ന മദ്യപാനത്തിന് ശേഷമായിരിക്കും. ഉറക്കമില്ലായിരുന്നു. കണ്ണുകള്‍ വീര്‍ത്തിരിക്കും. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. നമുക്കൊരു ഉത്തരവാദിത്തമുണ്ട്. തീയേറ്ററില്‍ ആളുകള്‍ വരുന്നത് നമ്മളെ കാണാനാണ്. അവര്‍ക്ക് എന്തെങ്കിലും തിരിച്ചു നല്‍കിയേ പറ്റൂ'' എന്നും രോണിത് റോയ് പറയുന്നു.
താന്‍ മദ്യപാനം നിര്‍ത്താനുണ്ടായ കാരണവും അദ്ദേഹം വിശദമാക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവരെയും കുടുംബത്തേയും നഷ്ടപ്പെടുമോ എന്ന ഭയമാണ് താന്‍ മദ്യപാനം നിര്‍ത്താനുണ്ടായ കാരണമെന്നാണ് രോണിത് റോയ് പറയുന്നത്.
''വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. എനിക്ക് ഉള്ളിലൊരു ഭയമുണ്ട്. എന്റെ മകള്‍ ലോസ് ആഞ്ചല്‍സിലാണ് പഠിക്കുന്നത്. എന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും രാത്രി എന്തെങ്കിലും ആവശ്യം വന്നാല്‍ അവര്‍ എന്നെ വിളിച്ചാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റാതെ വരുമോ എന്നൊരു ഭയം എനിക്കുണ്ടായി. കാരണം ഞാന്‍ മദ്യപിച്ചിട്ടുണ്ടാകും. അത് പാടില്ലെന്ന് തോന്നി'' എന്നാണ് അദ്ദേഹം പറയുന്നത്. മകനും മകളും ഭാര്യയുമടങ്ങുന്ന തന്റെ കുടുംബമാണ് ഇന്ന് രോണിത്തിന്റെ ലോകം.

മദ്യത്തിന് വേണ്ടി തന്റെ നല്ലകാലം നശിപ്പിച്ചു കളഞ്ഞ രോണിത് ആ ശീലത്തില്‍ നിന്നും പതിയെ പുറത്തു കടന്നു. ഇന്ന് തന്റെ ആരോഗ്യത്തിലും കുടുംബത്തിന്റെ സന്തോഷത്തിലുമാണ് രോണിത്തിന്റെ ശ്രദ്ധ. അഭിനയത്തില്‍ വീണ്ടും സജീവമായ അദ്ദേഹം ഉഡാന്‍ പോലുള്ള ചിത്രങ്ങളിലെ മിന്നും പ്രകടനത്തിലൂടെ കയ്യടി നേടിയിട്ടുണ്ട്. ഫിറ്റ്‌നസിലും അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട് രോണിത് റോയ്. സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഷെഹ്‌സാദ, ഗുംരാഹ്, ബ്ലഡി ഡാഡി, ഫര്‍റെ എന്നിവയാണ് ഈ വര്‍ഷം രോണിത് റോയ് അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകള്‍. സിനിമയ്ക്കും ടെലിവിഷനും പുറമെ ഒടിടി ലോകത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications