പതിനഞ്ചാം വയസ്സിൽ രാജേഷ് ഖന്നയിൽ നിന്നും മോശം അനുഭവം; കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വന്ന താരപുത്രി!
അക്ഷയ് കുമാറിന്റെ തുടക്കകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഖിലാഡി. അബ്ബാസ്-മുസ്താൻ എന്നിവരുടെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ സസ്പെൻസ് ത്രില്ലർ സിനിമയായിരുന്നു ഇത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഖിലാഡി. ആക്ഷൻ ഹീറോ ആയി അക്ഷയ് കുമാർ അറിയപ്പെടാൻ തുടങ്ങിയത് ഈ ചിത്രം മുതലാണ്. സിനിമയിൽ അക്ഷയ് കുമാറിന്റെ സഹതാരങ്ങളായി എത്തിയ അയേഷ ജുൽക്ക, ദീപക് തിജോരി എന്നിവരും അവരുടെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടി.
തുടർച്ചയായി മികച്ച അവസരങ്ങൾ അവരെ തേടിയെത്തി. എന്നാൽ സിനിമയിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ നടിയ്ക്ക് ഖിലാഡിയുടെ റിലീസിന് ശേഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല. സിനിമയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സബീഹയാണ് ആ താരം. ഹിന്ദിയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമായിരുന്നു കമ്രാന്റെയും നടി അമീതയുടെയും മകളായ സബീഹ മാതാപിതാക്കളുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്.

50കളിൽ ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളായിരുന്നു സബീഹയുടെ അമ്മ അമീത. തുംസ നഹിൻ ദേഖ, ഗൂഞ്ച് ഉതി ഷെഹ്‌നായി, സാവാൻ എന്നിങ്ങനെ നിരവധി ജനപ്രിയ ചിത്രങ്ങളിൽ അമീത അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരു താരത്തിന്റെ മകളായത് കൊണ്ട് തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ സബീഹയും സിനിമയിലെത്തി.
15-ാം വയസ്സിൽ ആയിരുന്നു സബീഹയുടെ അരങ്ങേറ്റം. രാജേഷ് ഖന്നയുടെയും സ്മിതാ പാട്ടീലിന്റെയും കൂടെ അനോഖ റിഷ്ത (1986) എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. അനോഖ റിഷ്ത വലിയ വിജയമായിരുന്നു, ഇതോടെ സബീഹയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു.
അതേസമയം അനോഖ റിഷ്തയുടെ ചിത്രീകരണത്തിനിടെ നടൻ രാജേഷ് ഖന്ന സബീഹയോട് ഒന്നിലധികം തവണ മോശമായി പെരുമാറിയെന്ന ആരോപണവുമായി അമീത മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ആരോപണങ്ങൾ ഒന്നും രാജേഷ് ഖന്നയെ ബാധിച്ചില്ല, എന്നാൽ അതോടെ സബീഹയുടെ കരിയർ തകർന്നു. അനോഖ റിഷ്തയ്ക്ക് ശേഷം വന്ന അവസരങ്ങളെല്ലാം നഷ്ടമായി. നാല് വർഷക്കാലം സബീഹ സിനിമകൾ ഒന്നും ലഭിക്കാതെ ഇരുന്നു.

എന്നാൽ അതൊന്നും സബീഹയെ തളർത്തിയില്ല. അവസരങ്ങൾക്കായി സബീഹ പോരാട്ടം തുടർന്നു. അങ്ങനെയാണ് ബാപ് നംബേരി ബേട്ട ദസ് നംബേരി, ഖിലാഡി തുടങ്ങിയ വിജയചിത്രങ്ങളിലേക്ക് സബീഹ എത്തുന്നത്. ഇതിനപ്പുറം വലിയ ഹിറ്റുകൾ കരിയറിൽ ലഭിച്ചില്ലെങ്കിലും സോനേ കി സഞ്ജീർ, ഖയാമത്ത് കി രാത്, ആജാ സനം തുടങ്ങിയ ഒരുപിടി സിനിമകളിൽ മറക്കാനാവാത്ത ചില വേഷങ്ങൾ അവതരിപ്പിക്കാൻ സബീഹായ്ക്കായി.
തുടർന്ന് സബീഹ സിനിമ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 1995 ൽ പുറത്തിറങ്ങിയ സഞ്ജയ് ദത്ത് നായകനായ ജയ് വിക്രാന്ത ആയിരുന്നു സബീഹയുടെ അവസാന ചിത്രം. സിനിമ ഉപേക്ഷിച്ചതിന് ശേഷം സൗദി എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ച സബീഹ, കുറേക്കാലം എയർ ഹോസ്റ്റസായി ജോലി ചെയ്തു. അവിവാഹിതയായ താരമിപ്പോൾ, അമ്മയെയും നോക്കി മുംബൈയിൽ ശാന്തമായ ജീവിതം നയിക്കുകയാണ്.


Click it and Unblock the Notifications











