ഇനി മിണ്ടാതിരിക്കില്ല, വൃത്തിക്കെട്ട കഥയുമായി വന്നാല്‍ പ്രതികരിക്കും! വ്യാജ വാര്‍ത്തയ്‌ക്കെതിരെ സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ്. ഒടുവില്‍ പുറത്തിറങ്ങിയ അമരന്‍ വലിയ വിജയമായതിന്റെ സന്തോഷത്തിലാണ് സായ് പല്ലവി ഇപ്പോള്‍. തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ സായ് പല്ലവി ഇപ്പോഴിതാ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. രണ്‍ബീര്‍ കപൂറിന്റെ നായികയായി രാമായണത്തിലൂടെയാണ് സായ് ബോളിവുഡില്‍ അരങ്ങേറുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ സായ് പല്ലവി എത്തുന്നത് സീത ആയിട്ടാണ്. സായ് പല്ലവി-രണ്‍ബീര്‍ കപൂര്‍ ജോഡിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം രാമയണിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ചിത്രീകരണത്തിനിടെയുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. സിനിമ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് മാജിക് സൃഷ്ടിക്കുന്ന നടിയാണ് സായ് പല്ലവി. ഓഫ് സ്‌ക്രീനില്‍ തന്റെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു തെറ്റായ വാര്‍ത്തയോട് പ്രതികരിച്ചും സായ് പല്ലവി കയ്യടി നേടുകയാണ്. രാമായണത്തില്‍ സീതയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സായ് പല്ലവി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, തനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്യാനായി പാചക വിദഗ്ധരുടെ സംഘത്തെ താരം കൂടെ കൊണ്ടു നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഈ റിപ്പോര്‍ട്ടിനെതിരെയാണ് സായ് പല്ലവി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സായ് പല്ലവിയുടെ പ്രതികരണം.
''മിക്കപ്പോഴും, ഏതാണ്ട് എല്ലായിപ്പോഴും തന്നെ, എന്തെങ്കിലും ഉദ്ദേശത്തോടെയോ അല്ലാതെയോ (ദൈവത്തിനറിയാം) അടിസ്ഥാനമില്ലാത്ത കിംവദന്തികളും, കെട്ടിച്ചമച്ച നുണകളും, തെറ്റായ പ്രസ്താവനകളും കാണുമ്പോള്‍ ഞാന്‍ മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരുന്നു. കാരണം അവർ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്, നില്‍ക്കാന്‍ ഉദ്ദേശിക്കുന്നേയില്ല. പ്രത്യേകിച്ചും സിനിമകളുടെ റിലീസിന്റേയും അനൗണ്‍സ്‌മെന്റിന്റേയും കരിയറിലെ നല്ല നിമിഷങ്ങളിലൂടെ കടന്നു പോവുകയും ചെയ്യുന്ന സമയത്ത്. ഇനി ഏതെങ്കിലും 'ക്രെഡിബിലിറ്റിയുള്ള' പേജോ മാധ്യമമോ വ്യക്തിയോ കെട്ടിച്ചമച്ച വൃത്തികെട്ട കഥ വാര്‍ത്തയെന്നോ ഗോസിപ്പെന്നോ പറഞ്ഞ് കൊടുക്കുകയാണെങ്കില്‍ ഞാന്‍ സംസാരിക്കുക നിയമത്തിന്റെ ഭാഷയിലാകും. തീര്‍ച്ച'' എന്നായിരുന്നു സായ് പല്ലവിയുടെ ട്വീറ്റ്.

തന്നെക്കുറിച്ചുള്ള വാര്‍ത്തയും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ വിശ്വാസ്യതയില്‍ എനിക്ക് സംശയമുണ്ടെന്നാണ് സായ് പല്ലവി മാധ്യമങ്ങളോടായി പറയുന്നത്. സായ് പല്ലവിയുടെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം താന്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ആണെന്നും എന്നും അത് അങ്ങനെ തന്നെയായിരിക്കും എന്നും സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വലിയ സിനിമയായാണ് രാമായണം ഒരുങ്ങുന്നത്. രണ്ട് പാര്‍ട്ടുകളായാണ് സിനിമ റിലീസ് ചെയ്യുക. ആദ്യ ഭാഗം 2026 ലും രണ്ടാം ഭാഗം 2027 ലും ആയിരിക്കും റിലീസ് ചെയ്യുക. ബ്രഹ്‌മാണ്ഡ ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കെജിഎഫ് താരം യാഷ്, സണ്ണി ഡിയോള്‍, ലാറ ദത്ത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications