പഴയ രോഗാവസ്ഥ തിരിച്ച് വന്നു?, ക്ഷീണിച്ച് അവശനായ നിലയിൽ സൽമാൻ ഖാൻ, പ്രിയതാരത്തിന് എന്ത് സംഭവിച്ചു?; ചർച്ച
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ഏറ്റവും പുതിയ പൊതുപരിപാടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ഡാറ്റാ കലക്ഷൻ ആന്റ് സെഗ്രിഗേഷൻ സപ്പോർട്ട് സെന്റർ (ഐടി സർവർ റൂം) ഉദ്ഘാടനം ചെയ്യാനാണ് താരം എത്തിയത്. ചടങ്ങിനിടെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറുകയും നിരവധി പേരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു താരം.
പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൽമാന്റെ രൂപത്തെയും ആരോഗ്യനിലയെ കുറിച്ചും ചില ആരാധകർ ആശങ്ക പ്രകടിപ്പിച്ചു. അതിന് കാരണം നടന്റെ രൂപത്തിൽ വന്ന മാറ്റം തന്നെയായിരുന്നു. താരത്തിന് വീണ്ടും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ബെയ്ജ് നിറത്തിലുള്ള ഷർട്ടും ജീൻസും ക്യാപ്പും ധരിച്ചായിരുന്നു സൽമാൻ ചടങ്ങിൽ പങ്കെടുത്തത്.

ദീർഘകാലമായി അദ്ദേഹത്തിന്റെ ബോഡി ഗാർഡായി പ്രവർത്തിക്കുന്ന ഷെറയും ഒപ്പമുണ്ടായിരുന്നു. മുഖമെല്ലാം അൽപം മെലിഞ്ഞ് ഒട്ടിയിട്ടുണ്ട്. ശരീരത്തിലും മുഖത്തും അവശതകൾ പ്രകടവുമാണ്. അതിനാലാണ് ആരാധകർ നടന്റെ ആരോഗ്യത്തെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചതും. നടൻ വർഷങ്ങളായി ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി പോരാടിയാണ് ജീവിക്കുന്നത്. അതേ കുറിച്ച് താരം തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ട്രൈജമിനൽ ന്യൂറാൽജിയ എന്ന രോഗാവസ്ഥ തനിയ്ക്കുണ്ടെന്നാണ് നടൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയത്. മുഖത്തെ ട്രൈജമിനൽ നാഡിയെ ബാധിക്കുന്ന അതീവ വേദനാജനകമായ രോഗാവസ്ഥയാണ് ഇത്. മുഖത്ത് വൈദ്യുതാഘാതം പോലെ കഠിനമായ വേദന ഈ രോഗാവസ്ഥയുള്ളവർക്ക് അനുഭവപ്പെടും. സംസാരിക്കുക, ഭക്ഷണം കഴിക്കുക, പല്ലുതേക്കുക, മുഖത്ത് നേരിയ സ്പർശം എന്നിവ പോലും വേദനയ്ക്ക് കാരണമാകാം.
ഈ രോഗം കാരണം വർഷങ്ങളോളം കടുത്ത വേദന അനുഭവിച്ചെന്നും 2011ൽ ശസ്ത്രക്രിയയും ഗാമ നൈഫ് ചികിത്സയും നടത്തിയെന്നും സൽമാൻ ഖാൻ പറഞ്ഞിട്ടുണ്ട്. ചില രോഗികളിൽ വേദന അതീവ തീവ്രമാകുന്നതിനാൽ ഈ രോഗത്തെ സൂയിസൈഡ് ഡിസീസ് എന്നും വിശേഷിപ്പിക്കാറുണ്ട്. കാജോളും ട്വിങ്കിൾ ഖന്നയും അവതാരകരായ ടൂ മച്ച് എന്ന പരിപാടിയിലായിരുന്നു സൽമാൻ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്. 2007ൽ പുറത്തിറങ്ങിയ പാർട്ണർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്ന് സൽമാൻ പറഞ്ഞിരുന്നു.
ഏകദേശം ഏഴര വർഷത്തോളം ഞാൻ ഈ രോഗത്തോടൊപ്പമാണ് ജീവിച്ചത്. നാല്, അഞ്ച് മിനിറ്റുകൾ ഇടവിട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ വേദന വരുമായിരുന്നു. സംസാരിക്കുന്നതിനിടയിലും വേദന അനുഭവപ്പെടും. ഭക്ഷണം കഴിക്കുന്നത് പോലും വലിയ വെല്ലുവിളിയായിരുന്നു. പ്രഭാതഭക്ഷണം കഴിച്ച് തീർക്കാൻ മാത്രം ഒന്നര മണിക്കൂർ വരെ എടുക്കുമായിരുന്നു. അതുകൊണ്ട് പലപ്പോഴും പ്രഭാത ഭക്ഷണത്തിന് ശേഷം നേരെ രാത്രി ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്.

ഒരു സാധാരണ ഓംലറ്റ് പോലും ചവച്ചിറക്കാൻ ബുദ്ധിമുട്ടായിരുന്നു. വേദന സഹിച്ചുകൊണ്ടാണ് ഓരോ ഭക്ഷണവും കഴിച്ചിരുന്നത് എന്നാണ് സൽമാൻ പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും പോലുള്ള സാധാരണ കാര്യങ്ങൾ പോലും രോഗം കാരണം അത്യന്തം വേദനാജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിവസവും ഏകദേശം 750 മില്ലിഗ്രാം വേദന സംഹാരികൾ കഴിച്ചിരുന്നെങ്കിലും അതിൽ നിന്ന് കാര്യമായ ആശ്വാസം ലഭിച്ചിരുന്നില്ലെന്നും സൽമാൻ വെളിപ്പെടുത്തിയിരുന്നു.
ആദ്യഘട്ടത്തിൽ ഈ വേദന പല്ലുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നാണ് ഡോക്ടർമാർ കരുതിയിരുന്നതെന്നും പിന്നീട് വിശദമായ പരിശോധനയിലാണ് ഇത് ട്രൈജമിനൽ നാഡിയുമായി ബന്ധപ്പെട്ട രോഗമാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദ്യപിച്ചതിന് ശേഷം കുറച്ച് സമയത്തേക്ക് വേദന കുറയാറുണ്ടായിരുന്നെങ്കിലും പിന്നീട് വീണ്ടും പഴയതുപോലെ തിരികെ വരുമായിരുന്നു. തുടർച്ചയായി രോഗലക്ഷണങ്ങൾ ആവർത്തിച്ചതോടെയാണ് യഥാർത്ഥ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞത്. തുടർന്ന് ചികിത്സയുടെ ഭാഗമായി സൽമാൻ ഗാമ നൈഫ് സർജറിയ്ക്ക് വിധേയനായി. ശസ്ത്രക്രിയയ്ക്കിടെ മണിക്കൂറുകളോളം മുഖത്ത് പ്രത്യേക സ്ക്രൂകൾ ഘടിപ്പിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ ശസ്ത്രക്രിയയിലൂടെ വേദന 20 മുതൽ 30 ശതമാനം വരെ മാത്രമെ കുറയാൻ സാധ്യതയുള്ളൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ലഭിച്ചത്. ഒടുവിൽ വർഷങ്ങളായി അനുഭവിച്ചിരുന്ന അസഹനീയമായ വേദനയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞു എന്നും സൽമാൻ അന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും കഠിനമായ അനുഭവങ്ങളിലൊന്നാണ് ട്രൈജമിനൽ ന്യൂറാൽജിയയെന്നും വർഷങ്ങളോളം നിരന്തരമായ ശാരീരിക വേദന സഹിക്കേണ്ടി വന്നത് അതീവ പ്രയാസകരമായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
പുതിയ വീഡിയോ വൈറലായതിനെ തുടർന്ന് ആരാധകർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും തന്റെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് സൽമാൻ ഖാൻ ഇതുവരെ പുതിയൊരു പ്രതികരണവും നടത്തിയിട്ടില്ല. ട്രൈജമിനൽ ന്യൂറാൽജിയയെ കുറിച്ച് മുമ്പ് തുറന്നുപറഞ്ഞത് പൊതുജനങ്ങളിൽ ഈ അപൂർവ രോഗാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications


