'അന്ന് സലിം കുമാറിന് പുരസ്കാരം കിട്ടിയതോ?, മമ്മൂട്ടിയും കമൽഹാസനും പിന്നെ ബിജെപിയുടെ മെയിൻ ആളുകളാണല്ലോ'
ദേശീയ പുരസ്കാര പ്രഖ്യാപനം വന്നശേഷം അതിനോടുള്ള വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ രംഗത്ത് എത്തിയത് വലിയ രീതിയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് തഴയപ്പെട്ടതിനെ തുടർന്നാണ് ചന്തു സലിംകുമാർ പ്രതികരിച്ച് എത്തിയത്. ഭരണകക്ഷിയുമായുള്ള അടുപ്പമാണോ പുരസ്കാരങ്ങളുടെ മാനദണ്ഡം? എന്നാണ് താരം ചോദിച്ചത്. ചന്തുവിന്റെ പ്രതികരണത്തെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചും ആളുകൾ എത്തിയിരുന്നു.
അക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2011ൽ കോൺഗ്രസ് ഭരിച്ചത് കൊണ്ടായിരുന്നോ കോൺഗ്രസുകാരനായ താങ്കളുടെ അച്ഛൻ സലിം കുമാറിന് ദേശീയ പുരസ്കാരം കിട്ടിയത് എന്നാണ് കുറിപ്പിലൂടെ യുവതാരത്തെ വിമർശിച്ച് ഫേസ്ബുക്ക് യൂസറായ ഹരി തമ്പായ് ചോദിച്ചത്.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ദേശീയ പുരസ്കാരം ലഭിക്കുന്നതിന്റെ അടിസ്ഥാനം ഭരണകക്ഷിയുമായി ചേർന്ന് നിൽക്കുന്നതാണോ?. മരിച്ചുപോയ നടൻ സലിംകുമാറിന്റെ മകൻ ചന്തുവിനാണ് ഈ സംശയം. അപ്പോൾ 2011ൽ കോൺഗ്രസ് ഭരിച്ചത് കൊണ്ടായിരുന്നോ കോൺഗ്രസുകാരനായ സലിം കുമാറിന് ദേശീയ പുരസ്കാരം കിട്ടിയത് എന്ന് വേണമെങ്കിൽ നമുക്ക് തിരിച്ച് ചോദിക്കാം. പക്ഷെ അത്ര വിവരക്കേട് നമ്മൾ കാണിക്കേണ്ടല്ലോ.
പകരം നമുക്ക് ദേശീയ അവാർഡ് കിട്ടിയ കുറച്ച് ആളുകളേം അവർ ഭരണകക്ഷിയായ ബിജെപിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നോക്കാം. കാർത്തിക്ക് ആര്യന് ബിജെപിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇതുവരെ കണ്ടെത്താൻ പറ്റിയിട്ടില്ല. മമ്മൂട്ടി ഇദ്ദേഹം പിന്നെ ബിജെപിയുടെ മെയിൻ ആളാണല്ലോ. ഡിവൈഎഫ്ഐ വേദികളിലെ സ്ഥിരം സാന്നിധ്യം, കൈരളി ടിവിയിലെ സ്ഥാനം, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണെന്ന് പറഞ്ഞ രാഷ്ട്രീയ നിലപാട്.
അപ്പോൾ പിന്നെ ബിജെപി തന്നെ. നടി യാമി ഗൗതം ധുരന്ദര്‍ നിർമ്മിച്ച ആദിത്യ ധറിന്റെ ഭാര്യയാണ് എന്നതുകൊണ്ട് പിടിച്ച് ബിജെപിക്കാരിയാക്കുമോ എന്നറിയില്ല. മികച്ച ഗായികയായ വൈക്കം വിജയലക്ഷ്മി... ഹാ... വൈക്കം വിജയലക്ഷ്മി ബിജെപിയുടെ വൈക്കത്തെ മണ്ഡലം പ്രസിഡന്റ് ആയിരുന്നു എന്നാണ് അറിവ്. സംവിധായകൻ രാജ്കുമാർ പെരിയസ്വാമി, തമിഴ്നാട്ടിൽ നിന്നുള്ള സംവിധായകൻ ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത ആൾ.
റൈറ്റ് വിങ്ങ് എന്നുപോലും പറയാൻ പറ്റാത്ത രാഷ്ട്രീയ നിലപാടുള്ള ആള്. അതിനേക്കാൾ രസകരം ഇദ്ദേഹത്തിന് അവാർഡ് ലഭിച്ച അമരൻ എന്ന സിനിമയുടെ പ്രൊഡ്യൂസർ കമൽഹാസനാണ് എന്നതാണ്. കമൽഹാസനും ബിജെപിക്കാരൻ ആയിരിക്കും അല്ലേ?. ഇതിന് പുറമെ മികച്ച എഡിറ്റർ, മികച്ച പശ്ചാത്തല സംഗീതം എന്നിവയെല്ലാം ലഭിച്ചിരിക്കുന്നത് അമരൻ എന്ന ഈ കമൽഹാസന്റെ സിനിമയ്ക്കാണ്.

മികച്ച ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ (ഭ്രമയുഗം). ഇത് പിന്നെ എന്തായാലും ബിജെപിക്കാരൻ തന്നെയായിരിക്കും സംശയം വേണ്ട. മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ്) സംശയം വേണ്ട പക്കാ ബിജെപി. ന്യൂനപക്ഷമോർച്ചയുടെ സംസ്ഥാന ചുമതലയുള്ള ആളാണ് എന്നാണ് അറിവ്. ഇനിയും മറ്റുള്ളതിലേക്ക് പോയി കഴിഞ്ഞാൽ ബിജെപിയുടെ ദേശീയ നേതാക്കളെ വരെ കിട്ടിയേക്കും... ലെ?
ഇതിനെല്ലാം പുറമേ ഈ സിനിമകൾ എല്ലാം കണ്ട് അവാർഡ് നിർണ്ണയം നടത്തിയത് ജൂറി ചെയർമാനായ മലയാളി സംവിധായകൻ ജയരാജും ടീമുമാണെന്ന് ഓർക്കണം. കിഷ്കിന്താഖാണ്ഡം പിന്നെ തമിഴിൽ മെയ്യഴകൻ, ജെ ബേബി, ജമാ തുടങ്ങിയ സിനിമകൾ പ്രതീക്ഷിച്ച പല വിഭാഗത്തിലും ഉൾപ്പെടാതെ പോയതിൽ അത്ഭുതമുണ്ട്. അതുപോലെ പുഷ്പാ 2 പോലെ ഒരു ചവർ പടം മികച്ച തിരക്കഥയാണെന്ന് തിരഞ്ഞെടുക്കപ്പെട്ടതിൽ അമർഷവുമുണ്ട്.
അത് ഏതൊരു അവാർഡ് പ്രഖ്യാപനം വന്നാലും സംഭവിക്കാവുന്ന പതിവ് സംഭവങ്ങൾ തന്നെയാണ്. കാരണം ഇത്രമേൽ സിനിമകൾ ഇറങ്ങുന്ന അവസ്ഥയിൽ അങ്ങനെ ഒരു തർക്കം പതിവാണ്. പക്ഷെ എന്ന് കരുതി ഭരണകക്ഷിയുമായി ചേർന്ന് നിൽക്കുന്ന ആളുകൾക്ക് മാത്രമാണ് അവാർഡ് കൊടുക്കുന്നത് എന്നൊക്കെ പറയണമെങ്കിൽ എന്ത് തരം പൊട്ടൻ ആയിരിക്കണം... എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


