എല്ലാ സ്കിറ്റിലും കള്ള് കുടിയൻ, പേര് പോലും പലർക്കും അറിയില്ല, അവരെല്ലാം രക്ഷപ്പെട്ടപ്പോൾ ഇദ്ദേഹത്തെ മറന്നു!
പ്രശാന്ത് പുന്നപ്ര എന്ന് പറഞ്ഞാലല്ല അയ്യപ്പ ബൈജുവെന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് ഈ കലാകാരന്റെ മുഖം മനസിലേക്ക് വരിക. നയന്റീസ് കിഡ്സിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു അയ്യപ്പ ബൈജു. ഒരു കാലത്ത് പ്രശാന്ത് അയ്യപ്പ ബൈജുവായി മിമിക്രി വേദികളിലുണ്ടാക്കിയ ഓളം ചെറുതല്ല. മുഴുകുടിയന്മാർ വരെ തോറ്റുപ്പോവുന്നത്ര ഒർജിനാലിറ്റിയോടെയായിരുന്നു കുടിയനായുള്ള പ്രശാന്തിന്റെ പെർഫോമൻസ്.
ഇപ്പോഴും പലരും വേദികളിൽ കുടിയന്മാരെ അനുകരിക്കുമ്പോൾ ഒരു പരിധി വരെ പാഠപുസ്തകമാക്കുന്നതും പ്രശാന്തിന്റെ അയ്യപ്പ ബൈജുവിനെ തന്നെയാണ്. മിമിക്രി കാണിച്ച് മലയാളികളെ കുടുകുടാ ചിരിപ്പിച്ച പ്രശാന്തിന്റെ ഒരു അഭിമുഖം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരിടവേളയ്ക്കുശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തെ പ്രേക്ഷകർ കാണുന്നത്.

അതുകൊണ്ട് തന്നെ അഭിമുഖം വൈറലായി. കടന്ന് വന്ന വഴികളെ കുറിച്ചും സിനിമാ-സ്റ്റേജ് ഷോ അനുഭവങ്ങളുമെല്ലാം പ്രശാന്ത് അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ഇന്റർവ്യു കണ്ട് പ്രവീൺ കല്യാൺ എന്നയാൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എല്ലാം കൊണ്ടും മികച്ച ഒരു എന്റർടൈനർ ആയിരുന്നു പ്രശാന്തെന്ന് പ്രവീൺ കുറിച്ചു.
ഇന്നത്തെ പല മിമിക്രിക്കാരും വേദികളിൽ ഓഡിയൻസിനെ ഒന്ന് ചിരിപ്പിക്കാൻ വേണ്ടിയിട്ട് കഷ്ടപ്പെടുന്നത് കാണുമ്പോൾ പലപ്പോഴും ഈ വ്യക്തിയെ കുറിച്ച് ഓർക്കാറുണ്ട്. ഇന്റർനെറ്റും ഫേസ്ബുക്കുമൊക്കെ വരുന്നതിന് മുമ്പ് കടയിൽ നിന്ന് കോമഡിഷോകളുടെ സിഡി വാടകയ്ക്ക് എടുത്ത് കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിഡിയിൽ നാൽപ്പത് ശതമാനം നിലവാരം കുറഞ്ഞ സ്‌കിറ്റുകൾ ആയിരിക്കും.
ഒരു ഇരുപത് ശതമാനം പാട്ടുകളായിരിക്കും. ബാക്കി നാൽപ്പത് ശതമാനം കൊണ്ടുപോകുന്നത് ഈ ഒരു പുള്ളിയാണ് അയ്യപ്പ ബൈജു. ഇദ്ദേഹത്തെ കാണാനും ഇദ്ദേഹത്തിന്റെ പെർഫോമൻസ് കാണാനും മാത്രമായിട്ട് ഒരുപാട് സിഡികൾ 20 രൂപ കൊടുത്ത് വാടകക്കെടുത്ത് വന്നിട്ടുണ്ട്. എല്ലാ സ്കിറ്റിലും കള്ള് കുടിയൻ ആയിട്ടാണ് പുള്ളി വരുന്നതെങ്കിലും എത്ര സ്കിറ്റുകൾ കണ്ടാലും നമുക്ക് മതിയാവില്ല.
അല്ലെങ്കിൽ നമുക്ക് മടുപ്പ് വരില്ല. പുള്ളിയുടെ പെർഫോമൻസായാലും സംസാരമായാലും എല്ലാം കൊണ്ടും മികച്ച ഒരു എന്റർടൈനർ ആയിരുന്നു പുള്ളി. കോമഡിയിലെ കള്ള് കുടിയൻ റോൾ ഇത്രയും ജനപ്രിയമാക്കിയത് വളരെ വൃത്തിക്ക് കൈകാര്യം ചെയ്തത് ഓവറാക്കാതെ നമ്മളെ ചിരിപ്പിച്ചത് ഈ പുള്ളിയായിരുന്നു. കാലം മാറി സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ തുടങ്ങിയവരൊക്കെ ഈ സെയിം സ്കിറ്റുകളിലേക്ക് കടന്നുവന്നു.

പിന്നീട് വിസിഡി, സിഡി കാസറ്റുകളുടെ കാലം കഴിഞ്ഞതോടെ ആ കാസറ്റുകൾക്ക് ഒപ്പം ഈ പുള്ളിയും എവിടെയോ പോയി. കുറേയധികം വർഷങ്ങളായിട്ട് ഈ പുള്ളിയെ കാണാറേ ഇല്ല. പുള്ളിയുടെ ശരിയായപേര് പോലും അധികം ആർക്കും അറിയില്ല. അയ്യപ്പ ബൈജു അന്നും ഇന്നും പുള്ളി അയ്യപ്പ ബൈജുവാണ്. കൂടെ വന്നവരും നിന്നവരും പുള്ളിക്ക് ശേഷം വന്നവരും എല്ലാവരും സിനിമയിൽ നല്ല രീതിയിൽ രക്ഷപ്പെട്ടപ്പോൾ ഇദ്ദേഹത്തെ പതിയെ ജനങ്ങളും മറന്നു.
ഇന്ന് യാദൃശ്ചികമായിട്ട് പുള്ളിയുടെ ഒരു ഇൻറർവ്യൂ കണ്ടത്. അപ്പോൾ ഇദ്ദേഹത്തിന് നല്ല പ്രായമായപോലെ തോന്നി. എന്നിരുന്നാലും പുള്ളി മലയാള സിനിമയിലേക്ക് പുള്ളിയെ സ്നേഹിക്കുന്ന പുള്ളിയുടെ ആരാധകർക്കിടയിലേക്ക് ശക്തമായി തിരിച്ച് വരട്ടെ എന്നായിരുന്നു കുറിപ്പ്. ആലീസ് ഇൻ വണ്ടർലാന്റ് അടക്കമുള്ള മലയാള സിനിമകളിൽ പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ നിന്നും പ്രശാന്തിനെ തേടിയെത്തിയത് അത്രയും കുടിയൻ കഥാപാത്രങ്ങളായിരുന്നു. ഒരേ തരം കഥാപാത്രങ്ങൾ തേടി വരാൻ തുടങ്ങിയതോട അത്തരം അവസരങ്ങളോട് നോ പറയുകയായിരുന്നു താരം. അതേസമയം തമിഴിൽ ഏഴോളം പടങ്ങളിൽ പ്രശാന്ത് വേഷമിടുകയും ചെയ്തു.


Click it and Unblock the Notifications


