അവര്‍ക്ക് വേണ്ടത് സെക്‌സി സാമിനെ, സഹായം ചോദിച്ചപ്പോള്‍ എല്ലാവരും മുങ്ങി; വെളിപ്പെടുത്തി സമീറ
ഒരുകാലത്ത് മിന്നും താരമായിരുന്നു സമീറ റെഡ്ഡി. കൈനിറയെ സിനിമകള്‍. സൂപ്പര്‍ താര നായിക, ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സമീറ റെഡ്ഡി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സമീറ റെഡ്ഡി തിരിച്ചുവന്നു. പക്ഷെ സിനിമയിലായിരുന്നില്ല സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സമീറയുടെ തിരിച്ചുവരവ്. തിരിച്ചുവരവില്‍ മുമ്പ് കണ്ടിരുന്ന സമീറയായിരുന്നില്ല അവര്‍.
രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാട് മാറി. അമ്മയായിരുന്നു അപ്പോഴേക്കും സമീറ. മുടിയില്‍ വെള്ളിവരകള്‍ വീണു തുടങ്ങിയിരുന്നു. പക്ഷെ മുമ്പത്തേത്തിലും ആത്മവിശ്വാസം സമീറയ്ക്കുണ്ടായിരുന്നു. സിനിമാ ലോകത്തെ പരമ്പരാഗത സൗന്ദര്യത്തെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു സമീറയുടെ തിരിച്ചുവരവ്. മറയില്ലാത്ത സംസാരവും കലര്‍പ്പില്ലാത്ത തുറന്ന് പറച്ചിലും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയായിരുന്നു തിരിച്ചുവരവില്‍ സമീറ.

മെസി മമ്മ എന്നാണ് സമീറ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സമീറ മനസ് തുറക്കുകയാണ്. ''ഞാന്‍ തിരിച്ചുവരാനും വീണ്ടും സംസാരിക്കാനും തീരുമാനിക്കുമ്പോള്‍ തന്നെ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ വൈകിയാണ് എത്തുന്നത്. ഞാന്‍ എന്തിനെയാണോ നേരിടാനൊരുങ്ങുന്നത് അത് തന്നെയയായിരുന്നു നടന്നിരുന്നത്. എല്ലാം പെര്‍ഫെക്ട് സൗന്ദര്യവും ബെസ്റ്റ് ആംഗിളും ഫില്‍റ്ററുമായിരുന്നു. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി'' സമീറ പറയുന്നു.
''രണ്ടാമത്, എനിക്കിത് എങ്ങനെ എവിടെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു'' എന്നും സമീറ പറയുന്നു. അതിനാല്‍ താന്‍ ചില താരങ്ങളേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഏജന്‍സികളേയുമൊക്കെ ബന്ധപ്പെട്ടു നോക്കിയെന്നും സമീറ പറയുന്നു.
''തിരിച്ചു വന്ന് നുണ പറയാനാകില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ആങ്ക്‌സൈറ്റി അറ്റാക്കുകളുണ്ടാകുണ്ടെന്നും അതുമായി പെരുത്തപ്പെടാന്‍ പാടുപെടുന്നുണ്ടെന്നും എനിക്ക് എക്‌സ്പ്രസ് ചെയ്യണമായിരുന്നു. ഞാന്‍ എല്ലാ ആഴ്ചയും കരയുമായിരുന്നു. എന്റെ ബോഡി ഇമേജിനെപ്പറ്റി ആശങ്കപ്പെടുമായിരുന്നു. ഞാന്‍ ശരിക്കും മെലിഞ്ഞിട്ടാണോ തടിച്ചിട്ടാണോ എന്ന്. ഞാന്‍ ഇതാണെന്ന് എനിക്ക് ബോധ്യപ്പെടുത്തണമായിരുന്നു'' എന്നാണ് സമീ പറയുന്നത്.
എന്നാല്‍ തനിക്ക് തുടക്കത്തില്‍ ലഭിച്ച പ്രതികരണങ്ങള്‍ ഹൃദയഭേദകമായിരുന്നുവെന്നാണ് സമീറ പറയുന്നത്. തുടക്കത്തിലുണ്ടായിരുന്ന കുറച്ച് ഫോളോവേഴ്‌സ് പോലും അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങി. ''അവര്‍ ഓടിക്കളഞ്ഞു. അവര്‍ സെക്‌സി സാമിനെയാണ് പ്രതീക്ഷിച്ചത്. ഞാന്‍ സത്യസന്ധമായി സംസാരിക്കുന്നുവെന്നതിനെ അവര്‍ അഭിനന്ദിച്ചില്ല.'' എന്നാല്‍ തന്നെ മനസിലാക്കുന്നവരെ മതിയെന്ന നിലപാടായിരുന്നതിനാല്‍ അതൊരു നല്ല കാര്യമായാണ് സമീറ കണ്ടത്.

അതേസമയം താന്‍ സഹായത്തിനായി സമീപച്ചപ്പോള്‍ തന്റെ പല സുഹൃത്തുക്കളും തന്നെ അവഗണിച്ചുവെന്നും സമീറ പറയുന്നു. ''ഞാന്‍ പിന്തുണയ്ക്ക് വേണ്ടി ആളുകളെ സമീപിച്ചു. പക്ഷെ ആരും തയ്യാറായില്ല. അവര്‍ എന്നെ അവഗണിച്ചു. ഞാന്‍ ടോപ്പിലായിരുന്നപ്പോള്‍ എന്റെ സുഹൃത്തുക്കളായിരുന്നവരാണ് അവരെല്ലാം'' സമീറ പറയുന്നു. അതേസമയം ചില ഏജന്‍സികള്‍ മലൈക അറോറയെ പോലെയോ, ശില്‍പ ഷെട്ടിയെ പോലെയോ ഉള്ള ഇമേജാണോ തനിക്ക് വേണ്ടതെന്ന് ചോദിച്ചുവെന്നും സമീറ പറയുന്നു.
എന്നാല്‍ രണ്ടും സമീറയുടെ ലക്ഷ്യമായിരുന്നില്ല. തന്റേതായൊരു ഇടം കണ്ടെത്തുക എന്നത് മാത്രമായിരുന്നു സമീറയുടെ ലക്ഷ്യം. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ലെന്നും സമീറ പറയുന്നു. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സമീറ റെഡ്ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സമീറയുടെ വീഡിയോകളിലൂടെ കുടുംബവും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്.


Click it and Unblock the Notifications











