ദിവസം ഒരു ഇഡ്ഡലി മാത്രം കഴിച്ചു, എന്റെ കഷ്ടപ്പാടുകള്‍ ഞാന്‍ ആരേയും അറിയിച്ചില്ല: വെളിപ്പെടുത്തി സമീറ റെഡ്ഡി
ഒരുകാലത്ത് ബോളിവുഡിലും തമിഴിലുമെല്ലാം സജീവമായിരുന്ന നടിയാണ് സമീറ റെഡ്ഡി. ഹിന്ദിയിലൂടെയായിരുന്നു തുടക്കമെങ്കിലും തെന്നിന്ത്യന്‍ സിനിമകളാണ് സമീറയെ താരമാക്കുന്നത്. വാരണം ആയിരം പോലെയുള്ള സൂപ്പര്‍ ഹിറ്റുകളില്‍ സമീറ നായികയായി എത്തി. ഹിന്ദിയിലും ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സമീറ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ സമീറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും പൊള്ളയായ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന താരമാണ് സമീറ റെഡ്ഡി. തന്റെ കരിയറിലെ ദുരനുഭവങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ എങ്ങനെയായിരുന്നു ചിത്രീകരണ സമയത്ത് പട്ടിണി കിടന്നിരുന്നതെന്നും അതിലൂടെ സ്വയം മാനസിക സമ്മര്‍ദ്ദത്തിലേക്ക് കടത്തിവിട്ടതെന്നും തുറന്ന് പറയുകയാണ് സമീറ റെഡ്ഡി.

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീറ മനസ് തുറന്നത്. താന്‍ പാട്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസ ഒരു ഇഡ്ഡലിയും കോഫിയും മാത്രമായിരുന്നു കഴിച്ചിരുന്നതെന്നാണ് താരം വെളിപ്പെടുത്തുന്നത്. ''ഞാന്‍ സ്വയം പട്ടിണി കിടക്കുമായിരുന്നു. ഒരു ദിവസം ഒരു ഇഡ്ഡലി മാത്രമാണ് കഴിച്ചത്. ഒരു ക്ലാസ് കോഫിയും. പ്രത്യേകിച്ച് പാട്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന ദിവസം. എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാന്‍ വേണ്ടിയാണ് പട്ടിണി കിടന്നത്. വളരെ ബുദ്ധിമുട്ടിയ സമയമാണത്. മാനസികമായും വൈകാരികമായും കഠിനമായിരുന്നു. പക്ഷെ ഞാനത് ചെയ്തു'' എന്നാണ് സമീറ പറയുന്നത്.

ചിലര്‍ എന്റെ ശരീരത്തിലും മുഖത്തുമൊക്കെ ശസ്ത്രക്രിയകള്‍ നടത്തി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിലൊന്ന് മാറിടങ്ങളുടെ അടക്കം രൂപം മാറ്റുന്നതിന് വേണ്ടിയുള്ള സര്‍ജറിയായിരുന്നുവെന്നും സമീറ പറയുന്നുണ്ട്. പത്ത് വര്‍ഷം മുന്‍പ് എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും മാറിടങ്ങളുടെ വലിപ്പം കൂട്ടുകയും മൂക്കിന്റെയും മറ്റും ഷേപ്പ് മാറ്റുകയുമൊക്കെ ചെയ്യുന്ന സര്‍ജറികളുടെ പിന്നാലെയായിരുന്നുവെന്ന് സമീറ ഓര്‍ക്കുന്നുണ്ട്.
ഇതിനൊക്കെ പിന്നാലെ ഭ്രാന്തമായി നടന്നവര്‍ നിരവധിയാണ്. എപ്പോഴും എന്റെ നെഞ്ചില്‍ പാഡ് കെട്ടിവെക്കണം. അതുകൊണ്ട് ബ്രെസ്റ്റ് സൈസ് കൂട്ടാന്‍ എന്നോട് നിര്‍ദ്ദേശിച്ചവരുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. എന്നാല്‍ അത് വേണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരു നടിയെന്ന നിലയില്‍ അത് ചെയ്യേണ്ടതുണ്ടോന്ന് ഞാന്‍ തിരിച്ച് ചോദിച്ചിട്ടുണ്ടെന്നും സമീറ പറയുന്നു. എന്തായാലും അങ്ങനൊരു തീരുമാനത്തിലേക് സമീറ പോയില്ല. അതില്‍ തനിക്ക് ദൈവത്തോട് നന്ദിയുണ്ടെന്നും സമീറ പറയുന്നു.

അക്കാര്യത്തിലെല്ലാം ഞാനിപ്പോള്‍ വളരെ കംഫര്‍ട്ടാണ്. അതേ സമയം ഇത്തരത്തില്‍ സര്‍ജറി ചെയ്യുന്ന ഒരുപാട് ആളുകളുണ്ടെന്നും എന്നാല്‍ അതൊക്കെ അവരുടെ മാത്രം തീരുമാനമാണെന്നും സമീറ പറയുന്നു. അങ്ങനെ ചെയ്യുന്നത് അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലെന്നും സമീറ അഭിപ്രായപ്പെടുന്നു. ആരെയും വിധിക്കാന്‍ നമുക്ക് സാധിക്കില്ലെന്നും സമീറ വ്യക്തമാക്കുന്നുണ്ട്.
തന്റെ പത്തൊമ്പതാം വയസ് മുതല്‍ മുടി നരയ്ക്കാന്‍ തുടങ്ങിയിരുന്നുവെന്നും സമീറ റെഡ്ഡി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ താന്‍ ആരേയും അത് അറിയിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്. അതൊക്കെ വലിയ സമര്‍ദ്ദമായിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമായിരുന്നുവെന്നുമാണ് സമീറ പറയുന്നത്

''എന്റെ മുടി പത്തൊമ്പതാം വയസ് മുതല്‍ നരയ്ക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ ഞാനത് ആരേയും കാണിച്ചിരുന്നില്ല. എനിക്ക് തടി കൂടിയെന്ന് ഒരാളെക്കൊണ്ട് പോലും പറയിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. ഞാനത് എപ്പോഴും കുറച്ച് തന്നെ നിര്‍ത്തി. ഇതൊക്കെ വലിയ സമ്മര്‍ദ്ദമായിരുന്നു. പക്ഷെ ആ സമയം അത് ആവശ്യപ്പെട്ടിരുന്നു'' എന്നാണ് സമീറ പറയുന്നത്. 2013 മുതല്‍ക്കെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താന്‍ തിരിച്ചുവരവിനെക്കുറിച്ച ചിന്തിക്കുന്നതായും താരം പറയുന്നുണ്ട്.

''തിരിച്ചുവരുമ്പോള്‍ അത് വേറിട്ടൊരു അനുഭവമായിരിക്കണമെന്നാണ് ആഗ്രഹം. കാരണം എന്നെ ഞാനായിരിക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത്. അത് നല്ലൊരു സാഹചര്യമായിരിക്കുമെന്നുറപ്പാണ്'' എന്നാണ് താരം പറയുന്നത്. തിരിച്ചുവരവ് പ്ലാനുകള്‍ തനിക്കുണ്ടെന്നും സമീറ പറയുന്നുണ്ട്. ഈ വര്‍ഷം തന്നെ താന്‍ തിരിച്ചു വന്നേക്കാമെന്നാണ് സമീറ പറയുന്നത്. ഒടിടിയുടെ വരവോടെ ലഭ്യമാകുന്ന തരം റോളുകള്‍ അവിശ്വസനീയമാണെന്നാണ് സമീറ പറയുന്നത്.


Click it and Unblock the Notifications











