മകളെക്കൊണ്ട് അച്ഛനെ മാമന്‍ എന്ന് വിളിപ്പിച്ച ഭാര്യ; മകളെ അകറ്റാന്‍ ഭാര്യാപിതാവ് ശ്രമിച്ചെന്നും സഞ്ജയ് ദത്ത്
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരമാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് സഞ്ജയ് ദത്ത്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ആരാധകരുടെ സഞ്ജു ബാബ. എന്നാല്‍ സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയെ വെല്ലുന്ന നാടകീയതകൊണ്ട് സമ്പന്നമാണ്.
സഞ്ജയ് ദത്തിന്റെ വിവാഹങ്ങളും പ്രണയങ്ങളുമെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നടി റിച്ച ശര്‍മയാണ് സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ. വളരെ മനോഹരമായ ആ പ്രണയം പക്ഷെ അവസാനിച്ചത് വലിയൊരു ദുരന്തത്തിലാണ്.

ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് സഞ്ജയ് ദത്തും റിച്ച ശര്‍മയും കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലുമായി. ന്യൂയോര്‍ക്കിലാണ് റിച്ച ജനിച്ചതും വളര്‍ന്നതുമെല്ലാം. തന്റെ അച്ഛന്റേയും അമ്മയുടേയും എതിര്‍പ്പുകളെ മറികടന്ന് 1987 ലാണ് റിച്ച സഞ്ജയ് ദത്തിനെ വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ഇരുവരുടേയും മകള്‍ ത്രിഷാല ദത്തും ജനിച്ചു. എല്ലാം നല്ല രീതിയില്‍ പോകവെ സഞ്ജയ് ദത്തിന്റേയും റിച്ചയുടേയും ജീവിതം മാറ്റി മറിച്ച ചില സംഭവങ്ങളുണ്ടായി.
സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വലിയ വിവാദങ്ങളുടെ കാലമായിരുന്നു പിന്നീട്. നടി മാധുരി ദീക്ഷിതുമായി അടുപ്പത്തിലാകുന്നതോടെ റിച്ചയുമായി സഞ്ജയ് ദത്ത് അകലാന്‍ തുടങ്ങി. ഇതിനിടെ 1993ല്‍ നിയമവിരുദ്ധമായി ആയുധം കയ്യില്‍ വച്ചതിന് സഞ്ജയ് ദത്ത് അകത്തായി. ഈ സമയമാണ് റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തുന്നത്. ചികിത്സയ്ക്കായി റിച്ച ന്യൂയോര്‍ക്കിലേക്ക് പോയി.
ഇതോടെ സഞ്ജയ് ദത്തിന് ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കും തിരിച്ചും സ്ഥിരമായി യാത്ര ചെയ്യേണ്ടതായി വന്നു. ഇതിനിടെ റിച്ചയെ സഞ്ജയ് ദത്ത് അവഗണിക്കുകയാണെന്ന് റിച്ചയുടെ മാതാപിതാക്കള്‍ ആരോപിക്കുകയുണ്ടായി. മാധുരിയുമായുള്ള പ്രണയ വാര്‍ത്തകളും വിവാദങ്ങള്‍ക്ക് കൊഴുപ്പേകി. അധികം വൈകാതെ റിച്ചയും സഞ്ജുവും പിരിയാന്‍ തീരുമാനിച്ചു.
റിച്ചയും സഞ്ജയ് ദത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് മകള്‍ തന്നെ അമ്മാവന്‍ എന്നാണ് വിളിക്കുന്നതെന്ന് സഞ്ജയ് ദത്ത് തിരിച്ചറിയുന്നത്. ഈ സമയം സഞ്ജയ് ഇന്ത്യയിലും റിച്ചയും മകളും ന്യൂയോര്‍ക്കിലുമാണ് താമസിച്ചിരുന്നത്. ഈ ്അകലം അച്ഛനേയും മകളേയും വല്ലാതെ അകറ്റിയിരുന്നു.
''എനിക്ക് കടുത്ത ദേഷ്യമുണ്ടായി. ഞാന്‍ റിച്ചയോട് അതേക്കുറിച്ച് ചോദിച്ചു. ഞാന്‍ അടുത്തില്ലെങ്കിലും എന്റെ മകളുടെ ചിന്തകളില്‍ എന്നേക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തേണ്ടത് റിച്ചയുടെ ഉത്തരവാദിത്തമല്ലേ? ഞാനാണ് നിന്റെ സാഹചര്യത്തിലെങ്കില്‍, നിന്റെ ഓര്‍മ്മകളെ ജീവനോടെ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു എന്ന് ഞാന്‍ റിച്ചയോട് പറഞ്ഞു. അവള്‍ ഒരിക്കലും അത് ചെയ്തില്ല'' എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. റിച്ചയുടെ മാതാപിതാക്കള്‍ക്കെതിരെയും സഞ്ജയ് ദത്ത് ആരോപണം ഉന്നയിക്കുന്നുണ്ട്.

''അവള്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടക്കുമ്പോള്‍ അവളുടെ അച്ഛനും അമ്മയും എന്റെയടുത്ത് വന്നു. ത്രിഷാലയെ ഇനിയെന്ത് ചെയ്യുമെന്ന് ചോദിച്ചു. എന്ത് ചെയ്യാനാണെന്ന് ഞാന്‍ ചോദിച്ചു. അവര്‍ ത്രിഷാലയെ നോക്കിക്കോളാമെന്ന് പറഞ്ഞു. നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്. റിച്ച ഇപ്പോഴും ജീവനോടെയുണ്ട്. അവള്‍ മരിച്ചിട്ടില്ല. നിങ്ങളുടെ പ്രയോരിറ്റി നിങ്ങളുടെ മകളായിരിക്കണം ഇപ്പോള്‍ എന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.
തന്നേയും മകളേയും അകറ്റാന്‍ റിച്ചയുടെ അച്ഛനും അമ്മയും ശ്രമിച്ചതായാണ് സഞ്ജയ് ദത്ത് ആരോപിക്കുന്നത്. അതേസമയം റിച്ചയും സഞ്ജയ് ദത്തും ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചിരുന്നില്ല. അതിന് മുമ്പ് തന്നെ റിച്ചയെ തേടി രോഗമെത്തി. 1996ലാണ് റിച്ച മരണപ്പെടുന്നത്. അന്ന് അത്ര അടുപ്പത്തിലായിരുന്നില്ലെങ്കിലും സഞ്ജയ് ദത്തും മകളും ഇന്ന് വളരെ അടുപ്പത്തിലാണ് കഴിയുന്നത്. സഞ്ജയ് ദത്ത് പിന്നീട് വിവാഹിതനാവുകയും ചെയ്തു.


Click it and Unblock the Notifications











