നിങ്ങള്‍ക്ക് ആളുമാറി, ഇതല്ല ശരിക്കും സാറ! ശുബ്മന്റെ കാമുകി 'സാറ' ആരെന്ന് വെളിപ്പെടുത്തി സാറ അലി ഖാന്‍
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ പ്രമുഖ സംവിധായകനായ കരണ്‍ ജോഹര്‍ അവതാരകനായ പരിപാടിയിലെത്തുന്നതെല്ലാം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്. കോഫി വിത്ത് കരണില്‍ അതിഥിയാവുക എന്നത് തന്നെ നേട്ടമായാണ് ബോളിവുഡ് കരുതുന്നത്. അതേസമയം വിവാദങ്ങളുടേയും പ്രിയ ഷോ ആണ് കോഫി വിത്ത് കരണ്‍.
ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണുമായി എത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. എട്ടാം സീസണിന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമായിരുന്നു. ആദ്യ എപ്പിസോഡ് വന്‍ ഹിറ്റായി മാറുകയും ചെയ്തു. രണ്ടാമത്തെ എപ്പിസോഡില്‍ താര സഹോദരന്മാരായ ബോബി ഡിയോളും സണ്ണി ഡിയോളുമാണ്. ഇരുവരും തങ്ങളുടെ കരിയറില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ മൂന്നാമത്തെ എപ്പിസോഡും എത്തുകയാണ്. മൂന്നാമത്തെ എപ്പിസോഡിലെ അതിഥികള്‍ സാല അലി ഖാനും അനന്യ പാണ്ഡെയുമാണ്. താരപുത്രിമാരായ ഇരുവരും ബോളിവുഡില്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സാറയും അനന്യയും ആദ്യമായാണ് കോഫി വിത്ത് കരണില്‍ ഒരുമിച്ച് എത്തുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോ രസകരമായൊരു എപ്പിസോഡായിരിക്കും ഇതെന്ന സൂചന നല്‍കുന്നുണ്ട്.
രസകരമായ പല വെളിപ്പെടുത്തലുകളും സാറയും അനന്യയും കോഫി വിത്ത് കരണില്‍ നടത്തുന്നുണ്ട്. പരിപാടിക്കിടെ സാറയോട് കരണ്‍ ജോഹര്‍ നീയും ശുബ്മാന്‍ ഗില്ലും ഡേറ്റിംഗിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് സാറയെ മാറിപ്പോയി, ലോകം മുഴുവന്‍ തെറ്റായ സാറയുടെ പിന്നാലെയാണ് എന്നായിരുന്നു സാറയുടെ മറുപടി. പിന്നാലെ അനന്യയ്ക്ക് ഉള്ളത് സാറയ്ക്ക് ഇല്ലാത്തതുമായ ഒരു കാര്യം എന്ന് ചോദിക്കുമ്പോള്‍ സാറ നല്‍കുന്ന മറുപടി നൈറ്റ് വാച്ച്മാന്‍ എന്നാണ്.
അനന്യയും നടന്‍ ആദിത്യ റോയ് ചോപ്രയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദിത്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഷോ ആണ് ദ നൈറ്റ് മാനേജര്‍. അനന്യയും ആദിത്യയും തമ്മില്‍ പ്രണയത്തിലാണെന്ന് സാറ പറയാതെ പറഞ്ഞതാണെന്നാണ് ആരാധകരും സോഷ്യല്‍ മീഡിയയും കരുതുന്നത്. നേരത്തെ ആദിത്യയും അനന്യയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം ശുബ്മന്‍ ഗില്ലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരേയും ഈയ്യടുത്ത് നടന്നൊരു പരിപാടിയില്‍ ഒരുമിച്ച് കണ്ടിരുന്നു. പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ സാറ എത്തുകയും ചെയ്തിരുന്നു. സാറ ടെണ്ടുല്‍ക്കറും ശുബ്മന്‍ ഗില്ലും തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. സച്ചിന്‍ മകളായ സാറ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇതിനോടകം തന്നെ സിനിമാ താരങ്ങളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്.
സര ഹട്ട്‌കെ സര ബച്ച്‌കെ ആണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യേ വതന്‍ മേരെ വതന്‍, മെട്രോ ഇന്‍ ദിനോം, മര്‍ഡര്‍ മുബാറക്ക് തുടങ്ങിയ സിനിമകളാണ് സാറയുടേതായി അണിയറയിലുള്ളത്. ഡ്രീം ഗേള്‍ 2 ആണ് അനന്യയുടെ ഒടുവിലിറങ്ങിയ സിനിമ. ഖോ ഗയേ ഹം കഹാം, കണ്‍ട്രോള്‍, ശങ്കരാ തുടങ്ങിയ സിനിമകളാണ് അനന്യ പാണ്ഡെയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











